മദ്റസ വിദ്യാർഥികൾ വെളുത്ത മുഖമക്കന ധരിക്കണം –ബാലാവകാശ കമീഷൻ
text_fieldsകോഴിക്കോട്: അതിരാവിലെയും രാത്രിയും മദ്റസ പഠനത്തിന് പോകുന്ന കുട്ടികൾ വെളുത്ത നിറത്തിലുള്ള മുഖമക്കനയും പർദയും ധരിക്കണമെന്ന് ബാലാവകാശ കമീഷൻ നിർദേശം. കറുത്ത നിറത്തിലുള്ള മുഖമക്കനയും പർദയും ധരിച്ച കുട്ടികൾ വളരെ അടുത്തെത്തുമ്പോൾ മാത്രമേ ൈഡ്രവർമാർക്ക് അവരെ കാണാൻ സാധിക്കുകയുളളൂ. അത് അപകടങ്ങൾക്ക് വഴിവെക്കുകയും കുട്ടികളുടെ ജീവന് ആപത്തുണ്ടാക്കുകയുമാണ്. അതുകൊണ്ട് കറുത്ത മക്കനക്ക് പകരം ൈഡ്രവർമാർക്ക് പെട്ടെന്ന് ശ്രദ്ധയിൽവരുന്ന വെളുത്ത മക്കന ധരിച്ചാൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകുമെന്നും ബാലാവകാശ കമീഷൻ വ്യക്തമാക്കി.
ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസറുടെ പത്ര പ്രസ്താവനയെ തുടർന്ന് ബാലാവകാശ കമീഷൻ സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറിൽനിന്നും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയിൽനിന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നു. ഈ നിർദേശം കുട്ടികളുടെ സുരക്ഷിതത്വത്തിന് ആവശ്യമാണെന്നു മനസ്സിലാക്കി മുതവല്ലിമാർക്കും തങ്ങളുടെ കീഴിലെ മദ്റസകളിലേക്കും കൈമാറിയിട്ടുണ്ടെന്നും അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കുമെന്നും വഖഫ് ബോർഡും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡും കമീഷന് റിപ്പോർട്ട് നൽകി. ഇതുസംബന്ധിച്ച കൃത്യമായ നിർദേശം പുറപ്പെടുവിച്ച് അത് സംസ്ഥാനത്ത് നടപ്പാക്കുന്നുവെന്ന് റോഡ് സേഫ്റ്റി അതോറിറ്റി കമീഷണർ ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിൽ പറയുന്നു.
ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ റോഡ് സേഫ്റ്റി അതോറിറ്റി കമീഷണർ, ട്രാൻസ്പോർട്ട് കമീഷണർ, വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവർ മൂന്നു മാസത്തിനുള്ളിൽ കമീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.