‘മഹ’ ഭീതി അകലുന്നു; ചുഴലിക്കാറ്റ് പരിധിയിൽനിന്ന് ഒഴിഞ്ഞ് കേരളം
text_fieldsകോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 24 കി.മീ വേഗതയിലാണ് കഴിഞ്ഞ മണിക്കൂറുകളിൽ ചുഴലിക്കാറ്റിന്‍റെ സഞ്ചാരമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് ജാഗ്രത നിർദേശങ്ങൾ പിൻവലിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 640 കി.മീ ദൂരത്തിലും കർണാടകയിലെ മംഗലാപുരത്ത് നിന്ന് വടക്ക്-പടിഞ്ഞാറായി 530 കി.മീ ദൂരത്തിലും ഗോവയിൽ നിന്ന് തെക്ക് പടിഞ്ഞാറായി 350 കി.മീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. അടുത്ത 24 മണിക്കൂറിലും വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മഹ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിൽ നിന്ന് കേരളം ഒഴിവായി.
പ്രക്ഷുബ്ദമായ കടൽ മേഖലകൾ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ കടൽ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അതേസമയം മറ്റ് ജാഗ്രത നിർദേശങ്ങൾ പിൻവലിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കടലിൽ കുടുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി; മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരും
കണ്ണൂർ: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് കടലില്‍ വീണ് കാണാതായ മത്സ്യബന്ധന തൊഴിലാളികളിൽ എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടു പേർക്കായുള്ള തിരച്ചില്‍ വെള്ളിയാഴ്ച രാത്രി താൽക്കാലികമായി നിർത്തിവെച്ച് ശനിയാഴ്ച പുനരാരംഭിക്കും. ആയിക്കരയില്‍നിന്ന് ഫൈബര്‍ വള്ളത്തില്‍ പോയ ആദികടലായി സ്വദേശി കാടാങ്കണ്ടി കെ.കെ. ഫാറൂഖ്, ചാവക്കാട് നിന്ന് ബോട്ടില്‍ പോയ ആലപ്പുഴ സ്വദേശി അമ്പലപ്പുഴ തോട്ടപ്പള്ളി ഹൗസില്‍ രാജീവ് എന്നിവർക്കായാണ് തിരച്ചിൽ നടത്തുക.
ചാവക്കാട്ടെ ബോട്ടിലുണ്ടായിരുന്ന ഒരുമനയൂര്‍ തൊടു ഹൗസിലെ അജേഷ്, മുനക്കക്കാവ് കോന്നാടത്ത് വീട്ടില്‍ രൂപേഷ്, ഇരട്ടപ്പുഴ പേരോത്ത് ബിജു, ആലപ്പുഴ തോട്ടപ്പള്ളി പുതുവേല്‍ പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍, തോട്ടപ്പള്ളി എട്ടില്‍ കമലാസനന്‍, തമിഴ്‌നാട് ചിദംബരം തില്ലൈനായകപുരം സ്വദേശി ഗോപു, ആയിക്കരയിലെ വള്ളത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വര്‍ഗീസ്, കന്യാകുമാരി സ്വദേശി മുഹമ്മദ് എന്നിവരെ രക്ഷാപ്രവർത്തകർ കരക്കെത്തിച്ചു. പരിക്കേറ്റ് ജില്ല ആശുപത്രിയില്‍ കഴിയുന്ന ഇവരെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ സന്ദര്‍ശിച്ച് അടിയന്തര സഹായധനം നല്‍കി. കോസ്റ്റ് ഗാര്‍ഡിെൻറ സ്പീഡ് ബോട്ട്, ഫിഷറീസ് വകുപ്പിെൻറ റെസ്‌ക്യൂ ബോട്ട് എന്നിവയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
മറൈന്‍ എന്‍ഫോഴ്സ്മെൻറ്, മത്സ്യത്തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍, കോസ്റ്റ്ഗാര്ഡിെൻറ കപ്പല്‍, എയര്‍ക്രാഫ്റ്റ് എന്നിവയും തിരച്ചിലില്‍ പങ്കെടുത്തു.
വ്യാഴാഴ്ച കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തയ്യില്‍ മൈതാനപ്പള്ളിയിലെ കടല്‍ഭിത്തി താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. വ്യാഴാഴ്ച രാത്രി 12ഓടെയാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് ഭിത്തി പുനഃസ്ഥാപിച്ചത്. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ റവന്യൂ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് എന്നിവരുടെയും നാട്ടുകാരുടെയും ജനപ്രധിനികളുടെയും സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഭിത്തി പുനഃസ്ഥാപിച്ചത് തീരദേശവാസികള്‍ക്ക് ആശ്വാസമായി.
തലശ്ശേരിയിൽ കടലിൽ കുടുങ്ങിയ 16 പേർ തിരിെച്ചത്തി
തലശ്ശേരി: മത്സ്യബന്ധനത്തിനിടയിൽ പ്രക്ഷുബ്ധമായ കടലിൽ കുടുങ്ങിയ തലശ്ശേരി മേഖലയിൽനിന്നുള്ള 16 മത്സ്യത്തൊഴിലാളികളും തിരിെച്ചത്തി. വ്യാഴാഴ്ച അർധരാത്രിയിലും വെള്ളിയാഴ്ച പുലർച്ചയുമായാണ് ഇവർ തീരമണഞ്ഞത്. തൊഴിലാളികളെ കാണാതായത് മുതൽ ഉറ്റവരും സുഹൃത്തുക്കളും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും പൊലീസും ഇവർക്കായി തീരത്ത് കാത്തിരിപ്പായിരുന്നു. ഇതിനിടയിലാണ് ആശങ്കകൾക്ക് വിരാമമിട്ട് എല്ലാവരും തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.