ഹോം മിനിസ്റ്റർ; 'ഇഷ്ടം'പോലെ ചെയ്യാം
text_fieldsകോവിഡ് ലോകത്തെ വീടിനകത്താക്കിയിട്ട് മാസം ഏഴായി. പ്രതിസന്ധിഘട്ടമാണെങ്കിലും ഇൗ വീട്ടിലിരിപ്പുകാലംകൊണ്ട് കൈവരിക്കാവുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ വേണ്ടെന്നു വെക്കേണ്ടതില്ല. പറഞ്ഞുവരുന്നത്, അൽപസമയം നമ്മുടെ ഇഷ്ടങ്ങൾക്കായി മാറ്റിവെക്കാൻ പറ്റിയ സമയംകൂടിയാണ് ഇതെന്നാണ്. സമയമില്ല, പിന്നീടാവാം എന്നു കരുതി മാറ്റിവെച്ച ഇഷ്ടങ്ങൾ എല്ലാവർക്കുമില്ലേ.
മുടങ്ങിയ നൃത്തച്ചുവടുകൾ, മറന്ന ഈണങ്ങൾ, നിറംമങ്ങിയ ചായക്കൂട്ടുകൾ അങ്ങനെ തിരക്കിനിടയിൽ നമ്മൾ മറന്നുവെച്ച താൽപര്യങ്ങൾ ഒന്നു തിരിച്ചെടുക്കാം. പാതി വായിച്ചുമടക്കിയ പുസ്തകങ്ങൾ നിവർത്താം. ഇനി ഈ പ്രായത്തിലോ എന്ന് മടിച്ചുനിൽക്കേണ്ട. ആഗ്രഹങ്ങൾ സഫലമാക്കാൻ തീരുമാനിച്ചാൽ പ്രായം നമ്പർ മാത്രമാണെന്നല്ലേ അനുഭവസ്ഥർ പറയുന്നത്.
മനസ്സുണ്ടെങ്കിൽ ഓൺലൈനിലുണ്ട്
നൃത്തം, സംഗീതം തുടങ്ങി എല്ലാ കലകളും പഠിക്കാൻ ഇപ്പോൾ ഓൺലൈനുണ്ട്. മിക്ക കലാപഠനകേന്ദ്രങ്ങളും ഓൺലൈൻ ക്ലാസിലേക്കു മാറി. ഗൗരവമായ നൃത്തപഠനം ഉദ്ദേശിക്കുന്നുവെങ്കിൽ യൂട്യൂബിൽ ഒന്നു തിരഞ്ഞാൽ മതി. അടിസ്ഥാന പാഠങ്ങൾ തൊട്ട് അവിടെയുണ്ട്. പ്രശസ്ത അധ്യാപകർതന്നെ അവരുടെ ക്ലാസുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഏതെങ്കിലും പ്രത്യേക ഗുരുവിൽനിന്നുതന്നെ അഭ്യസിക്കണം എന്നാണെങ്കിൽ അവരുടെ ഓൺലെൻ ക്ലാസുകളെ സമീപിക്കാം. സംഗീതം, ചിത്രരചന, ഉപകരണസംഗീതം തുടങ്ങിയവക്കും ഓൺലൈൻ ക്ലാസുകളുണ്ട്. ചിത്രരചനക്ക് അഭിരുചി പ്രധാനമാണ്.
തുടക്കക്കാർക്ക് നിറങ്ങൾ ചാലിക്കുന്നതിെൻറയും വിവിധ മാധ്യമങ്ങൾ എങ്ങനെ, ഏതൊക്കെ ചിത്രങ്ങൾക്ക് ഉപയോഗിക്കാമെന്നതിെനക്കുറിച്ചും വിവരണങ്ങൾ ലഭ്യമാണ്. സംശയങ്ങൾക്ക് അധ്യാപകരെ നേരിട്ടു ബന്ധപ്പെടാം. വാട്സ്ആപ് ഗ്രൂപ്പുകളിൽ ചർച്ചകളും ആവാം. പഠിച്ചുകഴിഞ്ഞാൽ വെർച്വൽ അരങ്ങേറ്റവും ആവാം.
പുറത്തെടുക്കാം കരവിരുത്
ക്രാഫ്റ്റ് വർക്കുകൾക്കും ഇത് പൂക്കാലമാണ്. വലിച്ചെറിയുന്ന കുപ്പികൾ നിറംകൊടുത്ത് മനോഹരമാക്കി അലങ്കാരവസ്തുക്കളാക്കാം. കുറച്ച് കടലാസും പശയും നിറങ്ങളുമുണ്ടെങ്കിൽ വിവിധ രൂപങ്ങൾ നിർമിക്കാം. വീടിനകത്ത് ഇഷ്ടമുള്ള നിറങ്ങൾ പെയൻറ് ചെയ്യാം.
ചുവരിൽ ഇഷ്ടമുള്ള ചിത്രങ്ങൾ വരക്കാം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ, ചെരിപ്പ്, ടയർ, മുട്ടത്തോട് എന്നിവകൊണ്ടൊക്കെ പൂന്തോട്ടത്തിൽ പരീക്ഷണമാകാം. മുറ്റത്തൊരു പച്ചക്കറിത്തോട്ടം ഒരുക്കാം. അധികം സ്ഥലമൊന്നും അതിനു വേണ്ട. ടെറസും ബാൽക്കണിയുമൊക്കെ ഉപയോഗിക്കാം. സംശയത്തിന് ഓൺലൈൻ പരതാം.
വായിക്കാം, ഭാഷകൾ പഠിക്കാം
കോവിഡ്കാലം പലരെയും വായനയിലേക്കും എഴുത്തിലേക്കും തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഷെൽഫിൽ അടുക്കിവെച്ച പുസ്തകങ്ങളെല്ലാം വായിക്കാനും കൂടുതൽ പുസ്തകങ്ങൾ തേടി പോവാനും ഇഷ്ടംപോലെ സമയമുണ്ട്. പുറത്തുപോയി വാങ്ങണമെന്നില്ല. ഓൺലൈനായി ബുക്ക് ചെയ്താൽ വീട്ടിൽ കിട്ടും.
ഓൺലൈനിൽ പുസ്തകങ്ങൾ വായിക്കാനും അവസരങ്ങളുണ്ട്. വായന തുടങ്ങിയാൽ എഴുത്തും പിറകെ വരും. വിവിധ ഭാഷകൾ പഠിക്കാനും ഈ സമയം വിനിയോഗിക്കാം. വാട്സ്ആപ് വഴി വ്യക്തിഗത പരിശീലനം നൽകുന്ന സ്ഥാപനങ്ങളും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.