‘മഹാരാജാസ്: ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള നീക്കം അപലപനീയം’
text_fieldsകൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ - മൂന്നാം വർഷ വിദ്യാർഥികൾ തമ്മിൽ നടന്ന ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്.എഫ്.ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ ബാസിത് പറഞ്ഞു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ റെപ്രസന്റേറ്റീവ് സീറ്റ് പരാജയത്തെ തുടർന്ന് കാമ്പസിൽ എസ്.എഫ്.ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ കഴിഞ്ഞ നിരവധി ദിവസങ്ങളിലായി തുടർച്ചയായി ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഫ്രറ്റേണിറ്റി പ്രവർത്തകെൻറ താമസ സ്ഥലത്തടക്കം കയറി മർദിച്ച എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് വ്യാജ പ്രചാരണം നടത്തുന്നത്. കഴിഞ്ഞ ദിവസം കോളജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചു എന്ന പ്രചാരണം കൂടി എസ്.എഫ്.ഐയും വിദ്യാർഥി യൂണിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ്.എഫ്.ഐ വീണ്ടും രംഗത്ത് വന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ഏറ്റെടുത്ത മാധ്യമങ്ങൾ ഫ്രറ്റേണിറ്റിയുടെ വിശദീകരണം ഉൾപ്പെടുത്താതെ ഏകപക്ഷീയമായ പ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ തുടരുന്ന ആസൂത്രിത ഗുണ്ടാ രാഷ്ട്രീയത്തെ വിദ്യാർഥികൾ തിരിച്ചറിയുക തന്നെ ചെയ്യും.
വ്യാജ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കാമ്പസിലെ സമാധാനന്തരീക്ഷം നിലനിർത്താൻ എല്ലാ വിദ്യാർഥികളും തയ്യാറാവണമെന്നും അഡ്വ. അബ്ദുൽ ബാസിത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.