സംഘർഷാവസ്ഥ അയയാതെ മഹാരാജാസ്
text_fieldsകൊച്ചി: നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ അക്രമത്തിനൊടുവിൽ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചെങ്കിലും സംഘർഷാവസ്ഥ അയയുന്നില്ല.
വ്യാഴാഴ്ച രാത്രി ആൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ സംഘം യൂനിറ്റ് പ്രസിഡന്റ് നിയാസിന്റെ മുറി കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകൾക്ക് തീയിട്ടതായി കെ.എസ്.യു നേതൃത്വം അറിയിച്ചു. നിയാസിനൊപ്പം 35ാം നമ്പർ മുറിയിൽ താമസിക്കുന്ന കെ.എസ്.യു യൂനിറ്റ് ഭാരവാഹി ജുനൈസിന്റെ സർട്ടിഫിക്കറ്റുകളാണ് കത്തിനശിച്ചത്. കായികതാരമായ ജുനൈസിന്റെ ദേശീയ ചാമ്പ്യൻഷിപ്പിലടക്കം പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകൾ നശിച്ചതിൽപെടുന്നു.
ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, എറണാകുളം സെൻട്രൽ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ, ആശുപത്രിയിൽ എസ്.എഫ്.ഐ നടത്തിയ അതിക്രമം എന്നിവയിൽ കേസുകൾ പൊലീസ് അന്വേഷണം തുടരുകയാണ്.
എസ്.എഫ്.ഐ പ്രവർത്തകൻ നാസിർ അബ്ദുൽ റഹ്മാനെ അക്രമിച്ച കേസിൽ അറസ്റ്റിലായ എട്ടാം പ്രതിയും മൂന്നാം വര്‍ഷ എന്വയണ്മെന്റല് കെമിസ്ട്രി വിദ്യാര്‍ഥിയുമായ കെ.എസ്.യു പ്രവർത്തകൻ ഇജിലാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോളജിന് പുറത്തും ആശുപത്രിയിലും ആംബുലൻസിലും അക്രമിക്കപ്പെട്ട ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകൻ ബിലാലിനെ വിദഗ്ധ ചികിത്സക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ കഴിയുന്ന ബിലാലിന്റെ ദേഹമാസകലം കത്തികൊണ്ടുള്ള മുറിവും തോളെല്ലിന് പൊട്ടലും നെഞ്ചിന് മുറിവുമുണ്ട്. മഹാരാജാസിലെ അക്രമത്തിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് ഫ്രറ്റേണിറ്റി പരാതി നൽകി.
സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചിസ്ക്വയറിൽനിന്ന് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഘർഷവും കോളജ് അച്ചടക്കവുമടക്കം കാര്യങ്ങൾ ചർച്ച ചെയ്യാൻ 22ന് ഉച്ചക്ക് 1.30ന് പി.ടി.എ ജനറൽബോഡി ചേരുമെന്ന് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് അറിയിച്ചു.
ബുധനാഴ്ച അർധരാത്രിയോടെ നടന്ന സംഘർഷത്തിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി നാസിർ, ഏരിയ കമ്മിറ്റി അംഗം ഇ.വി. അശ്വതി എന്നിവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടന്ന അക്രമങ്ങളിൽ ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ, കെ.എസ്.യു പ്രവർത്തകൻ അമൽ ടോമി എന്നിവർക്കും ക്രൂര മർദനമേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.