തീരാനോവായി എ.എസ്.ഐ മനോജ് കുമാർ; വിയോഗം മകൻ മരിച്ചതിന്റെ രണ്ടാം വർഷം
text_fieldsമാഹി: ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ച മാഹി പന്തക്കൽ പൊലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ചന്ദ്ര വിഹാറിലെ എ.വി. മനോജ് കുമാറി(54)ന്റെ വിയോഗം നാടിനും സഹപ്രവർത്തകർക്കും തീരാനോവായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ പൊലീസ് വാഹനത്തിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലശേരി സായ് കേന്ദ്രത്തിൽ ജിംമ്നാസ്റ്റിക് വിഭാഗത്തിൽ പരിശീലനം അഭ്യസിച്ചിരുന്ന മകൻ സംഗീത് രണ്ട് വർഷം മുമ്പ് പുന്നോലിലുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇത് മനോജ് കുമാറിനെ ഏറെ തളർത്തിയിരുന്നു. യാനം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കോവിഡ് ബാധിച്ചത് ആരോഗ്യപ്രശ്നം സൃഷ്ടിച്ചിരുന്നു.
ധർമടം ഗവ. ബ്രണ്ണൻ കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയ ശേഷമാണ് പൊലീസിൽ ചേർന്നത്. പുതുച്ചേരി, യാനം പൊലീസ് സ്റ്റേഷനുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മികച്ച സംഘാടകനായാണ് മനോജ് കുമാർ സേനയിൽ അറിയപ്പെടുന്നത്. മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഗായകനും ക്രിക്കറ്റ്, ഫുട്ബോൾ കളിക്കാരനമായിരുന്ന ഇദ്ദേഹം പീറ്റർ നേതൃത്വം നൽകിയിരുന്നതുൾപ്പെടെ വിവിധ ഗായക സംഘങ്ങളിൽ അമച്വർ ഗായകനായിരുന്നു.
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കണ്ടിക്കൽ നിദ്രാ തീരം വാതകശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പിതാവ്: എ. ചന്ദ്രൻ. മാതാവ്: ടി.വി. രതി. ഭാര്യ: ജയ്ഷ. മക്കൾ: സാന്ദ്ര, പരേതനായ സംഗീത്. സഹോദരങ്ങൾ: എ.വി. മഞ്ജുള, എ.വി. മായ, എ.വി. മഞ്ജുഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.