ഗാന്ധി ഘാതകൻ ഒരു വ്യക്തിയല്ല, ആശയം; സംഘ്പരിവാർ മഹാത്മാവിനെ മറക്കാൻ പറയുന്നു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഭാരതത്തിന്റെ ഹൃദയം തകർന്ന ദിനത്തിന്റെ ഓർമ്മപ്പെടുത്തലാണ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഇന്ത്യ എന്ന ആശയം ആഴത്തിൽ മുറിവേറ്റതിന്റെ ഓർമ്മ ദിവസം. രാഷ്ട്ര പിതാവിന്റെ ഘാതകൻ ഒരു വ്യക്തിയായിരുന്നില്ല, അതും ഒരു ആശയമായിരുന്നു. സംഘ്പരിവാറിന് വെടിവച്ചിടാനേ ആയുള്ളൂ. മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ഇന്നും ജീവിക്കുന്നു’ -സതീശൻ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ പേരിനെയും ചിത്രത്തെയും പോലും ഭയക്കുന്നവർ രാജ്യം ഭരിക്കുന്ന കാലത്തും മഹാത്മജിയുടെ മഹത്വം മേൽക്കുമേൽ വർധിക്കുകയാണ്. അദ്ദേഹം മുന്നോട്ട് വച്ച മതേതരത്വത്തിന്റെ അടിത്തറ മാനവികതയായിരുന്നു. ഏറ്റവും വലിയ അനുഭൂതിയായ സ്വാതന്ത്ര്യം രാജ്യത്തിന് നേടിക്കൊടുത്തതിന് മരണം പകരം ലഭിച്ച രക്തസാക്ഷി... ബിർള മന്ദിറിൻ്റെ നടപ്പാതയിൽ തളംകെട്ടി നിന്ന ചോരയിൽ നിന്ന് ഒരാൾ അമരനായി ഉയിർക്കുന്നു .
സംഘ്പരിവാർ മഹാത്മാവിനെ മറക്കാൻ പറയുകയാണ്. നമ്മൾ മറക്കുന്നില്ലെന്ന് കാണുമ്പോൾ അവർ പുസ്തകങ്ങളും എഴുത്തുകളുമൊക്കെ മായ്ക്കുകയോ നമ്മളിൽ നിന്ന് മറച്ചു വയ്ക്കുകയോ ചെയ്യുന്നു. പക്ഷേ ഒന്നോർക്കണം, ഇന്ത്യയെന്ന മണ്ണിന്റെ ആത്മാവാണ് ഗാന്ധിയും ഗാന്ധിസവും -സതീശൻ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.