മഹാശിവരാത്രി ഇന്ന്, ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍
text_fieldsതിരുവനന്തപുരം: പരമശിവന്റെ പ്രീതിക്കായി ഭക്തര്‍ വ്രതം നോറ്റ് ഉപാസിക്കുന്ന മഹാശിവരാത്രി ചൊവ്വാഴ്ച. ശിവരാത്രി ആഘോഷത്തിന് ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡിന്റെ നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തില്‍ ശിവക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ശിവാലയഓട്ടം തിങ്കളാഴ്ച വൈകീട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തില്‍ ആരംഭിച്ചു. കന്യാകുമാരിക്കൊപ്പം സമീപജില്ലകളായ തിരുവനന്തപുരം, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ നിന്നുള്ള ഭക്തരും ശിവാലയ ഓട്ടത്തിന് എത്തുന്നുണ്ട്.
കുംഭത്തിലെ കൃഷ്ണപക്ഷ ചതുര്ദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. പാലാഴിമഥനകഥയില് കാളകൂടം വിഴുങ്ങിയ ശിവന്റെ രക്ഷക്കായി ദേവകള്‍ പ്രാര്‍ഥിച്ച ദിവസം ഭക്തരും ശിവഭജനം നടത്തുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങളില്‍ ശിവരാത്രി സംബന്ധിച്ച് മറ്റ് കഥകളുമുണ്ട്.
വ്രതം നോറ്റ ഭക്തര്‍ ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതാണ് ശിവരാത്രിയുടെ ആചാരരീതി. തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളില്‍ യാമപൂജയും ധാരയും പ്രധാന ക്ഷേത്രങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കും. ചൊവ്വാഴ്ച പുലര്‍ച്ച ആരംഭിക്കുന്ന പൂജകള്‍ ബുധനാഴ്ച രാവിലെ വരെ നടക്കും.
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ബുധനാഴ്ച പുലര്‍ച്ച ആറാട്ടോടുകൂടി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.