കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ അരങ്ങിൽ കുഴഞ്ഞു വീണുമരിച്ചു
text_fieldsഅഞ്ചൽ(കൊല്ലം): കഥകളി അരങ്ങിനെ അനാഥമാക്കി ആചാര്യൻ വിട വാങ്ങി. തെക്കൻ കളരിയുടെ പരമാചാര്യനും അനുഗൃഹീതനടനുമായ മടവൂർ വാസുദേവൻ (89) കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അഗസ്ത്യകോട് മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിെൻറ ഭാഗമായി ‘രാവണ വിജയം’ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണയുടൻ സമീപത്തെ പാറക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രാത്രി 10.30ഒാടെ രാവണ വേഷം ധരിച്ച് കഥകളി പുറപ്പാടിനായി വേദിയിലെത്തിയ സമയത്താണ് കുഴഞ്ഞുവീണത്. അദ്ദേഹത്തിെൻറ മരണം സ്ഥിരീകരിക്കും വരെ വേദിയിൽ കഥകളി തുടരുകയും ചെയ്തു.
പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. കേരള കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സർക്കാർ ഫെലോഷിപ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാർഡ്, കലാദർപ്പണ അവാർഡ്, 1997ൽ ഗവർണറിൽനിന്ന് വീരശൃംഘല തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഗുരു ചെങ്ങന്നൂരിെൻറ ബന്ധുവായ സാവിത്രി അമ്മയാണ് ഭാര്യ. മക്കൾ: മധു, മിനി, ഗംഗ തമ്പി(ഭരതനാട്യം നർത്തകി).
മടവൂർ; അരങ്ങിനെ അനാഥമാക്കിയ അന്ത്യം
കഥകളിയിലെ എക്കാലത്തെയും പ്രതിഭാശാലികളായ ചെങ്ങന്നൂർ രാമൻപിള്ള, മാങ്കുളം വിഷ്ണുനമ്പൂതിരി തുടങ്ങിയവർക്കുശേഷം തെക്കൻസമ്പ്രദായത്തിെൻറ സൗന്ദര്യം മുഴുവൻ ആവാഹിച്ച നടനാണ് മടവൂർ വാസുദേവൻ നായർ. ഒാട്ടന്തുള്ളൽ ആചാര്യൻ കലാമണ്ഡലം ഗീതാനന്ദെൻറ വിയോഗത്തിനുപുറകേയാണ് അരങ്ങിൽ വേഷത്തിനിടെ അന്ത്യം.
1929 ഏപ്രിൽ ഏഴിന് ജനനം. 12ാം വയസ്സിൽ മടവൂർ പരമേശ്വരൻ പിള്ളയുടെ ശിഷ്യനായി പഠനം തുടങ്ങി. ആറാം മാസത്തിൽ ‘ഉത്തരാസ്വയംവര’ത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരയുമായി അരങ്ങേറ്റം കുറിച്ചു. ചെങ്ങന്നൂർ രാമൻപിള്ളക്കൊപ്പമായിരുന്നു 12 വർഷം ഗുരുകുല അഭ്യസനം. തിരുവനന്തപുരം കൊട്ടാരത്തിലെ കളിയോഗത്തിലായിരുന്നു തുടക്കം. 30 വയസ്സുവരെ മിനുക്കുവേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ പാത പിന്തുടർന്ന് പച്ച, കത്തി വേഷങ്ങളണിഞ്ഞു. ചെങ്ങന്നൂരിെൻറ നായകവേഷങ്ങളുടെ പിൻഗാമിയായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പുരാണബോധം, മനോധർമ വിലാസം, പാത്രബോധം, സൗന്ദര്യസങ്കൽപം എന്നിവ അദ്ദേഹത്തിെൻറ വേഷങ്ങളെ അനന്യമാക്കുന്നു. ‘തെക്കൻ രാജസൂയ’ത്തിലെ ജരാസന്ധൻ, ‘ബാണയുദ്ധ’ത്തിലെ ബാണൻ, ‘ഉത്തരാസ്വയംവര’ത്തിലെ ദുര്യോധനൻ, ‘കല്യാണസൗഗന്ധിക’ത്തിലെ ഹനുമാൻ എന്നിവ പ്രസിദ്ധങ്ങളാണ്. തുടക്കത്തിൽ സ്ത്രീവേഷങ്ങളിൽ നിപുണനായിരുന്നു.
1967 മുതൽ 1977 വരെ കലാമണ്ഡലത്തിലെ തെക്കൻകളരിയിൽ അധ്യാപകനായി. കൊല്ലം പാരിപ്പള്ളിയിൽ തെക്കൻകളരിക്കായി സ്ഥാപിച്ച കലാഭാരതി കഥകളിവിദ്യാലയത്തിെൻറ ആദ്യ പ്രിൻസിപ്പലായിരുന്നു. കർണാടകസംഗീതത്തിൽ അവഗാഹമുള്ള മടവൂരിനെ ‘ആവശ്യം വന്നാൽ ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങ് നിയന്ത്രിക്കാൻ കഴിവുള്ളയാൾ’ എന്ന് കെ.പി.എസ്. മേനോൻ വിശേഷിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.