തക്ബീർ ധ്വനികളുയർന്ന സി.എസ്.ഐ ദേവാലയ മുറ്റം
text_fieldsമഞ്ചേരി: മതേതരത്വത്തിന്റെ മഹനീയ മാതൃക തീർത്ത കാഴ്ചയായിരുന്നു കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ മഞ്ചേരിയിൽ കാണാനായത്. ചരിത്രമുറങ്ങുന്ന ഏറനാടൻ തലസ്ഥാന നഗരിയിൽ തലയുയർത്തിനിൽക്കുന്ന ക്രിസ്ത്യൻ ദേവാലയമുറ്റം ഈദ്ഗാഹിനും സാക്ഷിയായി.
പെരുന്നാൾ ദിവസം തക്ബീർ ധ്വനികളാൽ മുഖരിതമായിരുന്നു മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയൽ ദേവാലയ മുറ്റം. ഇതരമതസ്ഥരോട് വെറുപ്പും വിദ്വേഷവും മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഇതാണ് കേരളത്തിന്റെ മാതൃകയെന്ന് മഞ്ചേരി വിളിച്ചുപറഞ്ഞു.
മുൻ വർഷങ്ങളിലെല്ലാം ചുള്ളക്കാട് യു.പി സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംയുക്ത ഈദ്ഗാഹ് നടന്നിരുന്നത്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രമായതിനാൽ ഈദ്ഗാഹിന് അനുമതി ലഭിച്ചില്ല. ഒട്ടേറെ സ്ഥലങ്ങൾ സംഘാടകർ അന്വേഷിച്ചെങ്കിലും ഒരുപാട് ആളുകളെ ഉൾക്കൊള്ളുന്ന സ്ഥലം കണ്ടെത്താനായില്ല. ഇതോടെയാണ് കമ്മിറ്റി ഭാരവാഹികൾ ചർച്ച് അധികൃതരുമായി സംസാരിച്ചത്.
അവർക്ക് മറുത്തൊന്നും ആലോചിക്കേണ്ടിവന്നില്ല. സി.എസ്.ഐ ചർച്ച് മലബാർ മഹാ ഇടവക ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടറിന്റെ അനുമതിയോടെ ഫാ. ജോയ് മാസിലാമണി പള്ളിക്കവാടം മുസ്ലിംകൾക്കായി തുറന്നു നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ പള്ളിമുറ്റത്തേക്ക് ഒഴുകി.
ചരിത്രത്തിലാദ്യമായി ക്രിസ്ത്യൻ പള്ളിയങ്കണത്തിൽ അവർ മുസല്ല വിരിച്ച് നാഥന് മുന്നിൽ സാഷ്ടാംഗം നമിച്ചു. കൈകൾ മുകളിലേക്കുയർത്തി പ്രാർഥിച്ചു. മൈക്കിലൂടെ തക്ബീർ ധ്വനികൾ മുഴങ്ങുമ്പോൾ മറുഭാഗത്ത് സാക്ഷിയായി പള്ളി വികാരി ജോയ് മാസിലാമണി ഉൾപ്പെടെ ഇതരമത സഹോദരങ്ങളുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.