പെയ്തിറങ്ങി, ഒരുമയുടെ ആഘോഷപ്പൂരം
text_fieldsകോട്ടക്കൽ: ആയുർവേദത്തിന്റെ സുഗന്ധമൂറുന്ന കോട്ടക്കലിന്റെ തിരുമുറ്റത്ത്, അവിസ്മരണീയമായി ഒരുമയുടെ മഹോത്സവം. മാനവികതയുടെയും സൗഹാർദപ്പെരുമയുടെയും ആഘോഷരാവിൽ സംഗീതം മഞ്ഞുകണങ്ങളായി പെയ്തിറങ്ങി. മാധ്യമം ഹാർമോണിയസ് കേരളയുടെ കേരളത്തിലെ ആദ്യ എഡിഷനെ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പാട്ടും ചിരിയും പറച്ചിലുമായി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയുർവേദ കോളജ് മൈതാനത്ത് വിസ്മയങ്ങൾ തീർത്തു. പ്രത്യേകം തയാറാക്കിയ വിശാലമായ വേദിയിൽ കലയുടെ വർണവിസ്മയങ്ങൾ ആസ്വാദകരെ ആവേശത്തിമിർപ്പിലാക്കി. പാട്ടിന്റെ ലഹരിയിൽ കലാപ്രേമികൾ മനസ്സുനിറഞ്ഞാടി.
ലോകോത്തര നിലവാരത്തിലുള്ള ആഘോഷവേദിയിൽ യുവഗായകക്കൂട്ടം കലയുടെ കോട്ടകൾ പൊളിച്ച് പുതുചരിത്രമെഴുതി. കണ്ണിനും കാതിനും ഇമ്പമേറിയ സംഗീതപ്രകടനങ്ങളിൽ ആസ്വാദക ഹൃദയങ്ങൾ നിറഞ്ഞു. യുവഗായകരായ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരെല്ലാം മികച്ചുനിന്നു. അവതാരകനും നടനുമായ മിഥുൻ രമേശും പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ സദസ്സിന്റെ മനംകവർന്നു.
ഹാർമോണിയസ് കേരളയുടേത് മഹത്തായ സന്ദേശം -സമദാനി എം.പി
കോട്ടക്കൽ: ഹാർമോണിയസ് കേരളയിലൂടെ കാലം ആവശ്യപ്പെടുന്ന ദൗത്യമാണ് മാധ്യമം ഏറ്റെടുത്തതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഹാർമോണിയസ് കേരള മെഗാഷോ കേരള എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ചുറ്റുവട്ടത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ ഈ സംരംഭത്തിന്റെ പ്രസക്തി മനസ്സിലാവും.
എത്രമാത്രം വൈരവും വിദ്വേഷവുമാണ് ഈ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. കാരുണ്യവാനായ ദൈവം വൈരുധ്യങ്ങളെ പ്രകൃതമാക്കിക്കൊണ്ടാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ഉൾക്കൊള്ളാനും ബഹുസ്വരതയെ അംഗീകരിക്കാനും ആദരിക്കാനും കഴിയണം. അത് മാനവികതയുടെ അനിവാര്യതയാണ്. ഹാർമോണിയസ് കേരളയുടെ ആദ്യത്തെ എഡിഷൻ മലപ്പുറത്ത് തുടങ്ങാൻ തീരുമാനിച്ച, പ്രത്യേകിച്ച് കോട്ടക്കലിനെ തെരഞ്ഞെടുത്തതിൽ സംഘാടകരെ അഭിനന്ദിക്കുകയാണ്. മലയാള ഭാഷയുടെ ചരിത്രത്തിലേക്ക് കടന്നാൽ സാഹിത്യകാരന്മാരുടെ നാടാണ് മലപ്പുറം. സൗഹൃദത്തിന് പര്യായപദമുണ്ടെങ്കിൽ പരസ്പര സാഹോദര്യത്തിന്, മൈത്രിക്ക് സമാന ശബ്ദമുണ്ടെങ്കിൽ ഒരു സമവായമുണ്ടെങ്കിൽ അതിന്റെ പേരാണ് മലപ്പുറം. അപരത്വ നിർമിതിയുടെ കാലമാണ്. ഓരോ കാരണങ്ങൾ ഉണ്ടാക്കി ആളുകളെ അകറ്റാനും പച്ചക്ക് വർഗീയത പറയാനും ആളുകൾ ഓരോന്ന് കണ്ടെത്തുന്ന കാലമാണിന്ന്. അങ്ങനെയുള്ള കാലത്ത് എല്ലാവരും സൗഹൃദം പറഞ്ഞു കൊണ്ടിരിക്കണം. അതിന് മാധ്യമത്തിന്റെ ഈ പരിപാടി വലിയ ഒരു പ്രേരണയാണെന്നും സമദാനി പറഞ്ഞു.
ഇളക്കിമറിച്ച് യുവഗായകക്കൂട്ടം
മാമാങ്കസ്മരണകളുണർത്തുന്ന പാട്ടുമായാണ് സംഗീതനിശക്ക് അരങ്ങുണർന്നത്
കോട്ടക്കൽ: ആയുർവേദനഗരത്തെ ഇളക്കിമറിച്ച് യുവഗായകക്കൂട്ടം. മാധ്യമം ഹാർമോണിയസ് കേരള സംഗീതനിശ സ്നേഹവിരുന്നായി. മലപ്പുറത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതിയാണ് നിശക്ക് തുടക്കമായത്. മാമാങ്കസ്മരണകളുണർത്തുന്ന പാട്ടുമായാണ് സംഗീതനിശക്ക് അരങ്ങുണർന്നത്.
മാപ്പിളപ്പാട്ട് രചയിതാവ് മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകളും ആഘോഷരാവിന് മാറ്റുകൂട്ടി. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ജാസിം, അക്ബർ, സിജു പാടിയ ഏതുണ്ട് കാൽപന്തല്ലാതെ എന്നു തുടങ്ങുന്ന ഗാനം ഫുട്ബാൾ ആരാധകരെ ഹരംകൊള്ളിച്ചു. നജീം അർഷാദിന്റെ എന്തേ ഇന്നും വന്നില്ല, നന്ദന പാടിയ ഡമാ ദം, അക്ബർ പാടിയ ചാന്ദ് ശിഫാരിഷ്, ജസീം പാടിയ യാ ആലി, ക്രിസ്റ്റലയുടെ മൊഞ്ചത്തി, സൂരജിന്റെ ആരാധികേ തുടങ്ങിയ ഗാനങ്ങൾ സദസ്സിന് കുളിരേകുന്നതായിരുന്നു. ഓരോ ഗാനവും കൈയടികളോടെയാണ് സ്വീകരിച്ചത്. മാധ്യമം ഹാർമോണിയസ് കേരളക്കായി പ്രത്യേകം തയാറാക്കിയ തീം സോങ്ങും സദസ്സ് ഇരുകൈയും നീട്ടി സ്വീകരിച്ചു.
കാതുകളിലേക്ക് ഒഴുകിപ്പരന്ന് സൂരജ്
കാത്തിരുന്നു പെയ്തൊരു മഴ പോലെയായിരുന്നു ആ പാട്ടുകൾ. മലയാളികളുടെ പ്രിയ ഗായകൻ സൂരജ് സന്തോഷിന്റെ സ്വരമാധുരി മാധ്യമം ‘ഹാർമോണിയസ് കേരള’ വേദിയിൽ തിരമാലകളായി അലയടിച്ചു. പാട്ടിന്റെ ചടുലതാളം സംഗീതാസ്വാദകരെ വിസ്മയംകൊള്ളിച്ചു. സൂരജിന്റെ മധുരസ്വരങ്ങൾക്ക് കൗമാരലോകം താളമിട്ടു. കേൾക്കാൻ കൊതിച്ച പാട്ടുകൾ ആസ്വാദകരുടെ കാതുകളിലേക്ക് ഒഴുകിപ്പരന്നു. സൂരജിന്റെ സംഗീതസ്വരങ്ങൾ, കലാപ്രേമികളുടെ ഹൃദയംതൊട്ടു. മെലഡിയുടെ താളഭംഗി വേദിയാകെ അലമാലകളായി. സൂരജിന്റെ മാന്ത്രികാലാപനം ആയുർവേദ കോളജ് മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സംഗീതലഹരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംഗീതസംവിധായകൻകൂടിയായ സൂരജ് വേറിട്ട ഗാനങ്ങളിലൂടെയാണ് സംഗീതാസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നത്. കൊല്ലം സ്വദേശിയായ സൂരജ് സന്തോഷിന് ഗപ്പി എന്ന സിനിമയിലെ ആലാപനത്തിന് 2016ലെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.