സംയമനം കാണിക്കുന്നവരെ മന്ത്രി വാസവൻ ഭീകരവാദികളാക്കുന്നു -മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി
text_fieldsകോട്ടയം: പാലാ ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിർക്കുന്നവർ ഭീകരവാദികൾ ആണെന്നുമുള്ള മന്ത്രി വി.എൻ. വാസവന്‍റെ പ്രസ്താവന സംയമനത്തോടുകൂടിയും സമചിത്തതയോടുകൂടിയും വിദ്വേഷ പ്രചാരണങ്ങളെ എതിർക്കുന്നവരെ അപമാനിക്കലാണെന്നും വിഷലിപ്ത പ്രചാരണങ്ങൾ നടത്തുന്നവരെ ചേർത്തു നിർത്തി മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും കോട്ടയം താലൂക്ക് മഹല്ല് കോഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളമെമ്പാടും സൗഹൃദത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും സമവായ ശ്രമങ്ങളുടെ ആവശ്യമില്ലായെന്നും പറയുന്ന മന്ത്രി സാമുദായിക ധ്രുവീകരണത്തിൽ നിന്നും ലാഭംകൊയ്യാനാണ് ശ്രമിക്കുന്നത്. ചോര കുടിക്കുന്ന ചെന്നായേക്കാൾ മോശമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
ചില ബി.ജെ.പി നേതാക്കൾ അടക്കം പക്വമായ ഭാഷയിൽ പ്രതികരിക്കുകയും സൗഹൃദത്തിനായി ആഹ്വാനം നൽകുകയും ചെയ്യുമ്പോൾ ഇടതുപക്ഷത്തിന്‍റെയും സർക്കാറിന്‍റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ശ്രമങ്ങൾ തികച്ചും ആസൂത്രിതമാണെന്നാണ് മനസ്സിലാക്കുന്നത്.
കാമ്പസുകളിൽ മുസ്ലിം പെൺകുട്ടികളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ ഉണ്ടെന്ന സി.പി.എം പ്രസ്താവനയും പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള സി.പി.എം നിലപാടും ബി.ജെ.പിയേക്കാൾ അപകടകരമായ ഒരു രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നത് എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്.
വിദ്വേഷപ്രചാരകർക്ക് മൂക്കുകയറിടാനുള്ള അടിയന്തര ശ്രമവും മാനവിക സൗഹാർദ ശ്രമവുമാണ് സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും മഹല്ല് കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
എം.പി. ഷിഫാർ മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇലുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. ഹാഫിസ് ഷെഫീക്ക് അൽ ജൗഹരി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.