പൊരുതുന്ന എഡിറ്റർമാർ ചോദിക്കുന്നു: ഏതാണ് മഹാമാരി?
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരിയുടെയും ഭരണകൂട അടിച്ചമർത്തലിന്റെയും കാലത്ത് മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ സമഗ്രമായി ചർച്ചചെയ്ത് മാധ്യമ സെമിനാർ. 'മാധ്യമം' ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാർ രാജ്യത്തെ പൊരുതുന്ന എഡിറ്റർമാരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയശേഷം സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങൾക്ക് കഷ്ടകാലമാണെന്ന് സെമിനാറിൽ പങ്കെടുത്തവർ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങളും അവരും എന്ന നിലയിൽ സമൂഹത്തെ ഭരണകൂടം വിഭജിച്ചിരിക്കുകയാണ്. ന്യൂസ്റൂമുകളെ അരാഷ്ട്രീയവത്കരിക്കുകയാണ്. മാധ്യമങ്ങൾ വഴിയും അല്ലാതെയും ഭരണകൂടത്തെയോ അവരുടെ ആശയങ്ങളെയോ ചോദ്യംചെയ്യുന്നവർ ദേശവിരുദ്ധരായി മാറുന്നു. സർക്കുലേഷനും വ്യൂവർഷിപ് റേറ്റിങ്ങും ഉയരുന്നതു മാത്രമല്ല നല്ല മാധ്യമസ്ഥാപനത്തിന്റെ ലക്ഷണമെന്നും അഭിപ്രായമുയർന്നു.
മാധ്യമപ്രവർത്തകരെ രാജ്യദ്രോഹക്കേസുകളിലടക്കം കുടുക്കുന്നതും ചർച്ചയായി. മലയാളിയായ സിദ്ദീഖ് കാപ്പനെ ജയിലിലടച്ച യു.പി സർക്കാറിന്റെ നടപടി ഭരണകൂടങ്ങളുടെ ശത്രുതാപരമായ നടപടിക്ക് ഉദാഹരണമാണ്. വികസനം എന്ന വാക്ക് ഉപയോഗിച്ച് ജനങ്ങളെ കുടിയിറക്കുന്നത് ഇവിടെയും നടക്കുന്നതായും അഭിപ്രായമുയർന്നു. മീഡിയവണിന് നേരിട്ട വിലക്കിനെതിരെ പൊതുസമൂഹം ഒരുമിച്ച് പോരാടിയതായി മോഡറേറ്റർ കൂടിയായ പ്രമോദ് രാമൻ എടുത്തുപറഞ്ഞു.
'മഹാമാരിയുടെയും ജനാധിപത്യ സിദ്ധാന്തങ്ങളുടെയും കാലത്തെ മാധ്യമങ്ങളുടെ പ്രതിസന്ധി' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അവതാരകനായി. 'ദ വയർ' ഓൺലൈൻ പത്രത്തിന്റെ സ്ഥാപക എഡിറ്റർ എം.കെ. വേണു, 'ദ ടെലിഗ്രാഫ്' എഡിറ്റർ ആർ. രാജഗോപാൽ, 'കാരവൻ' എക്സിക്യൂട്ടിവ് എഡിറ്റർ വിനോദ് ജോസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ ഉപദേശകൻ എം.ജി. രാധാകൃഷ്ണൻ, സ്വതന്ത്ര മാധ്യമ പ്രവർത്തക എം. സുചിത്ര, മാധ്യമം അസോസിയറ്റ് എഡിറ്ററും മീഡിയവൺ എം.ഡിയുമായ ഡോ. യാസീൻ അശ്റഫ് എന്നിവരാണ് സംവാദവേദിയെ സമ്പന്നമാക്കിയത്. മാധ്യമം പീരിയോഡിക്കൽസ് എഡിറ്റർ പി.ഐ. നൗഷാദ് സ്വാഗതവും മാധ്യമം ന്യൂസ് എഡിറ്ററും കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റുമായ എം. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി.
രാഷ്ട്രശരീരത്തിൽ അണുക്കൾ കടന്നുകൂടി -പ്രമോദ് രാമൻ, മീഡിയവൺ എഡിറ്റർ
രാജ്യത്ത് വെറുപ്പ് വളർന്നുതുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം പലതലങ്ങളും ഘട്ടങ്ങളും പിന്നിട്ട് രാഷ്ട്രശരീരത്തിൽ കടന്നുകൂടിയ അണുക്കളായി മാറി.
വെറുപ്പ് രാഷ്ട്രശരീരത്തിൽ വ്യാപകമായി ഉൾച്ചേർന്നിരിക്കുന്നു. മാധ്യമ, സാംസ്കാരിക, സാമൂഹിക മേഖലകളിലെല്ലാം വെറുപ്പിന്റെ രാഷ്ട്രീയമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും നിലനിൽപും ചോദ്യം ചെയ്യുന്ന സംഭവങ്ങളുണ്ടാകുന്നു. മീഡിയവണിന് വിലക്കേർപ്പെടുത്തിയത് ഉദാഹരണമാണ്. ഈ വിലക്ക് വെല്ലുവിളിക്കൊപ്പം സാധ്യതയുംകൂടിയാണ്.
കൈയെത്തിപ്പിടിക്കാവുന്ന ചില മാർഗങ്ങളും പ്രതീക്ഷകളുമുണ്ടെന്ന് സുപ്രീംകോടതിയടക്കം കാണിച്ചുതന്നു.
പ്രതിപക്ഷ വിരുദ്ധ മാധ്യമപ്രവർത്തനത്തിന്റെ കാലം -എം.കെ. വേണു, ദ വയർ സ്ഥാപക എഡിറ്റർ
മുമ്പ് കാണാത്ത കാര്യങ്ങളാണ് രാജ്യത്തെ മാധ്യമരംഗത്തുള്ളത്. ഭരണപക്ഷത്തെ വെറുതെവിട്ട് പ്രതിപക്ഷത്തെ എതിർക്കുകയാണ് മാധ്യമങ്ങൾ. ഹിജാബ് വിഷയത്തിലടക്കം ഇതാണ് കണ്ടത്. തെറ്റിനെ തെറ്റെന്ന് വിളിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. നീതിപീഠമടക്കം സമ്മർദത്തിലാണ്. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് നിർഭയ പത്രപ്രവർത്തനം നടത്താൻ കഴിയുന്നത്. പള്ളി പൊളിച്ചത് റിപ്പോർട്ട് ചെയ്തതിനാണ് 'ദ വയറി'നെതിരെ യു.പിയിൽ കേസെടുത്തത്. കോവിഡ്കാലത്ത് തബ്ലീഗ് പ്രവർത്തകരെ കൊറോണ ബോംബുകളായി ചിത്രീകരിച്ചത് മാധ്യമങ്ങൾകൂടിയാണ്.
രാജ്യത്ത് ഭരണകൂടങ്ങളുടെ അടിച്ചമർത്തലിനെതിരെ ഭൂരിപക്ഷം മാധ്യമങ്ങളും നിശ്ശബ്ദരാകുകയാണ്.
വാർത്താമുറികളെ അരാഷ്ട്രീയവത്കരിക്കുന്നു -ആർ. രാജഗോപാൽ, 'ദ ടെലിഗ്രാഫ്' എഡിറ്റർ
ക്രിക്കറ്റും ബോളിവുഡും കൊണ്ടുമാത്രം വാർത്താമുറികൾ പ്രവർത്തിക്കാമെന്ന പ്രവണത തുടങ്ങിയത് 1990കൾ മുതലാണ്. ഭാഷകൊണ്ടും വാചകംകൊണ്ടും കളിക്കാനറിയുന്നവരാണ് വാർത്താമുറികളിൽ. ന്യൂസ്റൂമുകളെ അരാഷ്ട്രീയവത്കരിക്കുകയാണ്. പ്രമുഖരായ പല മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയമായ അഭിപ്രായമില്ല. പറയുന്ന ജോലി ചെയ്യും. ഗ്ലാസിൽ വെള്ളമൊഴിക്കുന്നതുപോലെയാണ്.
ഏത് രൂപത്തിലേക്കും മാറും. കർണാടകയിലെ ഹിജാബ് വിഷയത്തിന്റെ സമയത്തും യു.പി തെരഞ്ഞെടുപ്പ് സമയത്തും ടെലിഗ്രാഫിന്റെ തലക്കെട്ടിനെതിരെ പലതരം ഭീഷണികളുണ്ടായി. രാജ്യത്തിന്റെ പലഭാഗങ്ങളിലായി കേസ് നൽകുകയെന്നതാണ് ഇക്കൂട്ടരുടെ മറ്റൊരു തന്ത്രം. കോടതി വ്യവഹാരങ്ങളിലൂടെ പത്രാധിപന്മാരെ കുരുക്കിലാക്കുകയാണ്. മീഡിയവണിന് വിലക്ക് നേരിട്ടപ്പോൾ സ്വതന്ത്ര നിരീക്ഷകർ എന്ന് പറയുന്നവരടക്കം ന്യായീകരിക്കുകയായിരുന്നു.
വികസന ഭീകരവാദത്തിന്റെയും കാലം -എം. സുചിത്ര, സ്വതന്ത്ര മാധ്യമ പ്രവർത്തക
കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ, ലോക്ഡൗൺ സമയത്ത് എല്ലാവരും വീട്ടിൽ അടച്ചിട്ടിരുന്നപ്പോൾ മാധ്യമപ്രവർത്തകർ ജോലി ചെയ്യുകയായിരുന്നു. ഇക്കാലത്ത് നിരവധി മാധ്യമസ്ഥാപനങ്ങൾ പൂട്ടി, എഡിഷനുകൾ വെട്ടിച്ചുരുക്കി, ജീവനക്കാരുടെ ശമ്പളവും കുറച്ചു. മാധ്യമപ്രവർത്തകർ ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടി. 2014 മുതൽ ഹിന്ദുത്വ പോപുലിസ്റ്റ് ആഖ്യാനങ്ങളുടെ കാലമാണ്. 2017 മുതൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളും കൂടി. സിദ്ദീഖ് കാപ്പൻ എന്ന പത്രപ്രവർത്തകൻ യു.പിയിൽ ജയിലിൽ കിടക്കുകയാണ്. ഭരണത്തിലിരിക്കുന്നവരുടെ വികസന ഭീകരവാദവും നടക്കുന്നു. വികസനം ആവശ്യമാണ്. എന്നാൽ, ഈ വാക്കുപയോഗിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കുകയാണ്. മാധ്യമപ്രവർത്തകരും ആത്മപരിശോധന നടത്തണം.
ജാതി താൽപര്യം ആഘോഷിക്കപ്പെടുന്നു വിനോദ് കെ. ജോസ്, കാരവൻ എക്സിക്യൂട്ടിവ് എഡിറ്റർ
എല്ലാ മേഖലകളിലും ഉന്നത ജാതിക്കാരുടെ ആധിപത്യമാണ്. 13 ശതമാനമുള്ള ഉയർന്ന സമുദായക്കാർ 90 ശതമാനം ജോലികളും ചെയ്യുന്നു. ഉത്തരേന്ത്യയിൽ ബനിയ, ബ്രാഹ്മണ ധ്രുവീകരണമാണ് നടക്കുന്നത്. രാഷ്ട്രീയ ഹിന്ദുത്വവും സജീവമാണ്. ആദ്യ പൊതു തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം വോട്ട് മാത്രമുണ്ടായിരുന്ന ഹിന്ദുത്വ ശക്തികൾക്ക് ഇപ്പോൾ 37 ശതമാനം വോട്ട് നേടി ഭൂരിപക്ഷ ദേശീയതയുടെ വക്താക്കളാകാൻ കഴിയുന്നു. ഒന്നോ രണ്ടോ സംഘടനകളിൽനിന്ന് ആർ.എസ്.എസിന് 60ഓളം സംഘടനകളാണ് ഇപ്പോഴുള്ളത്. മാധ്യമരംഗം മുതൽ സ്കൂളുകളിൽ വരെ സംഘ്പരിവാർ സാന്നിധ്യമുണ്ട്.
2014ൽ അല്ല രാജ്യത്തെ മാധ്യമരംഗത്ത് മാറ്റം വന്നത്. തൊണ്ണൂറുകളുടെ അവസാനം തുടങ്ങിയതാണിത്. മീഡിയവൺ അടക്കം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നാളെ തെരുവിലെത്തിയേക്കും.
ഇൻഫോഡെമിക് കാലമാണിത് യാസീൻ അശ്റഫ് -മാധ്യമം അസോ. എഡിറ്റർ
പൊതുബോധം മാധ്യമങ്ങളെ ഭരിക്കുകയാണ്. വലതുപക്ഷ വാർത്തകൾക്ക് പ്രാധാന്യം കിട്ടുന്ന കാലമാണിത്. കേരളത്തിന്റെ ഭരണകൂടം തീരുമാനിച്ച പദ്ധതിക്കെതിരെ പ്രതിരോധിക്കുന്നവരെ വിമോചന സമരമെന്ന് പറഞ്ഞാണ് നേരിടുന്നത്. പലതരം ആഖ്യാനങ്ങൾ വ്യാപകമാകുന്നു. ഭരണകൂടങ്ങൾ മാത്രം ചെയ്ത കാര്യം സമൂഹവും ചെയ്യുകയാണ്. മാധ്യമങ്ങളുടെ ഭാഷ മലിനീകരിക്കപ്പെട്ടിരിക്കുന്നു.
'ഇൻഫോഡെമിക്' കാലമാണിത്. മഹാമാരിയെ അകലം പാലിച്ചും മാസ്കിട്ടും നേരിട്ടു. മാധ്യമരംഗത്തെ മഹാമാരിക്കെതിരെയും അകലം പാലിക്കേണ്ടതുണ്ട്.
ഭരണകൂടത്തിനായി കർസേവ -എം.ജി. രാധാകൃഷ്ണൻ, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയൽ ഉപദേശകൻ
പക്ഷപാതിയായ മാധ്യമങ്ങളെ സമൂഹം നേരത്തേ തിരസ്കരിച്ചിരുന്നു. അതിന് മാറ്റം വന്നു. അങ്ങേയറ്റം പക്ഷപാതിയായ, വൃത്തികെട്ട മാധ്യമപ്രവർത്തനം നടത്തുന്ന ഭ്രാന്തൻ മാധ്യമപ്രവർത്തകർ ഉത്തരേന്ത്യയിലും മറ്റുമുണ്ട്. ഇങ്ങനെയുള്ളവയുടെ റേറ്റിങ് കൂടുകയാണ്. ഫേക് ന്യൂസുകളാണെങ്കിലും തങ്ങളുടെ പക്ഷമായതിനാൽ ശരിയാണെന്ന് വിശ്വസിക്കുന്നവർ കൂടിവരുന്നു. ഭരണകൂടത്തിനു വേണ്ടി മാധ്യമങ്ങൾ കർസേവ ചെയ്യുകയാണ്. അവർ സ്വയം വഴങ്ങുന്നു. സമൂഹത്തിന്റെ മൊത്തം സൂചനയും ആ മട്ടിലാണ്. മുസ്ലിം വിരുദ്ധമാണ് എന്ന ആക്ഷേപത്തിൽ ഭരണകൂടം സന്തോഷിക്കുകയാണ്. ഭരണകൂടവും മതവും മൂലധനവും ഒരുമിച്ചുനിൽക്കുന്നു. മാധ്യമങ്ങൾ സ്വമേധയാ ഭരണകൂടത്തിന് അനുകൂലമായ നിലപാടെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.