തൊഴിലുറപ്പ്: ജോലിക്കിടെ മുങ്ങുന്നവരെ പൊക്കും; ‘ഇരട്ട വേതനം’ പലിശസഹിതം തിരിച്ചുപിടിക്കും
text_fieldsകോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികളെ പൊക്കാനും ഇതിന് കൂട്ടുനിൽക്കുന്ന മേറ്റുമാരെ കരിമ്പട്ടികയിൽപെടുത്താനും സർക്കാർ നിർദേശം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളിൽ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം കൈപ്പറ്റുന്നതും വിലക്കി ഉത്തരവായി.
ഓഡിറ്റ് റിപ്പോർട്ടുകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാന്മാരുടെ അന്വേഷണ റിപ്പോർട്ടുകളിലും ഇക്കാര്യങ്ങൾ വലിയ ക്രമക്കേടായി ചൂണ്ടിക്കാണിച്ചതോടെയാണിത്.
ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലെ ജനപ്രതിനിധികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. എന്നാൽ, ഹാജർ രേഖപ്പെടുത്തിയശേഷം ജോലി ചെയ്യാതെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി യോഗത്തിലും മറ്റ് ഔദ്യോഗിക യോഗത്തിലും പങ്കെടുത്ത് ബത്ത വാങ്ങുന്നതാണ് തടഞ്ഞത്. ‘ഇരട്ട വേതനം’ എന്ന നിലക്കാണ് തദേശ വകുപ്പിന്റെ നടപടി.
ഇങ്ങനെ രണ്ടുവേതനം കൈപ്പറ്റിയവരെക്കൊണ്ട് തൊഴിലുറപ്പിലെ കൂലി 18 ശതമാനം പലിശസഹിതം പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടപ്പിക്കാനും നിർദേശമുണ്ട്. ജനപ്രതിനിധികൾക്ക് ‘ഇരട്ട വേതനം’ ലഭിക്കാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ബന്ധപ്പെട്ട മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
തൊഴിലുറപ്പ് പദ്ധതി മസ്റ്റർ റോളിൽ ഒപ്പിട്ട തൊഴിലാളികൾ മുഴുവൻ പ്രവൃത്തിസമയത്ത് ഹാജരുണ്ട് എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തുകയും ഹാജറില്ലാത്തവരുടെ പേരിനുനേരെ ആബ്സന്റ് മാർക്ക് ചെയ്യുകയും വേണം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടെ സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ നിശ്ചിത സമയത്തിനുമുമ്പേ തൊഴിൽ അവസാനിപ്പിക്കുന്നതടക്കം ശ്രദ്ധയിൽ വന്നതിനാലാണ് പരിശോധന കർശനമാക്കുന്നത്.
സ്ഥലത്തില്ലാത്തവരുടെ ഹാജർ രേഖപ്പെടുത്തിയതായി കണ്ടാൽ അത് സൈറ്റ് ഡയറിയിൽ എഴുതി നടപടി സ്വീകരിക്കാൻ മേറ്റിനെ ചുമതലപ്പെടുത്തണം. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാത്ത മേറ്റുമാതെ ഇനി കരിമ്പട്ടികയിൽപെടുത്തുകയും പദവിയിൽനിന്ന് ഒഴിവാക്കുകയും ചെയ്യും. സാങ്കേതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അളവിനൊത്ത പ്രവൃത്തി നടത്തിയെന്ന് ഉറപ്പാക്കണം. ഇതിൽ വീഴ്ചയുണ്ടെങ്കിൽ അത് സാങ്കേതിക ജീവനക്കാരുടെ ബാധ്യതയായാണ് ഇനി കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.