മഫീദയുടെ മരണം: 14 വയസുള്ള മകൻ തീവ്രവാദിയാണെന്ന സി.പി.എം നേതാവിന്റെ പരാമർശം വിവാദത്തിൽ
text_fieldsവെള്ളമുണ്ട: ദുരൂഹസാഹചര്യത്തില്‍ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പുലിക്കാട് കണ്ടിയില്‍ പൊയില്‍ മഫീദ(50)യുടെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം തരുവണയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലെ ജില്ല നേതാവിന്റെ പരാമർശങ്ങളിൽ വ്യാപക പ്രതിഷേധം. മരണപ്പെട്ട മഫീദയുടെ 14 വയസുള്ള മകൻ തീവ്രവാദിയാണെന്ന പരാമർശവും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങൾ പ്രസംഗത്തിനിടെ വെളിപ്പെടുത്തിയതുമാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ. പ്രഭാകരനാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.
നിയമപരമായി അനുവദനീയമല്ലാത്ത കാര്യങ്ങളടക്കമാണ് നേതാവ് പ്രസംഗത്തിനിടെ പരസ്യപ്പെടുത്തിയത്. പരാമർശങ്ങൾക്കെതിരെ മകൻ വെള്ളമുണ്ട പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തിയത് കുട്ടിയെ മോശമായ ചിന്തയിലേക്ക് നയിക്കുമെന്നും കുടുംബം പരാതിപ്പെടുന്നുണ്ട്.
മാതാവ് മരണപ്പെട്ട പ്രയാസത്തിൽ കഴിയുന്ന കുട്ടിയുടെ മാനസിക പ്രയാസത്തിന് നേതാവിന്റെ പരാമർശം ഇടയാക്കിയതായി നാട്ടുകാരും വിവിധ സംഘടനകളും ആരോപിക്കുന്നു. പ്രതികൾ മഫീദയെ ഭീഷണിപ്പെടുത്തുന്ന രംഗം മൊബൈലിൽ പകർത്തിയത് ചൂണ്ടിക്കാട്ടിയാണ് തീവ്രവാദ പരാമർശം ഉണ്ടായത്.
രണ്ടുമാസം മുമ്പ് രാത്രിസമയത്ത് പ്രദേശവാസികളായ ചിലര്‍ മഫീദ താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അന്നുതന്നെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണശേഷം മക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും സംഭവം നടന്ന് രണ്ടാഴ്ച പൂർത്തിയാകുമ്പോഴും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ ആരോപണമുയർന്നിട്ടുണ്ട്.
ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ മഫീദയെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹമീദ് ഹാജിയുടെ മകനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. കുടകിൽ നിന്ന്, ഭർത്താവ് മരിച്ചതിന് ശേഷം ഏഴുവർഷം മുമ്പ് മക്കളുമായി വയനാട്ടിൽ വന്ന ഇവരെ നാട്ടിലെ പ്രമാണിമാരിൽ ഒരാൾ രഹസ്യവിവാഹം ചെയ്തതായി പറയുന്നു.
ആദ്യഭാര്യയും അതിലുള്ള മക്കളും വിവരം അറിഞ്ഞതോടെ നാട്ടിലെ യുവജന സംഘടന നേതാവായ മകനും ചില ബന്ധുക്കളും ചേർന്ന് വിവാഹം ചെയ്ത വ്യക്തിയെയും കൂട്ടി കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രി ഇവരെ ഭീഷണിപ്പെടുത്തിയതായും ഇവരുടെ കൺമുമ്പിൽ നിന്നുമാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി മുസ്ലിം ലീഗും എസ്.ഡി.പി.ഐയും രംഗത്തുണ്ട്. അതേസമയം, പാർട്ടി ഭാരവാഹികൾക്ക് ഇതിൽ പങ്കില്ലെന്നും കുടുംബ പ്രശ്നമാണിതെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വം വാദിച്ചിരുന്നത്.
എന്നാൽ. മഫീദയുടെ രണ്ടാം ഭര്‍ത്താവിന്റെ മകനും ഡി.വൈ.എഫ്.ഐ പുലിക്കാട് യൂനിറ്റ് സെക്രട്ടറിയുമായ ജാബിറിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തിൽ നിന്ന് താൽകാലികമായി നീക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.