പുതുവർഷം പുതുപാത; മാഹി ബൈപ്പാസ് യാഥാർഥ്യമാകുന്നു
text_fieldsകണ്ണൂർ: നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഈ പുതുവർഷത്തിൽ മുഴപ്പിലങ്ങാട്- മാഹി ബൈപാസ് യാഥാർഥ്യമാകുന്നു. പ്രവൃത്തി ഈ മാസത്തോടെ പൂർത്തിയാവും. മെല്ലെപ്പോക്കിലായിരുന്ന മാഹി റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവ ദ്രുതഗതിയിൽ നടക്കുകയാണ്. ജനുവരി അവസാനത്തോടെ പൂർത്തിയാവും.
18.6 കി.മീറ്റർ നീളം
മുഴപ്പിലങ്ങാട് ടോൾ ബൂത്ത് മുതൽ മാഹി അഴിയൂർ ഗവ. എച്ച്.എസ്.എസ് വരെയുള്ള പാതയുടെ നീളം 18.6 കി.മീറ്റർ. 1300 കോടി രൂപയാണ് നിർമാണ ചെലവ്. നാലു വലിയ പാലങ്ങള്‍, റെയില്‍വേ മേല്‍പാലം, നാല് വലിയ അടിപ്പാതകള്‍, 12 ഇടത്തരം അടിപ്പാതകൾ, അഞ്ച് ചെറിയ അടിപ്പാതകൾ, ഒരു മേൽപാത എന്നിവ അടങ്ങുന്നതാണ് ബൈപാസ്.
മുഴപ്പിലങ്ങാട്-അഴിയൂർ യാത്രക്ക് വേണ്ടത് 15 മിനിറ്റ്
ഏറെ കാത്തിരിപ്പിനൊടുവിൽ മാഹി ബൈപാസ് പൂർത്തിയാവുന്നതോടെ മുഴപ്പിലങ്ങാടുനിന്ന് അഴിയൂരിലെത്താൻ 15 മിനിറ്റ് മതിയാവും. ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. നിലവിൽ മണിക്കൂറോളമെടുത്താണ് വാഹനങ്ങൾ ഇതുവഴി ഇഴഞ്ഞുനീങ്ങുന്നത്. മാഹിയിലെയും തലശ്ശേരിയിലെയും വീതി കുറഞ്ഞ റോഡിൽ ഭാരവാഹനങ്ങൾ കുടുങ്ങി ഗതാഗതക്കുരുക്കുണ്ടാവുന്നതും നിത്യസംഭവം.
സുരക്ഷയൊരുങ്ങി
ബൈപാസ് പെയിന്റിങ്, മിഡിയൻ നിർമാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പൂർത്തിയാക്കി. ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകളും നേരത്തേ ഒരുക്കി.
ബാലത്തിൽ പാലമായി
നിർമാണത്തിനിടെ തകർന്നുവീണ ബാലത്തിൽ പാലം പൂർത്തിയായി. 1.17 കിലോമീറ്റർ നീളത്തിൽ ബൈപാസിലെ ഏറ്റവും വലിയ പാലമാണ് ബാലത്തിൽ. 900 മീറ്ററിൽ നിർമിക്കാൻ ഉദ്ദേശിച്ച പാലം വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് 1.17 കിലോമീറ്ററായി നീട്ടിയത്. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കാൻ വൈകിയത്.
റെയിൽവേ മേൽപാലം ബാക്കി
മാഹി റെയിൽവേ മേൽപാലത്തിന്റെ ആറ് സ്പാനുകളിൽ ഒന്നിന്റെ കോൺക്രീറ്റ് അടക്കം പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുകയാണ്. ഓരോ പ്രവൃത്തിക്കും റെയിൽവേയിൽനിന്ന് അനുമതി ലഭിക്കേണ്ടതിനാൽ മാഹി മേൽപാലം നിർമാണം വൈകിയത്.
ഗർഡറുകൾ സ്ഥാപിക്കൽ നേരത്തേ പൂർത്തിയായിരുന്നു. അനുബന്ധ പ്രവൃത്തികൾക്കായി െട്രയിനുകളുടെ വേഗം നിയന്ത്രിച്ചും വൈദ്യുതിലൈൻ ഓഫാക്കിയുമാണ് റെയിൽവേ മേൽനോട്ടത്തിൽ പ്രവൃത്തി നടത്തിയത്.
30 മാസത്തിന് പകരം 5 വർഷം
മാഹി ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലമേറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. 30 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. കോവിഡും പ്രളയവും നിർമാണം വൈകിപ്പിച്ചു. നേരത്തേ 2021ലും 2022ലും പാത പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വൈകി. 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചതും നടപ്പായില്ല.
െക്രഡിറ്റിൽ പോര്
ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് മാഹി ബൈപാസ് തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ ബൈപാസ് പൂർത്തീകരിച്ചതിന്റെ അംഗീകാരം തങ്ങളുടെതാക്കാൻ രാഷ്ട്രീയപാർട്ടികൾ സമൂഹമാധ്യമങ്ങളിൽ പോരും തുടങ്ങിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ നേട്ടമായി സി.പി.എമ്മും മോദി സർക്കാറിന്റെ നേട്ടമായി ബി.ജെ.പി പ്രവർത്തകരും സൈബറിടങ്ങളിൽ പോരടിക്കുന്നുണ്ട്.
സമാന്തരമായി സർവിസ് റോഡ്
പാതയുടെ ഭാഗമായി രണ്ടു വശത്തും സർവിസ് റോഡ് ഒരുക്കിയിട്ടുണ്ട്. മാഹിയിൽ സർവിസ് റോഡ് നിർമാണം പൂർത്തിയാകാനുണ്ട്.സർവിസ് റോഡ് വഴിയാണ് പ്രാദേശികയാത്രക്കാർ ബൈപാസിലേക്ക് പ്രവേശിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.