കസേര കത്തിക്കൽ സംഭവം: ആരോപണ വിധേയരെ രക്ഷിച്ചെടുക്കാൻ ഉന്നതതല നീക്കം
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവം വഴിതിരിച്ചുവിട്ട് ആരോപണ വിധേയരായ അധ്യാപകരെ രക്ഷിക്കാൻ ശ്രമം. ഇടത് കോളജ് അധ്യാപക സംഘടനയുടെ തലപ്പത്തുള്ള ചിലർ ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ളവരുമായി ചേർന്നാണ് ഇതിനുള്ള ശ്രമം നടത്തുന്നത്. കസേര കത്തിച്ച സംഭവം മുൻകൂട്ടി അറിയുകയും പ്രേരിപ്പിക്കുകയും ചെയ്തവരെന്ന് കരുതുന്ന 11 അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ നേരത്തേതന്നെ സർക്കാറിന് കൈമാറിയിരുന്നു. ഇതിൽ ഏഴ് അധ്യാപകർ മഹാരാജാസ് കോളജിലും രണ്ടു പേർ സംസ്കൃത കോളജിലും രണ്ടു പേർ ആർ.എൽ.വി കോളജിലുമുള്ളവരാണ്. സംഭവത്തിൽ ഇവരുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടാണ് കോളജ് കൗൺസിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കൈമാറിയത്. ഇൗ റിപ്പോർട്ടിനെ തുടർന്ന് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലൈലാദാസ് കോളജിലെത്തി അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
കസേര കത്തിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെക്കുറിച്ച് ഒന്നും പറയാത്ത റിപ്പോർട്ട് പക്ഷേ, പ്രിൻസിപ്പലിനെ കുറ്റക്കാരിയാക്കി മാറ്റുകയായിരുന്നു. നിർണായകമായ മൊഴികൾ പോലും പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് തയാറാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. കസേര കത്തിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് പ്രിൻസിപ്പൽ ആണെന്ന വിചിത്ര റിപ്പോർട്ടാണ് ഡെപ്യുട്ടി ഡയറക്ടർ സമർപ്പിച്ചത്. പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിലാക്കി സംശയത്തിെൻറ നിഴലിലായ അധ്യാപകർക്കെതിരെ നടപടി ഒഴിവാക്കാൻ വഴിയൊരുക്കുന്നത് കൂടിയായിരുന്നു റിപ്പോർട്ട്. കസേര കത്തിച്ച സംഭവത്തിൽ ചില അധ്യാപകർക്കുള്ള പങ്ക് തെളിയിക്കുന്ന കാമറ ദൃശ്യങ്ങൾ പോലും ഡെപ്യൂട്ടി ഡയറക്ടർ പരിഗണിച്ചിട്ടില്ല.
പകരം ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി വിശ്വസിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. വിദ്യാർഥിയെ പീഡിപ്പിക്കുകയും പരീക്ഷയുടെ ഉത്തരേപപ്പർ അഴിച്ചുമാറ്റി തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് അധ്യാപികമാരെയും സംരക്ഷിക്കാൻ ഇടത് അധ്യാപക സംഘടനയുടെ തലപ്പത്തുള്ളവർ ശ്രമിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തെളിവുകൾ എല്ലാം ഇവർക്ക് എതിരായതോടെ ഇരുവരെയും താക്കീത് ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഇരുവരെയും സ്ഥലംമാറ്റാൻ ഉത്തരവിറങ്ങിയെങ്കിലും അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ സ്റ്റേ സമ്പാദിച്ച് കോളജിൽ തുടരുകയാണ്. വനിതാ അധ്യാപകരായ ജൂലിയ ഡേവിഡ്, സുമി ജോയി ഒലിയാപ്പുറം എന്നിവരാണ് സ്റ്റേയുടെ ബലത്തിൽ തുടരുന്നത്.
പ്രിന്‍സിപ്പല്‍ എൻ.എൽ. ബീനയും വനിതാ അധ്യാപകരായ ജൂലിയ ഡേവിഡ്, സുമി ജോയി ഒലിയാപ്പുറം എന്നിവർ ഒരേ സ്ഥാപനത്തില്‍ തുടരുന്നത് ഉചിതമായിരിക്കില്ല എന്നാണ് കസേര കത്തിക്കൽ സംഭവത്തിൽ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വനിതാ അധ്യാപകർ സ്റ്റേ സമ്പാദിച്ചതോടെ പ്രിൻസിപ്പൽ ബീനയെ സ്ഥലംമാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഇതുവഴി ആരോപണ വിധേയരായ അധ്യാപകരെ സംരക്ഷിച്ചെടുക്കാനുമാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.