കാസർകോട് മദ്രസ അധ്യാപകനെ വെട്ടിക്കൊന്നു; ഇന്ന് ലീഗ് ഹർത്താൽ
text_fieldsകാസര്‍കോട്: മധൂർ പഞ്ചായത്തിലെ ബട്ടംപാറക്കടുത്ത് ചൂരിയിൽ മദ്റസാധ്യാപകനെ പള്ളിയോട് ചേർന്ന കിടപ്പുമുറിയിൽ കൊലപ്പെടുത്തി. കുടക് എരുമാട് സ്വദേശിയും ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനുമായ റിയാസ് മൗലവി(34)യെയാണ് പഴയ ചൂരി മുഹിയുദ്ദീന് ജുമാമസ്ജിദിനോട് ചേർന്നുള്ള കിടപ്പുമുറിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി 12.15ഒാടെയാണ് സംഭവം.
പള്ളിേയാട് ചേർന്ന രണ്ട് മുറികളിലൊന്നിൽ റിയാസും മറ്റൊന്നിൽ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരുമാണ് താമസിക്കുന്നത്. അർധരാത്രി പുറത്തുനിന്ന് നിലവിളികേട്ട് ഉണര്‍ന്ന ഖത്തീബ് വാതില്‍ തുറന്നപ്പോള്‍ റിയാസ് മൗലവിയുടെ മുറിക്കുനേരെ കല്ലേറ് നടക്കുന്നതാണ് കണ്ടത്. ഉടന്‍ വാതിലടച്ച് അദ്ദേഹം അതേ മുറിവഴി പള്ളിയിൽ കയറി അക്രമം നടക്കുന്ന വിവരം നാട്ടുകാരെ വിളിച്ചറിയിച്ചു. നാട്ടുകാര്‍ ഓടിയെത്തി റിയാസ് മൗലവിയുടെ മുറിയിൽ ചെന്നപ്പോൾ അദ്ദേഹം രക്തത്തിൽ കുളിച്ചുനിൽക്കുന്നതാണ് കണ്ടത്. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർ ആരാണെന്നോ എന്താണ് ലക്ഷ്യമെന്നോ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊതുവേ പള്ളിയും മദ്റസയുമായി ഒതുങ്ങിക്കഴിയുന്ന റിയാസ് മൗലവിക്ക് ശത്രുക്കൾ ഉള്ളതായി കരുതുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കാസർകോെട്ട ക്രമസമാധാനം കണക്കിലെടുത്ത് മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശമായ കുടകിലേക്ക് കൊണ്ടുപോയി.എരുമാടിലെ സുലൈമാെൻറയും പരേതയായ അലീമയുടെയും മകനാണ് റിയാസ്. ഭാര്യ സയീദ ഗർഭിണിയാണ്. ഒന്നര വയസ്സുള്ള ഷബീബ മകളാണ്.
നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല്‍ യാദവ് എന്നിവര്‍ കാസര്‍കോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, സി.ഐ സി.എ. അബ്ദുല്‍ റഹീം, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകി. മദ്റസാധ്യാപകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിൽ കലക്ടർ കെ. ജീവൻ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.