2730 ഏക്കർ ആദിവാസി ഭൂമി റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് തീറെഴുതി കരാർ
text_fieldsതിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് അട്ടപ്പാടിയിലെ ആദിവാസി ഭൂമി തീറെഴുതി കരാർ. 1980നുശേഷം കേരളം കണ്ട ഏറ്റവും വലിയ ആദിവാസി ഭൂമി കൈയേറ്റമാണിത്. ആദിവാസികൾ അറിയാതെ അവരുടെ ഫാമിങ് സൊസൈറ്റിയുടെ 2730 ഏക്കർ ഭൂമി 26 വർഷത്തേക്ക് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് കൈമാറുന്ന സർക്കാർ സ്പോൺസേർഡ് കരാർ തിങ്കളാഴ്ച ഇറങ്ങുന്ന മാധ്യമം ആഴ്പ്പതിപ്പ് ചുരുളഴിക്കുന്നു.
ചിണ്ടക്കി, പോത്തുപാടി, കരുവാര, വരടിമല എന്നീ നാല് കൃഷി ഫാമുകളുടെ ഭൂമിയാണ് തൃശൂരിൽ മുണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ.എ ഹോംസ് എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന് ബി.ഒ.ടി അടിസ്ഥാനത്തിൽ കൈമാറുന്നത്.
2019 ഫെബ്രുവരിയിൽ ഒപ്പിട്ട കരാർ ഇതുവരെ പാലക്കാട് കലക്ടർ കണ്ടിട്ടില്ല. കലക്ടർ അറിയാതെ ഒറ്റപ്പാലം സബ് കലക്ടറാണ് കരാറിെൻറ എല്ലാ ഫയലും നീക്കിയതെന്നറിയുന്നു. 420 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 1975ൽ തുടങ്ങിയതാണ് ഇൗ ഫാമുകൾ. അവിടെ ഇപ്പോൾ ആയിരം കുടുംബങ്ങൾ എങ്കിലുമായി. ഇവരുടെ കാർഷികജീവിതം മെച്ചപ്പെടുത്താൻ അടിസ്ഥാന സൗകര്യം ഒരുക്കേണ്ട സർക്കാറാണ് കൃഷിഭൂമി റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറിയത്.
ഒറ്റപ്പാലം മുൻ സബ് കലക്ടർ പാലാക്കാരനായ ജെറോമിക് ജോർജാണ് കരാറിെൻറ സൂത്രധാരൻ. അദ്ദേഹമിപ്പോൾ സ്പോർട്സ് വകുപ്പിൽ ഡയക്ടറാണ്.
റിയൽ റിയൽ എസ്റ്റേറ്റ് സംഘത്തിലെ തൃശൂർ മണ്ണൂർ സ്വദേശികളായ കെ.വി. അനൂപ്, കെ.വി. അശോകൻ, വി.കെ. ലതീഷ് എന്നിവരാണ് കരാർ ഒപ്പിട്ടത്.
സബ് കലക്ടർ ചെയർമാനും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിലെ മൂന്നുപേരും അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസറും ഫാമിങ് സൊസൈറ്റി സെക്രട്ടറിയും തെരഞ്ഞെടുക്കുന്ന ഒരു ആദിവാസിയും ഉൾപ്പെട്ട കമ്മിറ്റിക്ക് കീഴിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കാനെന്ന പേരിലാണ് ഭൂമി കൈമാറിയത്.
ഫാമിലെ 50 ആദിവാസികൾ ഒപ്പിട്ട ഹരജി അഡ്വ.കെ.എസ്. മധുസൂദനൻ ഹൈകോടതിയിൽ സമർപ്പിച്ചതോടെ രണ്ടുമാസത്തേക്ക് കരാർ സ്റ്റേ ചെയ്തിരുന്നു.
കരാർ ഒപ്പിട്ടതുമുതൽ വരടിമല ഫാമിൽ റിയൽ എസ്റ്റേറ്റ് സംഘം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പട്ടികവർഗ ഡയറക്ടറേറ്റിലും കരാർ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.