മികച്ച സര്‍വകലാശാലക്കുള്ള ചാന്‍സലേഴ്സ് ട്രോഫി എം.ജി വാഴ്സിറ്റിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സര്‍വകലാശാലക്കുള്ള ചാന്‍സലേഴ്സ് ട്രോഫി കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലക്ക്. അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ചാന്‍സലറായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അംഗീകരിക്കുകയായിരുന്നു. വിവിധ മേഖലകളിലെ മികവിന് 600ല്‍ 370.31 പോയന്‍റ് നേടിയാണ് എം.ജി ഒന്നാം സ്ഥാനത്തത്തെിയത്.
സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പുരസ്കാര തുക വിനിയോഗിക്കാം. അവാര്‍ഡ് വൈകാതെ സമ്മാനിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. ഉയര്‍ന്നുവരുന്ന മികച്ച സര്‍വകലാശാലക്കുകൂടി അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇത് സര്‍ക്കാറിന്‍െറ പരിഗണനക്ക് കൈമാറും.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ് ചെയര്‍മാനും ഗവര്‍ണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധൊദാവത് കണ്‍വീനറുമായ സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സില്‍ എക്സി. വൈസ് പ്രസിഡന്‍റ് ഡോ. സുരേഷ്ദാസ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രഫ. കുല്‍ബൂഷന്‍ ബലൂനി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഡയറക്ടര്‍ പ്രഫ. വി. രാമകൃഷ്ണന്‍, കൊച്ചി നുവാല്‍സ് വൈസ്ചാന്‍സലര്‍ പ്രഫ. റോസ് വര്‍ഗീസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അക്കാദമിക് മികവിന് 225 മാര്‍ക്കും പഠനബോധനരീതിക്ക് 60ഉം വിദ്യാര്‍ഥി മികവിന് 110ഉം അക്കാദമിക ഭരണമികവിന് 80ഉം മറ്റ് മേഖലകളിലെ നേട്ടങ്ങള്‍ക്ക് 125ഉം ആയിരുന്നു പരമാവധി മാര്‍ക്ക്. ഈ മേഖലകളില്‍ 37 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് മികവ് വിലയിരുത്തിയത്. വൈസ്ചാന്‍സലറുടെ പ്രവര്‍ത്തന മികവും പുരസ്കാരത്തിന് പരിഗണിച്ചു. 2015 ഏപ്രില്‍ ഒന്നുമുതല്‍ 2016 ജൂണ്‍ 30വരെ കാലയളവാണ് പരിഗണിച്ചത്. 11 സര്‍വകലാശാലകളാണ് അപേക്ഷിച്ചതും കമ്മിറ്റി മുമ്പാകെ മികവ് വിശദീകരിച്ചതും. ഇവിടങ്ങളില്‍ ഗവര്‍ണര്‍ നിയോഗിച്ച അഞ്ചംഗ കമ്മിറ്റി നേരിട്ടത്തെി രേഖകള്‍ പരിശോധിച്ചു. പ്രഥമ ട്രോഫി കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാലക്കാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.