കലാലയ മുത്തശ്ശിക്കും പറയാനുണ്ട്; ദേശഭക്തരും രാജഭക്തരും ഏറ്റുമുട്ടിയ ആ കഥ
text_fieldsകൊച്ചി: സ്വാതന്ത്ര്യ സമര പേരാട്ടത്തിന്റെ വീര സ്മരണകളാണ് നഗരത്തിലെ കലാലയ മുത്തശ്ശിയായ മഹാരാജാസ് കോളജിനുള്ളത്. 1947 ആഗസ്റ്റ് 14ന് രാത്രി 11നാണ് രാജ്യം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നതോടനുബന്ധിച്ച് കോളജിലെ കൊടിമരച്ചുവട്ടിൽ ദേശീയ പതാക ഉയർത്താനുളള ശ്രമത്തിനിടെ ദേശ സ്നേഹികളും രാജഭക്തരും ഏറ്റുമുട്ടിയത്.
അന്ന് കൊച്ചി രാജാവിന്റെ അധീനതയിലായിരുന്നു കോളജ്. കോളജിലെ കൊടിമരത്തിൽ ദേശീയ പതാകയുയർത്താൻ കൊച്ചി വിദ്യാർഥി ഫെഡറേഷന്റെയും വിദ്യാർഥി കോൺഗ്രസിന്റെയും പ്രവർത്തകർ തീരുമാനിച്ചു.
നേതാക്കളായ വി. വിശ്വനാഥമേനോൻ, വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, തമ്മനത്ത് അരവിന്ദാക്ഷ മേനോൻ, എൻ.എ. കരീം, ചന്ദ്രഹാസൻ, കെ.കെ. സത്യവ്രതൻ, ടി.സി.എൻ. മേനോൻ തുടങ്ങിയവരായിരുന്നു നേതൃത്വം.
ഇവർ ദേശീയ പതാകയുമായി കൊടിമരച്ചുവട്ടിലെത്തി. രാജാവിന്റെ പതാക താഴ്ത്താനാരംഭിച്ചു. പെട്ടെന്നായിരുന്നു രാജഭക്തരുടെ വരവ്. രാജ പതാകയും ദേശീയ പതാകയും ഒരുമിച്ച് കെട്ടണമെന്നതായിരുന്നു അവരുടെ ആവശ്യം. തർക്കത്തിനൊടുവിൽ ദേശീയ പതാക മറ്റൊരു കൊടിമരത്തിൽ കെട്ടാൻ തീരുമാനമായി.
ഇതിനിടയിൽ ആരോ രാജ പതാക വലിച്ചുതാഴെയിട്ടു. ഇതോടെ പൊരിഞ്ഞ അടിപൊട്ടി. രാജഭക്തരുടെ മർദനത്തിൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു. മർദനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ മന്ത്രി പനമ്പിള്ളിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പിറ്റേന്ന് രാവിലെ കോളജിലെത്തിയ വിദ്യാർഥികൾ ഒരു വിദ്യാർഥിനിയുടെ നേതൃത്വത്തിൽ സംഘടിച്ചു. കൊടിമരച്ചുവട്ടിലെത്തി ദേശീയപതാകയുയർത്തി.
തുടർന്ന് തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊച്ചിയിലെ പൊലീസ് സൂപ്രണ്ടായിരുന്ന മന്നാടിയാർ നായരുടെ മകളായിരുന്ന സുലോചനയായിരുന്നു നേതൃത്വം നൽകിയ ആ വിദ്യാർഥിനി. ഇതിന്റെ തുടർച്ചയായി പ്രിൻസിപ്പൽ 17 വിദ്യാർഥികളെ പുറത്താക്കിയതും ഇതിനെതിരെ നടന്ന തുടർ സമരങ്ങളുമെല്ലാം അക്കാലത്ത് നഗരത്തെ ഏറെ പ്രക്ഷുബ്ധമാക്കിയിരുന്നു.
സമരത്തിന് നേതൃത്വം നൽകിയവരെല്ലാം തന്നെ കാലയവനികക്കുളളിൽ മറഞ്ഞെങ്കിലും നഗരത്തിലെ പൊതുപ്രവർത്തകനും മഹാരാജാസ് പൂർവ വിദ്യാർഥി സംഘടന നേതാവുമായ സി.ഐ.സി.സി ജയചന്ദ്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് അധികമാർക്കുമറിയാതിരുന്ന ഈ ചരിത്രം പുറം ലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.