'മാധ്യമ'ത്തിന്റേത് ചരിത്രപരമായ ഇടപെടൽ -വെങ്കിടേഷ് രാമകൃഷ്ണൻ
text_fieldsകോഴിക്കോട്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ സമൂഹത്തിൽ ചരിത്രപരമായ ഇടപെടലാണ് 'മാധ്യമം' നടത്തിയതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഫ്രണ്ട് ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ. മാധ്യമത്തിന്റെ 36ാം പിറന്നാൾ ദിനത്തിൽ വിവിധ മേഖലയിൽ അംഗീകാരം കരസ്ഥമാക്കിയ ജീവനക്കാരെ ആദരിക്കുന്ന 'വി ഹഗ്സ്' പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളിൽ പ്രത്യയശാസ്ത്ര പരിമിതികൾക്കകത്തുനിന്ന് മികച്ച പ്രവർത്തനം നടത്താനാകുമെന്നതിന്റെ ഉദാഹരണമാണ് മാധ്യമം. കേരളത്തിൽ സവിശേഷമായ സംവേദന ശീലം വളർത്താൻ പത്രത്തിന് സാധിച്ചിട്ടുണ്ട്. പുതിയ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് കൂടുതൽ സമഗ്രമായി മുന്നോട്ടു പോകാൻ മാധ്യമത്തിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
മാധ്യമ സ്വാതന്ത്ര്യം സമ്മർദത്തിലാകുമ്പോൾ ജനാധിപത്യം പ്രതിസന്ധിയിലാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. വൻകിട മാധ്യമങ്ങൾപോലും പ്രലോഭനങ്ങൾക്ക് വിധേയമാവുകയും സത്യം മറച്ചുവെക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്യം വിളിച്ചുപറഞ്ഞ് മാധ്യമം മുന്നോട്ടുപോകും. നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും മാധ്യമം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും സത്യം തുറന്നുപറയുകയാണ് മാധ്യമത്തിന്റെ ദൗത്യമെന്ന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ തണലിൽ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമത്തിന്റെ സ്ഥാപക നേതാക്കളായ കെ.സി. അബ്ദുല്ല മൗലവി, കെ.എ. സിദ്ദീഖ് ഹസൻ എന്നിവരെ അനുസ്മരിച്ച ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇനിയും ചക്രവാളങ്ങളിലേക്ക് പറക്കാൻ മാധ്യമത്തിനാകുമെന്ന് പ്രത്യാശിച്ചു.
മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഐ.പി.ടി വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ സമാപനം നിർവഹിച്ചു. വിവിധ തുറകളിൽ അംഗീകാരം കരസ്ഥമാക്കിയ ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജലി, ഐ.പി.ടി അംഗം വി.എ. കബീർ തുടങ്ങിയവർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.