Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം കേന്ദ്ര...

സി.പി.എം കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് മഗ്സസെ പുരസ്കാരം നിരസിച്ചത് -​കെ.കെ ശൈലജ

text_fields
bookmark_border
സി.പി.എം കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് മഗ്സസെ പുരസ്കാരം നിരസിച്ചത് -​കെ.കെ ശൈലജ
cancel

തന്നെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി മാഗ്‌സസെ അവാര്‍ഡ് കമ്മറ്റി അറിയിച്ചിരുന്നതായി മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയില്‍ സി.പി.എം. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

എന്നാല്‍, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.

കെ.കെ ശൈലജക്ക് മഗ്സസെ പുരസ്കാരം; സ്വീകരിക്കേണ്ടെന്ന് സി.പി.എം

മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് രമൺ മഗ്സസെ പുരസ്കാരം ലഭിച്ചിട്ടും സ്വീകരിക്കേണ്ടെന്ന് സി.പി.എം തീരുമാനം എടുത്തതായി റിപ്പോർട്ട്. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രമാണ് സുപ്രധാന വാർത്ത പ്രസിദ്ധീകരിച്ചത്. മുൻ ആരോഗ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ കെ.കെ ശൈലജക്ക് 2022ലെ രമൺ മഗ്‌സസെ അവാർഡ് ലഭിക്കാനുള്ള അവസരം പാർട്ടി ഇതോടെ ഇല്ലാതാക്കിയതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് മുതിർന്ന നേതാവ് ജ്യോതിബസു പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി.പി.എം തങ്ങളുടെ രണ്ടാമത്തെ 'ചരിത്ര മണ്ടത്തരം' ആവർത്തിച്ചു എന്നാണ് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിപ, കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കുന്നതിന് മുന്നിൽ നിന്ന് ഫലപ്രദമായി നേതൃത്വം നൽകുന്ന പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതക്കും സേവനത്തിനുമാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. നിപ ബാധയും കോവിഡ് പകർച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയിൽ മഹാമാരിക്കെതിരെ പോരാടുന്നു എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. ഈ വർഷം ആഗസ്റ്റ് അവസാനത്തോടെ അവാർഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. അവരെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷൻ രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ക്രോസ് ചെക്ക് നടത്തിയിരുന്നു.

ഒരു ഓൺലൈൻ ആശയവിനിമയത്തിനിടെ ഫൗണ്ടേഷൻ ആദ്യം ശൈലജയെ പരിഗണിച്ചെന്നും പിന്നീട് ജൂലൈ അവസാനത്തോടെ അവാർഡ് വിവരം അറിയിച്ചുവെന്നും പ്രമുഖർ വെളിപ്പെടുത്തിയതായി പത്രം അവകാശ​പ്പെടുന്നു. അന്താരാഷ്‌ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുകൊണ്ട് മുൻ മന്ത്രിക്ക് അയച്ച ഇ-മെയിലിൽ, അവാർഡ് സ്വീകരിക്കാനുള്ള അവരുടെ സന്നദ്ധത രേഖാമൂലം അറിയിക്കാൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ മുതൽ നവംബർ വരെ അവാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഫൗണ്ടേഷൻ ഷെഡ്യൂൾ ചെയ്തിരുന്നു.

സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ഇതേക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിച്ചിട്ടുണ്ടെന്നാണ് വിശ്വസനീയമായ വിവരം. അവാർഡിന്റെ വിവിധ വശങ്ങൾ പരിശോധിച്ച നേതൃത്വം, അത് സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിക്കുന്നതെന്ന് പാർട്ടി കരുതുന്നു. കൂടാതെ, നിപ്പ പൊട്ടിപ്പുറപ്പെടുന്നതിനും കോവിഡ് പാൻഡെമിക്കിനുമെതിരായ സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഒരു കൂട്ടായ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ അവരുടെ വ്യക്തിഗത ശേഷിയിൽ അവാർഡ് സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു പാർട്ടി നിലപാട്.

ഇതേത്തുടർന്ന് അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതിൽ പേരുകേട്ട മഗ്‌സസെയുടെ പേരിലുള്ളതിനാൽ അവാർഡ് സ്വീകരിക്കരുതെന്ന് പാർട്ടി തീരുമാനിച്ചതായും അറിയുന്നതായി 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്ന് സി.പി.എമ്മിന് തോന്നി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ശൈലജയും പ്രതികരിക്കാൻ തയ്യാറായില്ല. ഏഷ്യയുടെ നോബൽ സമ്മാനമായി പരക്കെ അറിയപ്പെടുന്ന രമൺ മഗ്‌സസെ അവാർഡ് അന്തരിച്ച ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പേരിലുള്ള അന്തർദേശീയ ബഹുമതിയാണ്. ശൈലജയെ അവാർഡ് സ്വീകരിക്കാൻ പാർട്ടി അനുവദിച്ചിരുന്നെങ്കിൽ മഗ്സസെ പുരസ്കാരം കിട്ടുന്ന ആദ്യ മലയാളി വനിതയായി അവർ അറിയപ്പെടുമായിരുന്നു എന്നും 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherMagsaysay Award
News Summary - Magsaysay refused the award in consultation with the CPM central leadership - KK Shailaja
Next Story