‘എന്നാലും എന്റെ വിദ്യേ...’ -വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീമതി ടീച്ചർ
text_fieldsകണ്ണൂർ: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസില്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. 'എന്നാലും എന്റെ വിദ്യേ' എന്നാണ് ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതിനിടെ വ്യാജ രേഖ ചമച്ച കേസിൽ വിദ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. വഞ്ചനക്കുറ്റവും വ്യാജരേഖ നിർമാണവും അടക്കം ഏഴു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് അന്വേഷിക്കുന്ന എറണാകുളം സെൻട്രൽ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ (വിദ്യ വിജയന്‍) ഗെസ്റ്റ് ലെക്ചറര്‍ നിയമനത്തിനായി വിവിധ കോളജുകളിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസ്.
അതിനിടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കോളജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണമായും വ്യാജമാണെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി. കോളജുമായി ബന്ധപ്പെട്ട് ഒരിടപെടലും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ആരുടെയും സഹായവും വിദ്യക്ക് ലഭിച്ചിട്ടില്ല. ഇന്‍റവ്യൂവിൽ അവർ ഹാജരാക്കിയ വ്യാജരേഖകൾ അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് അയച്ചുകിട്ടിയതും പ്രിൻസിപ്പൽ പൊലീസിന് കൈമാറി.
കാലടി സംസ്‌കൃത സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുമ്പ് മഹാരാജാസിലും എസ്.എഫ്.ഐ നേതാവായിരുന്നു. ഈമാസം രണ്ടിന് പാലക്കാട് അട്ടപ്പാടി ആർ.ജി.എം ഗവ. കോളജില്‍ ഗെസ്റ്റ് ലെക്ചറര്‍ ഇന്റര്‍വ്യൂവിനു വിദ്യ രണ്ട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. 2018 ജൂണ്‍ നാലു മുതല്‍ 2019 മാര്‍ച്ച് 31വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31വരെയും മഹാരാജാസിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്നാണ് ഇതില്‍ പറയുന്നത്.
ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ യഥാര്‍ഥത്തില്‍ മഹാരാജാസിലെ പി.ജി വിദ്യാര്‍ഥിയായിരുന്നു. വിദ്യ എന്നൊരാൾ മലയാള വിഭാഗത്തിൽ ഇവിടെ പഠിപ്പിച്ചിരുന്നില്ലെന്ന് പ്രിൻസിപ്പൽ സംശയിച്ചതും ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ ലോഗോയും സീലും കണ്ടു സംശയം പ്രകടിപ്പിച്ചതും മഹാരാജാസുമായി ബന്ധപ്പെട്ട് പരിശോധിച്ചതോടെയാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തില്‍ 10 വര്‍ഷമായി ഗെസ്റ്റ് ലെക്ചറര്‍മാരെ നിയമിച്ചിട്ടില്ല.
പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള ഗവ. കോളജുകളിലാണ് വിദ്യ ഗെസ്റ്റ് ലെക്ചററായത്. ഇവിടങ്ങളിൽ വ്യാജരേഖ ഉപയോഗിച്ചതായാണ് സൂചന. എസ്.എഫ്.ഐ സംസ്ഥാന നേതാവിന്‍റെ അറിവോടെയും സഹായത്തോടെയുമാണ് ഇവർ ജോലി നേടിയതെന്നും ആരോപണമുണ്ട്.
സെന്‍ട്രല്‍ പൊലീസിന് പ്രിന്‍സിപ്പല്‍ നല്‍കിയ മൊഴിയിൽ വിദ്യ മഹാരാജാസിൽ ലെക്ചറർ ആയിരുന്നില്ലെന്നും 10 വർഷത്തിനിടെ ഗെസ്റ്റ് ലെക്ചറർ നിയമനം നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, 2019ൽ വിദ്യ എം.ഫിൽ പ്രവേശനം നേടിയത് പരിശോധിക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.