അക്ഷരവീട് ‘ഥ’ അപ്പു മുട്ടറക്ക് സമർപ്പിച്ചു
text_fieldsനെടുമ്പന (കൊല്ലം): അക്ഷരവീട് പദ്ധതിയിലെ പുതിയ ഭവനം എഴുത്തിലും അഭിനയ-കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയനായ അപ്പു മുട്ടറക്ക് സമർപ്പിച്ചു. മലയാളത്തിന്‍റെ മധുരാക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയുടെ 35ാമത് ഭവനമായ ‘ഥ’ ആണ് കൊല്ലം നെടുമ്പനയിൽ നടന്ന ചടങ്ങിൽ അപ്പു മുട്ടറക്ക് നൽകിയത്. മാധ്യമം സി.ഇ.ഒ പി.എം. സാലിഹിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുണ്ടറ എം.എൽ.എ പി.സി. വിഷ്‌ണുനാഥ് അപ്പു മുട്ടറക്ക് ഭവനവും പ്രശസ്തിപത്രവും കൈമാറി.
നെടുമ്പന പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജകുമാരി പൊന്നാടയണിയിച്ചു. പഞ്ചായത്തംഗം അനിൽകുമാർ, മാധ്യമം ജില്ല രക്ഷാധികാരി അനീഷ് യൂസുഫ്, മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ജില്ല കോഓഡിനേറ്റർ ഡോ. അയൂബ് ഖാൻ എന്നിവർ ആശംസ നേർന്നു. ഭവന നിർമാണത്തിനായി പ്രവർത്തിച്ച മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ ഇല്ല്യാസ് കരുവ, ഹാബി ഇൻഡസ്ട്രിയൽ കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ സമദ് കണ്ണനല്ലൂർ, കോൺട്രാക്ടർ എൽ. ബിജുകുമാർ എന്നിവർക്ക് പി.എം. സാലിഹ് ഉപഹാരം സമർപ്പിച്ചു.
മാധ്യമം തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ് സ്വാഗതവും കൊല്ലം ബ്യൂറോ ചീഫ് എം. ഷറഫുല്ലാഖാൻ നന്ദിയും പറഞ്ഞു. കുരീപ്പള്ളി സലീം, കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ, നാസിമുദ്ദീൻ ലബ്ബ, ബിജു പഴങ്ങാലം, പ്രസന്ന രാമചന്ദ്രൻ, ശിവദാസൻ, ഹാഷിം, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, സുരേഷ് സിദ്ദാർഥ, യൂസുഫ് കുഞ്ഞ്, പി.ജെ. ഉണ്ണികൃഷ്ണൻ, അഡ്വ. കെ.പി സജിനാഥ്, ശശിധരൻ കുണ്ടറ, സിറാജ് കണ്ണനല്ലൂർ, വി. സുരേന്ദ്രൻ, ഇ.കെ.സിറാജുദ്ദീൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി. സുധാകരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ മേഖലകളിലായി 35 പ്രതിഭകൾക്കുള്ള അക്ഷരവീടുകൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഇതിനകം സമർപ്പിച്ചു. കൊല്ലം ജില്ലയിലെ രണ്ടാമത്തെ അക്ഷരവീടാണിത്. അധ്യാപന രംഗത്തുള്ള അപ്പു മുട്ടറ ‘നമുക്കൊന്ന് മിണ്ടാം’, വെളിച്ചം വന്നുപറഞ്ഞത്, ‘മരണത്തിന്റെ ബാക്കി’ കവിത സമാഹാരങ്ങളുൾപ്പെടെ അഞ്ച് പുസ്തകങ്ങളുടെ രചയിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.