'മാധ്യമം ആഴ്ചപ്പതിപ്പ്' രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
text_fieldsകോഴിക്കോട്: 'കണ്ടു നിൽക്കുകയല്ല, ഇടപെടുകയാണ്' എന്ന മുദ്രാവാക്യവുമായി കാൽനൂറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ ഇടപെടലുകളെ അടയാളപ്പെടുത്തുന്ന പ്രദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചിത്രകാരന്മാരുടെയും ശിൽപികളുടെയും തത്സമയ രചന അരങ്ങേറും. തുടർന്ന്, 'ക്രൈസിസ് ഓഫ് മീഡിയ അറ്റ് ദി ടൈം ഓഫ് പോപുലിസം ആൻഡ് പാൻഡമിക്' എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടക്കും. 'മീഡിയ വൺ' എഡിറ്റർ പ്രമോദ് രാമൻ മോഡറേറ്ററാകും. പ്രമുഖ മാധ്യമ പ്രവർത്തകരായ വിനോദ് കെ. ജോസ് (ദി കാരവൻ), എം.കെ. വേണു (ദി വയർ), എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്), ആർ. രാജഗോപാൽ (ദി ടെലഗ്രാഫ്), ബി.ആർ.പി ഭാസ്കർ, 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, എം. സുചിത്ര എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് രണ്ടിന് 'മീറ്റ് ദി ആർടിസ്റ്റ്' സെഷനിൽ സുധീഷ് കോട്ടേമ്പ്രം, കബിത മുഖോപാധ്യായ, കെ. സുധീഷ് എന്നിവർ പങ്കെടുക്കും. എഴുത്തുകാരൻ വി. മുസഫർ അഹമ്മദ് മോഡറേറ്ററാകും. വൈകീട്ട് മൂന്നിന് നടക്കുന്ന 'മീറ്റ് ദി റൈറ്റേഴ്സ്' പരിപാടിയിൽ മാധ്യമം മുൻ പിരിയോഡിക്കൽസ് എഡിറ്റർ പി.കെ. പാറക്കടവ് അധ്യക്ഷത വഹിക്കും.
പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ സഈദ് നഖ്‍വി, കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ എഴുത്തനുഭവങ്ങൾ പങ്കുവെക്കും. എമിൽ മാധവി എഴുതി കുമാർ അവതരിപ്പിക്കുന്ന 'കുമരു' ഏകാംഗ നാടകവും അരങ്ങേറും.
വൈകീട്ട് 4.30നാണ് രജത ജൂബിലി പ്രഖ്യാപന സമ്മേളനം. 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ജൂബിലി പ്രഖ്യാപനം നടത്തും. ജ്ഞാനപീഠം ജേതാവ് ദാമോദർ മൗജോയാണ് മുഖ്യാതിഥി. ആഴ്ചപ്പതിപ്പ് വെബ്മാഗസിൻ പ്രകാശനം സഈദ് നഖ്‍വി നിർവഹിക്കും. 'മാധ്യമം' ബുക്സ് പ്രസിദ്ധീകരിക്കുന്ന മൗജോയുടെ കഥാസമാഹാരത്തിന്റെ പ്രകാശനവും നടക്കും.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികളെ വേദിയിൽ പ്രഖ്യാപിക്കും. ടി. പത്മനാഭൻ, സി. രാധാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, വി.കെ. ഹംസ അബ്ബാസ്, ടി.ഡി. രാമകൃഷ്ണൻ, എസ്. ഹരീഷ്, വി.ടി. അബ്ദുല്ലക്കോയ, കെ.കെ. ബാബുരാജ്, രാജേശ്വരി നായർ, വി.എം ഇബ്രാഹീം, ഫ്രാൻസിസ് നൊറോണ, വി.എ. കബീർ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
6.30ന് ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും നയിക്കുന്ന സംഗീത പരിപാടി അരങ്ങേറും. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സംഗീതജ്ഞരുടെ ഓർമക്കായാണ് 'മായാഗീതങ്ങൾ' എന്ന പേരിൽ സംഗീത നിശ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.