വീണ്ടും കർഷകനായി കൃഷിമന്ത്രി; മാധ്യമം 'സമൃദ്ധി' പദ്ധതിക്ക് ഉജ്വല തുടക്കം
text_fieldsതിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വീണ്ടും കർഷകനായി രംഗത്തിറങ്ങി; 'മാധ്യമ'വും സംസ്ഥാന കൃഷിവകുപ്പും ചേർന്നൊരുക്കുന്ന 'സമൃദ്ധി' പദ്ധതിക്കായി. ഒൗദ്യോഗിക വസതിക്ക് ചുറ്റും മന്ത്രിയൊരുക്കിയ കൃഷിത്തോട്ടം 'സമൃദ്ധി; നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിയുടെ ലളിത ഗംഭീര തുടക്കത്തിന് വേദിയായി.
എറണാകുളത്തിെൻറകൂടി ചുമതലയുള്ള മന്ത്രി സുനിൽകുമാർ ആലുവയിൽനിന്ന് വെള്ളിയാഴ്ച അർധരാത്രിയാണ് ഒൗദ്യോഗിക വസതിയായ 'ഗ്രേസി'ലെത്തിയത്. രാവിലെ പതിവുപോലെ ലുങ്കിയും ബനിയനും ധരിച്ച് പച്ചക്കറിത്തോട്ടത്തിലേക്കിറങ്ങി. കായ്ച്ച മീറ്റർ പയർ, ചുവന്ന െവണ്ട, ആനക്കൊമ്പൻ വെണ്ട, ചേമ്പ്, ചേന, മഞ്ഞൾ, ഇഞ്ചി, കപ്പ, കപ്പലണ്ടി, പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, മുന്തിരി, വാഴ, പേര, തക്കാളി എന്നിവയോടൊക്കെ കിന്നാരം പറഞ്ഞും പാകമായവ വിളവെടുത്തും മന്ത്രി തനി കർഷകനായി. കൂട്ടിന് സഹായി കൊടകര സ്വദേശി സുരേന്ദ്രനും.
കാർഷികരംഗത്തെ സ്വയംപര്യാപ്തതക്ക് 'മാധ്യമം' നടത്തുന്ന ചുവടുവെപ്പ് പ്രധാനപ്പെട്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിയിൽ ഒാരോ മലയാളിയും മുന്നിട്ടിറങ്ങേണ്ട സമയമായി. അങ്ങനെയേ സ്വയംപര്യാപ്ത കാർഷിക കേരളമെന്ന സ്വപ്നം യാഥാർഥ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
'സമൃദ്ധി'യുടെ ലോഗോ പ്രകാശനം ചെയ്ത മന്ത്രി, 'മാധ്യമം' വായനക്കാർക്ക് കൃഷി വകുപ്പിെൻറ ഒാണസമ്മാനമായ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. 'ഒാണത്തിന് ഒരുമുറം പച്ചക്കറി' എന്ന സംസ്ഥാന സർക്കാറിെൻറ പദ്ധതിയുടെ വിളംബരമെന്ന നിലക്ക്, സ്വന്തം തോട്ടത്തിൽനിന്ന് വിളവെടുത്ത ഒരുമുറം പച്ചക്കറി സാക്ഷിയാക്കിയായിരുന്നു വിത്ത് വിതരണോദ്ഘാടനം.
'മാധ്യമം' മീഡിയാ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, തിരുവനന്തപുരം റസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ എന്നിവർ സംബന്ധിച്ചു.കേരളത്തിൽ ആദ്യമായാണ് ഒരു ദിനപത്രത്തിെൻറ മുഴുവൻ വരിക്കാർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നത്. 'മാധ്യമം' നടപ്പാക്കുന്ന 'സമൃദ്ധി' പദ്ധതിയുടെ ഭാഗമായി വായനക്കാർക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വിത്ത് പാകുന്നതിെൻറയും അടുക്കളത്തോട്ടം പരിപാലിക്കുന്നതിെൻറയും ചിത്രങ്ങൾ, വിഡിയോ എന്നിവ 'മാധ്യമം' ഫേസ്ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ഒാൺലൈനിലും പ്രസിദ്ധീകരിക്കും. മികച്ച വിഡിയോകൾക്കും ചിത്രങ്ങൾക്കും സമ്മാനമുണ്ട്.
പത്രത്തിനൊപ്പം വിത്തും
സ്വയം പര്യാപ്ത അടുക്കളയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഈ മഹാമാരിക്കാലത്ത് വായനക്കാരുടെ അടുക്കളത്തോട്ട പരിശ്രമങ്ങൾക്കിതാ 'മാധ്യമം' നൽകുന്ന ചെറു പ്രോത്സാഹനം. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് മാധ്യമം നടപ്പാക്കുന്ന 'സമൃദ്ധി: നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി വെണ്ട, പയർ, ചീര വിത്തുകൾ ഇന്ന് പത്രത്തിനൊപ്പം വായനക്കാർക്ക് സൗജന്യമായി നൽകുന്നു.(വിത്തുകളും വിശദവിവരങ്ങളും വാരാദ്യമാധ്യമം 'സമൃദ്ധി' പ്രത്യേക പതിപ്പിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.