ഒരു നാട്, ഒരായിരം കഥകൾ...
text_fieldsകോട്ടക്കൽ: ഭയാശങ്കകളുടെ മഴമേഘം മൂടിക്കെട്ടിയ വർത്തമാനകാലത്ത്, നാടിന്റെ ഒരുമയും സ്നേഹവും വിളംബരംചെയ്യാൻ അവർ ഒത്തുകൂടി. മലപ്പുറത്തുകാരുടെ ഉറവ വറ്റാത്ത നന്മകൾ അവർ അയവിറക്കി. മഹിതമായ മാനവിക പാരമ്പര്യത്തിൽ ഊറ്റംകൊണ്ടു. ഐക്യത്തിന്റെ നേരനുഭവങ്ങൾ വാഴ്ത്തിപ്പറഞ്ഞു.
ജില്ലയുടെ സാഹോദര്യവും ഒത്തൊരുമയും വിളിച്ചോതിയ ഹാർമോണിയസ് കേരള വേദിയിൽ ‘ഒരു ദേശത്തിന്റെ കഥ’എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഒരുമയുടെ സംഗമത്തിലാണ് പ്രമുഖർ അനുഭവങ്ങൾ പങ്കിട്ടത്. മലപ്പുറത്തിന്റെ, മതസൗഹാർദത്തിന്റെ അടയാളമെന്ന് ജനങ്ങൾ അടയാളപ്പെടുത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,
ആയുർവേദത്തെ ലോകത്തിനു മുന്നിലെത്തിച്ച കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ക്രൈസ്തവ പുരോഹിതനും സാംസ്കാരിക-സാമുദായിക മുഖവുമായ ഫാ. ജോസഫ് കളത്തിൽ എന്നിവരാണ് ‘ഒരു ദേശത്തിന്റെ കഥ’യിൽ ഒത്തുചേർന്നത്. മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ മോഡറേറ്ററായിരുന്നു.
സൗഹൃദം മലപ്പുറത്തിന്റെ പാരമ്പര്യം -സാദിഖലി തങ്ങൾ
സൗഹൃദത്തിന്റെ കേന്ദ്രമാണ് മലപ്പുറം. ഇത് നമ്മുടെ പാരമ്പര്യമാണ്. കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന് ഭരണകൂടം കൂട്ടുനിൽക്കുന്നത് ഉചിതമല്ല. ഭരണകൂടങ്ങൾ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കേരളത്തിൽ എല്ലാ കാര്യങ്ങളിലും ഒന്നിച്ചുനിൽക്കാറാണ് പതിവ്. അത് ഇന്നും തുടർന്നുപോരുകയാണ്. വർഗീയ ചേരിതിരിവുകളെ ഒന്നിച്ച് എതിർത്ത് മുന്നോട്ടുപോകുന്നത് സന്തോഷം നിറഞ്ഞ കാര്യമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ‘ഒരു ദേശത്തിന്റെ കഥ’സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വർഗീയ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ മാധ്യമങ്ങളടക്കം എതിർക്കുന്നത് മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിൽ തന്നെ സൗഹാർദത്തിന് ഒരുപാട് മാതൃകകളുണ്ട്. കോട്ടക്കലിലെ പാലപ്പുറ പള്ളിയിൽ പ്രസംഗപീഠം നിർമിച്ച് നൽകിയത് വൈദ്യരത്നം പി.എസ്. വാര്യരാണ്. പൊന്നാനി പള്ളി സന്ദർശിച്ച് അതേ മാതൃകയിലാണ് പാലപ്പുറയിൽ നിർമിച്ച് നൽകിയത്. മലപ്പുറത്ത് ക്രിസ്ത്യൻ പള്ളി നിർമിക്കാനുള്ള നീക്കം തടഞ്ഞപ്പോൾ അതിനെ എതിർത്ത് അവർക്ക് നിർമിക്കാൻ സഹായവുമായി മുന്നോട്ട് വന്നത് തന്റെ പിതാവാണ്. ഇതിനായി നഗരസഭയിൽനിന്ന് അനുമതി വാങ്ങിക്കൊടുക്കുന്നതുവരെ അവരോടൊപ്പമുണ്ടായിരുന്നു. സ്നേഹത്തിന്റെ പാലത്തിലൂടെ കൈകോർത്ത് ഇനിയും മുന്നോട്ടുപോകണം. ആരെയും അറിഞ്ഞോ അറിയാതെയോ പാലത്തിൽനിന്ന് തള്ളിയിടാതെ ശ്രദ്ധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
വിഭാഗീയത ഇല്ലാത്ത നാട് -ഡോ. പി.എം. വാര്യർ
വിഭാഗീയ ചിന്തയൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ പറഞ്ഞു. വിവിധ മതസ്ഥരായ ധാരാളം സുഹൃത്തുകൾ തനിക്കുണ്ട്. ആയുർവേദ ഡോക്ടർ എന്ന നിലക്ക് തന്നെ സമീപിക്കുന്നവരിലധികവും മുസ്ലിംകളാണ്. ആര്യവൈദ്യശാലയിലേക്ക് കാലങ്ങളായി പച്ചമരുന്നുകൾ നൽകുന്നത് 40 മുസ്ലിം കുടുംബങ്ങളാണ്. ആര്യവൈദ്യശാലക്ക് എന്താണോ വേണ്ടത് അത് ചെയ്തുതരുന്നവരാണ് അവർ. ആരോപണങ്ങൾ പലതും ഉണ്ടാവാം. അതൊന്നും സത്യമാവണമെന്നില്ല. ജില്ല നിലവിൽവന്നശേഷം വൻ പുരോഗതിയാണ് മലപ്പുറത്തിനുണ്ടായത്.
വിദ്യാഭ്യാസരംഗത്ത് നമ്മൾ മുൻപന്തിയിലേക്ക് പോകുകയാണ്. 1921ൽ അസ്വസ്ഥതകൾ ഉണ്ടായി എന്നത് ശരിയാണ്. അന്ന് മാപ്പിളപോരാളികൾക്ക് താമസസൗകര്യവും ഭക്ഷണവും നൽകിയത് പി.എസ്. വാര്യർ ആയിരുന്നു. എവിടെയും വിഭാഗീയത ഉണ്ടെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഡോ. പി.എം. വാര്യർ പറഞ്ഞു.
മലപ്പുറം നൽകുന്നത് പോസിറ്റിവ് എനർജി -ഒ. അബ്ദുറഹ്മാൻ
ജനങ്ങളുടെ പരസ്പര ബന്ധങ്ങളാണ് മലപ്പുറത്തിന്റെ പോസിറ്റിവ് എനർജിയെന്ന് ‘മാധ്യമം’ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. 1958ൽ ശാന്തപുരം ഇസ്ലാമിയ കോളജിൽ വിദ്യാർഥിയായി വന്നപ്പോൾ മുതൽതന്നെ മലപ്പുറത്തെ സാമൂഹികജീവിതത്തെ താൻ നിരീക്ഷിച്ചിരുന്നു. മനസ്സിലാക്കിയതിൽനിന്നും ഏറെ വ്യത്യസ്തമായിരുന്നു അനുഭവം. കൊടികുത്തിയ ദാരിദ്ര്യമായിരുന്നു അക്കാലത്ത്. ഓടിട്ട വീടുകൾ അപൂർവമായിരുന്നു. ഇപ്പോൾ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അധ്വാനിക്കാനുള്ള ഇവിടത്തെ ജനങ്ങളുടെ വാഞ്ഛയാണ് മലപ്പുറത്തെ മാറ്റങ്ങൾക്ക് കാരണമായത്.
എവിടെ പോയാലും സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനൊപ്പം നാടിന്റെ പുരോഗതിക്കും അവർ അത്യധ്വാനം ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുടിയേറിയ മലപ്പുറത്തുകാർ നാടിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ചു. മാപ്പിള ലഹളയെക്കുറിച്ച് മുൻധാരണകൾ ഉണ്ടാകാം. എന്നാൽ, തെക്കൻ ജില്ലകളിൽനിന്നും മലപ്പുറത്ത് ജോലി ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥർ റിട്ടയർ ചെയ്തശേഷവും ഇവിടെ തുടരുന്നുവെന്നത് മലപ്പുറത്തിന്റെ മഹിമയാണ് വിളിച്ചോതുന്നത്. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മലപ്പുറം ഒരിക്കലും വഴങ്ങിയിട്ടില്ല. വർഗീയ അതിക്രമങ്ങളൊന്നും ഈ ജില്ലയിൽ നടന്നിട്ടില്ല. ഏതെങ്കിലും അർഥത്തിൽ പൊലീസിന് ഇടപെടേണ്ടിവരുന്ന ക്രമസമാധാനത്തകർച്ച മലപ്പുറത്ത് ഉണ്ടായിട്ടില്ലെന്നും ഒ. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി.
സാഹിത്യലോകത്തേക്ക് മഹാരഥന്മാരെ സംഭാവന നൽകിയ മണ്ണ് -കെ.പി. രാമനുണ്ണി
സാഹിത്യരംഗത്തേക്ക് ഒരുപാട് മഹാരഥന്മാരെ സംഭാവന നൽകിയ മണ്ണാണ് മലപ്പുറം. അവരെല്ലാം സ്നേഹത്തിന്റെയും സൗഹോദര്യത്തിന്റെയും വക്താക്കളായിരുന്നെന്ന് കെ.പി. രാമനുണ്ണി. മലയാളത്തിന്റെ ഭാഷാപിതാവിന്റെ നാടാണിത്. ഭൂമിശാസ്ത്രപരമായിതന്നെ നദീതട സംസ്കാരം നിലനിർത്തിപ്പോന്ന മണ്ണുകൂടിയാണിത്. പൊന്നാനി അതിന്റെ കേന്ദ്രംകൂടിയാണ്. താനൊരു മലപ്പുറത്തുകാരനായതിൽ ഏറെ അഭിമാനമുണ്ട്. സാഹിത്യകാരന്മാരുടെ നീണ്ട നിര മലപ്പുറത്തിനുണ്ട്. ഇതുപോലെതന്നെ മലപ്പുറത്തിന്റെ സൗഹോദര്യത്തിന് ഒരുപാട് മാതൃകകളുണ്ട്. കോട്ടക്കൽ പി.എസ്. വാര്യർ, പാണക്കാട് കുടുംബം അടക്കം നിരവധി മാതൃകകളും ഇന്നുണ്ട്. ഇത് ഇനിയും തുടരും. മലപ്പുറം സൗഹൃദത്തിന്റെ ഇടമാണ്. ഇത് പുറംലോകത്തേക്ക് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കണം.
മതിലുകളല്ല, പാലങ്ങൾ പണിയണം -ഫാ. ജോസഫ് കളത്തിൽ
ഇന്ന് പലപ്പോഴും ആശയപരമായും അല്ലാതെയും മതിലുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മതിലുകളല്ല, പാലങ്ങളാണ് പണിയേണ്ടത്. കേരളം സൗഹാർദത്തിന്റെ വലിയ മാതൃകയാണ്. പരസ്പര സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും മാതൃക ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുന്നതിൽ മഹത്തായ പങ്കുവഹിക്കാൻ കേരളത്തിനായെന്ന് ഫാ. ജോസഫ് കളത്തിൽ പറഞ്ഞു. ഒരു ദേശത്തിന്റെ കഥ എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ കൊച്ചുപതിപ്പാണ് മലപ്പുറം. മലപ്പുറത്തിന്റെ സൗഹാർദം മാതൃകാപരമാണ്. ഒന്നര വർഷം താൻ ഇവിടെ താമസിച്ചിരുന്നപ്പോൾ ആ സ്നേഹം നേരിട്ടനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ അന്യരുമായുള്ള സംഭാഷണമോ സ്നേഹസംഭാഷണമോ ഇന്ന് നിലച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിലുൾപ്പെടെ. അതൊരു ഭീഷണിതന്നെയാണ്. ഓരോ സമുദായത്തിലുള്ളവർതന്നെ ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമം ഉണ്ടാവണമെന്നും അത് വളരെ പ്രധാനപ്പെട്ടതാണെന്നും ഫാദർ ജോസഫ് കളത്തിൽ അഭിപ്രായപ്പെട്ടു.
‘മാധ്യമം’ മാനവികത മുറുകെപ്പിടിച്ച പത്രം -വി.എം. ഇബ്രാഹിം
മാധ്യമം ദിനപത്രം മാനവികതക്കും സൗഹാർദത്തിനുംവേണ്ടി എന്നും നിലകൊള്ളുമെന്ന് എഡിറ്റർ വി.എം. ഇബ്രാഹിം. മാധ്യമം ഹാർമോണിയസ് കേരള മെഗാഷോ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമം പിറവിയെടുക്കുന്ന സന്ദർഭത്തിൽ, പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ മലയാളിക്ക് ഉറപ്പുനൽകിയത് മനുഷ്യരുടെ പത്രമാണ് ഇതെന്നാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഈ നിലപാടിലൂന്നിയാണ് ‘മാധ്യമം’ നിലകൊണ്ടത്. തുടർന്നും ഇതേ നിലപാട് തുടരുമെന്ന് ഇബ്രാഹിം ഉറപ്പുനൽകി.
ക്രിസ്മസ് രാവിൽ ഒഴുകിയെത്തി വൻ ജനാവലി
ക്രിസ്മസ് രാവിൽ ഹാർമോണിയസ് കേരളക്ക് വലിയ ജനപിന്തുണ. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകൾ ഒഴുകിത്തുടങ്ങി. അഞ്ചോടെ പരിപാടികൾക്ക് തുടക്കമായി. ഇതോടൊപ്പംതന്നെ സദസ്സിലൊരുക്കിയ ഇരിപ്പിടങ്ങൾ ഏകദേശം നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആവേശത്തോടെയാണ് ഹാർമോണിയസ് കേരളയെ വരവേറ്റത്. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ പ്രത്യേകം സംവിധാനമൊരുക്കിയിരുന്നു.
വിശിഷ്ടാതിഥികൾക്ക് ആദരം
മലപ്പുറത്തിന്റെ സാഹോദര്യം വിളംബരംചെയ്യുന്ന ‘മാധ്യമം’ ഹാർമോണിയസ് കേരളയുടെ വിവിധ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായെത്തിയ പ്രമുഖർക്ക് മെമന്റോ സമ്മാനിച്ചു. ഡോ. പി.എം. വാര്യർക്കുള്ള മെമന്റോ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാനും സാദിഖലി ശിഹാബ് തങ്ങൾ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ഫാ. ജോസഫ് കളത്തിൽ, മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ എന്നിവർക്കുള്ള മെമന്റോ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും സമ്മാനിച്ചു. മൈജി റീജനൽ ബിസിനസ് മാനേജർ എ.കെ. സമീർ, ശീമാട്ടി ക്രാഫ്റ്റഡ് ജനറൽ മാനേജർ രമ്യ, കൈരളി ടി.എം.ടി മാർക്കറ്റിങ് ഹെഡ് റാഷിഫ്, ഹൈലൈറ്റ് ഗ്രൂപ് സീനിയർ മാനേജർ അബ്ദുൽ റസാഖ്, സുപ്രീം ഏജൻസീസ് എം.ഡി അടാട്ടിൽ പോക്കർ ഹാജി, സുപ്രീം ഫർണിച്ചർ ഏരിയ സെയിൽസ് മാനേജർ ബാബു രമേശ്, മെജസ്റ്റിക് ജ്വല്ലേഴ്സ് ഡയറക്ടർ അഹമ്മദ് പൂവിൽ, കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. കബീർ, നെക്സ കെ.വി.ആർ ഓട്ടോ മാൾ പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് ഹെഡ് അഭിലാഷ് എന്നിവർക്കുള്ള മെമന്റോ അബ്ദുസ്സമദ് സമദാനി എം.പി സമ്മാനിച്ചു.
കോട്ടക്കൽ സീനത്ത് സിൽക് ആൻഡ് സാരീസ് എം.ഡി അബ്ദുൽ സമദ് പുല്ലാട്ട്, ഹോംസ്റ്റെഡ് സി.ഇ.ഒ അൻവർ സാദത്ത്, ഡയറക്ടർ പി.എ. സലാം ലില്ലി, പീക്ലൂൺ ക്രിയേഷൻസ് എം.ഡി നൗഫൽ, ആഹാ ഇവന്റ്സ് ആൻഡ് കേറ്ററിങ് എം.ഡി എം.സി. മുഹമ്മദ്, എസ്-വ്യാസ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കേരള മാർക്കറ്റിങ് ഇൻ ചാർജ് റിയാസ് മുഹമ്മദ് എന്നിവർക്കുള്ള മെമന്റോ മാധ്യമം ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.