മാഹി പാലം ഗതാഗതത്തിനായി തുറന്നു
text_fieldsമാഹി: ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഞായറാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നു. കഴിഞ്ഞമാസം 29നാണ് പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടത്. പണി പൂർത്തിയാക്കി മേയ് 10ന് തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും പിന്നീട് 19 വരെ അടച്ചിടൽ ദീർഘിപ്പിച്ചു. മഴയും മെല്ലെപോക്കും കാരണമാണ് അറ്റകുറ്റപ്പണി വൈകിയത്.
മാഹിപാലം അടച്ചിട്ടതിനെ തുടർന്ന് പാലത്തിന്റെ നടപ്പാതയിലൂടെ കാൽനടയാത്ര മാത്രമായിരുന്നു ഇരുവശത്തേക്കും അനുവദിച്ചത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ പലവഴിക്ക് തിരിച്ചുവിട്ടപ്പോൾ ജനം അക്ഷരാർഥത്തിൽ ദുരിതത്തിലായി. പാലത്തിന്റെ എക്സ്പാൻഷൻ ജോയിൻ്റുകളിലെ കോൺക്രീറ്റിങ് കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ് അവശിഷ്ടങ്ങൾ യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി.
കംപ്രസർ എയർപൈപ്പുപയോഗിച്ച് റോഡിലുള്ള പൊടി മാലിന്യവും നീക്കി. ഇതിന് ശേഷമുണ്ടായ ചെറിയ ചാറ്റൽമഴ കാരണം ടാറിങ്ങിന് ഉറപ്പുലഭിക്കുമോയന്ന ആശങ്കയുയർന്നിരുന്നു. മാഹി ബസലിക്ക മുതൽ പൂഴിത്തലവരെ കഴിഞ്ഞദിവസം നടത്തിയ ടാറിങ്ങിനെതിരെ മാഹി മെയിൻ റോഡിലെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു. മഴക്കാലത്ത് ടാറിങ് നടത്തിയാൽ ഏറെക്കാലം കഴിയുംമുമ്പ് റോഡ് കുണ്ടുംകുഴിയുമായി മാറുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, ടാറിങ് നടത്തുമ്പോൾ രണ്ട് കെമിക്കൽ മിശ്രിതം കൂടി ചേർക്കുന്നതിനാൽ വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ വീണ്ടും ടാറിങ് നടത്തേണ്ട ആവശ്യം വരികയുള്ളൂവെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
സാങ്കേതിക വിദഗ്ധർ, എൻജിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയാണ് റീജനൽ അഡ്മിനിസ്ട്രേറ്റർ തങ്ങൾക്ക് ഉറപ്പ് നൽകിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽ കുമാർ പറഞ്ഞു. നേരത്തെയുള്ള മൂന്നുവർഷ പരിപാലന ചുമതല അഞ്ചുവർഷമാക്കി വർധിപ്പിച്ചതായാണ് സൂചന. മാഹിപാലത്തിന്റെ അറ്റകുറ്റപ്പണി എറ്റെടുത്ത കരാർ കമ്പനിക്ക് പരിപാലന ചുമതലയുള്ളതിനാൽ ആശങ്കക്കടിസ്ഥാനമില്ലെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.