സംഘർഷമൊഴിയാതെ മാഹി; പാർട്ടി ഒാഫിസുകൾക്ക് നേരെ ആക്രമണം
text_fieldsതലശ്ശേരി: മണിക്കൂറിനിടെ രണ്ടു രാഷ്ട്രീയകൊലപാതകങ്ങൾ അരങ്ങേറിയ മാഹി പള്ളൂരിൽ ചൊവ്വാഴ്ചയും വ്യാപക അക്രമം. മാഹി തീരദേശ പൊലീസിെൻറ ജീപ്പ് ആക്രമികളുടെ തീവെപ്പിൽ പൂർണമായി കത്തിനശിച്ചു. പാര്‍ട്ടി ഓഫിസുകൾക്കുനേരെയും ആക്രമണമുണ്ടായി. പള്ളൂരിലെ ബി.ജെ.പി ഒാഫിസിന് തീയിട്ടു. കീഴന്തിമുക്കില്‍ ബി.എം.എസ് മേഖല കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. കോമത്തുപാറയില് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേെര ബോംബേറുമുണ്ടായി.
തിങ്കളാഴ്ച കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിെൻറ മൃതദേഹം പള്ളൂരിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടുവളപ്പിലും ന്യൂ മാഹിയിൽ കൊലെചയ്യപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിെൻറ മൃതദേഹം പെരിങ്ങാടി ഇൗച്ചിയിലെ വീട്ടുപറമ്പിലും സംസ്കരിച്ചു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ കണ്ണൂർ ജില്ലയിലും മാഹിയിലും പൂർണമായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി സബ് ഡിവിഷനിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ജില്ലയിൽ പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ബി.എം.എസ് ഓഫിസിന് നേരെ ആക്രമണമുണ്ടായത്. സമീപത്തുതന്നെയുള്ള ബി.ജെ.പി പ്രവര്ത്തകന് എന്‍. രാമകൃഷ്ണെൻറ ടയര്‍ കടക്ക് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കോമത്തുപാറയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായത്. ഓഫിസിെൻറ ജനൽച്ചില്ല് തകര്‍ന്നു. ചുമരിന് കേടുപാടുമുണ്ടായി. തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡിലെയും പഴയ ബസ്സ്റ്റാന്‍ഡിലെയും ബി.ജെ.പിയുടെയും ബി.എം.എസിൻറയും കൊടിമരം പിഴുതുകൊണ്ടുപോയി. ബി.ജെ.പി പ്രവർത്തകൻ ദേവരാജെൻറ വീടിനു നേരെയും ആക്രമണം ഉണ്ടായി. വീടിെൻറ ജനൽ ഗ്ലാസുകൾ തകർന്നു. മാഹി പാലത്തിനു സമീപത്തെ സി.പി.എം കൊടിമരം തകർത്തു. രാഷ്ട്രീയകൊലപാതകങ്ങളെ തുടർന്ന് പള്ളൂരിലെയും ന്യൂ മാഹിയിലെയും ജനങ്ങൾ ഭീതിയുടെ മുൾമുനയിലാണ്. വൈകുന്നേരത്തോടെതന്നെ റോഡുകളെല്ലാം വിജനമായി.
കണ്ണൂരിൽ ഹർത്താൽ പൂർണം
കണ്ണൂർ: പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂർ ജില്ലയിലും മാഹിയിലും പ്രഖ്യാപിച്ച ഹർത്താൽ പൂർണം. മാഹിയിൽ പലയിടങ്ങളിലും അക്രമങ്ങളും അരങ്ങേറി. ഇരട്ടപ്പിലാക്കൂലിൽ ബി.ജെ.പി ഒാഫിസ് അഗ്നിക്കിരയാക്കുകയും മാഹിയിൽ പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി സബ് ഡിവിഷനിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷം പടരുന്നത് തടയാൻ ജില്ലയിൽ പൊലീസ് പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി.
തിങ്കളാഴ്ച രാത്രി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബു കണ്ണിപ്പൊയിലും ബി.ജെ.പി പ്രവർത്തകൻ ഷമേജും കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു പാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ചത്. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും നിരത്തുകളിൽ വാഹനങ്ങൾ കുറവായിരുന്നു. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. സർക്കാർ ഒാഫിസുകളിലും ജീവനക്കാർ കുറവായിരുന്നു.
കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ടൗണുകളൊക്കെ നിശ്ചലമായി. റെയിൽവേ സ്റ്റേഷനിലുള്ള ചില ഹോട്ടലുകൾ പ്രവർത്തിച്ചതൊഴികെ മറ്റ് കടകളൊന്നും തുറന്ന് പ്രവർത്തിച്ചില്ല. ഹർത്താൽ ആഹ്വാനം വകവെക്കാതെ ചിലർ കടകൾ തുറക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടി പ്രവർത്തകർ ഇടപെട്ട് അടപ്പിച്ചു. വാരം ടൗണിൽ പച്ചക്കറിക്കട അടപ്പിക്കാനുള്ള ശ്രമം നാട്ടുകാരും പാർട്ടി പ്രവത്തകരും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. തുടർന്ന് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി സമരക്കാരുടെ ബൈക്കുകൾ ഉൾപ്പെടെ കസ്റ്റഡിയിെലടുത്തു.
പൊലീസിനെ അവിശ്വസിച്ച് സി.പി.എമ്മും ബി.ജെ.പിയും
കണ്ണൂർ: മണിക്കൂറിനിടയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പൊലീസിനെ അവിശ്വസിച്ച് സി.പി.എമ്മും ബി.ജെ.പിയും. കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു മാഹി പള്ളൂർ സ്വദേശിയാണ്. കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപമാണ് ബാബുവിനുനേരെ ആക്രമണമുണ്ടായത്. ഇൗ പ്രദേശം ഉൾപ്പെടുന്ന പള്ളൂർ പൊലീസ് സ്റ്റേഷൻ പുതുച്ചേരി സംസ്ഥാനത്തിെൻറ ഭാഗമായ മാഹിയുടെ പരിധിയിലായതിനാൽ കേസ് അന്വേഷിക്കുന്നത് മാഹി പൊലീസാണ്.
പുതുച്ചേരി കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും പൊലീസിന് ആർ.എസ്.എസ് ചായ്വാണെന്ന് സി.പി.എം ആരോപിക്കുന്നു. ജില്ല സെക്രട്ടറി പി. ജയരാജൻ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ബാബുവിനുനേരെ നേരത്തെ വധശ്രമമുണ്ടായപ്പോൾ മാഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് പൊലീസ് ഗൗരവത്തിലെടുത്തില്ലത്രെ. പ്രതികളെ പിടികൂടുന്നതിന് കാര്യക്ഷമതയുണ്ടാകാൻ സാധ്യതയില്ലെന്നും സി.പി.എം കരുതുന്നു. കണ്ണൂരിലെ പൊലീസിനെ ബി.ജെ.പി വേണ്ടത്ര വിശ്വസിക്കുന്നില്ല. പൊലീസിെൻറ പക്ഷപാതിത്വവും നിഷ്ക്രിയത്വവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു.
കൊല്ലപ്പെട്ട ബാബുവിനും ഷമേജിനും നാടിെൻറ അന്ത്യാഞ്ജലി
തലശ്ശേരി/മാഹി: രാഷ്ട്രീയ പ്രതിയോഗികളാൽ കൊലചെയ്യപ്പെട്ട പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനും ന്യൂ മാഹിയിൽ കൊലെചയ്യപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിനും നാടിെൻറ അന്ത്യാഞ്ജലി. ബാബുവിെൻറ മൃതദേഹം പള്ളൂരിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടുവളപ്പിലും ഷമേജിേൻറത് പെരിങ്ങാടി ഇൗച്ചിയിലെ വീട്ടുപറമ്പിലുമാണ് സംസ്കരിച്ചത്. ഇരുവർക്കും അന്ത്യ യാത്രാമൊഴി നൽകാൻ നൂറുകണക്കിന് പ്രവർത്തകരാണ് പൊതുദർശനത്തിനുവെച്ച സ്ഥലങ്ങളിലും വീടുകളിലും എത്തിയത്.
ബാബുവിെൻറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം നേതാക്കൾ ഏറ്റുവാങ്ങിയാണ് പള്ളൂരിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ.പി. ജയരാജൻ എം.എൽ.എ, പി.കെ. ശ്രീമതി എം.പി, പി. ജയരാജൻ, എ.എന്‍. ഷംസീര്‍ എം.എല്‍.എ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സഹദേവന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
വൈകീട്ട് മൂന്നു മണിയോടെയാണ് നിരവധി വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിൽ എത്തിച്ചത്. തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ഉച്ചയോടെ തന്നെ നാടിെൻറ പല ഭാഗത്തുനിന്ന് പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി മാടപ്പീടിക, പള്ളൂർ എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനുവെച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിെൻറ മൃതദേഹം മാഹി പാലത്തിൽ ബി.ജെ.പി നേതാക്കളായ സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, പി. സത്യപ്രകാശൻ, ആർ.എസ്.എസ് നേതാക്കളായ കെ.വി. ജയരാജൻ, പി. ഗോപാലൻകുട്ടി, വി. മണികണ്ഠൻ, യുവമോർച്ച പ്രസിഡൻറ് രതീഷ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന്, തുറന്ന വാഹനത്തിൽ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പെരിങ്ങാടി ഇൗച്ചിയിലെ വായനശാലക്ക് സമീപം പൊതുദർശനത്തിനുവെച്ചു. നിരവധി പ്രവർത്തകരും േനതാക്കളും അന്താഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. അവിടെ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് 6.30ഒാടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇരട്ടക്കൊലപാതകം: നാടും നഗരവും വൻ പൊലീസ് കാവലിൽ
തലശ്ശേരി: സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പള്ളൂർ, ന്യൂമാഹി, തലശ്ശേരി മേഖലയിൽ വൻ പൊലീസ് സന്നാഹം ഒരുക്കി. ജില്ലയിലേതിന് പുറെമ കോഴിക്കോട്, മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിലെ സേനയെയും സംഘർഷ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പൊലീസുകാരെയാണ് ഇവിടങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.
തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിൽ നാല് ഡിവൈ.എസ്.പിമാരും നിരവധി സി.െഎ, എസ്.െഎമാരും രംഗത്തുണ്ട്. ജില്ലയിലെ ലോക്കൽ പൊലീസിനു പുറമെ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ നിന്ന് 25, കണ്ണൂർ എ.ആറിൽനിന്ന് 25, എം.എസ്.പിയിൽനിന്ന് 77, വയനാട് എ.ആറിൽനിന്ന് 30, കോഴിക്കോട് സിറ്റിയിൽനിന്ന് 50, കോഴിക്കോട് റൂറലിൽനിന്ന് 23, ആർ.ആറിൽനിന്ന് 25 എന്നിങ്ങനെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട സേനാംഗങ്ങളുടെ എണ്ണം. ഉളിക്കൽ, ആറളം, പേരാവൂർ, ശ്രീകണ്ഠപുരം, പയ്യന്നൂർ, ചക്കരക്കല്ല്, മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള എസ്.െഎമാരും ഡ്യൂട്ടിക്കുണ്ട്. വിവിധ സ്റ്റേഷനുകളിലെയും കൺട്രോൾ റൂമിലെയും െമാബൈൽ യൂനിറ്റുകളും രംഗത്തുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പിക്കറ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഷമേജിെൻറ പോസ്റ്റ്മോർട്ടം വൈകിച്ചെന്ന്; മോർച്ചറിക്കുമുന്നിൽ ആർ.എസ്.എസ് പ്രതിഷേധം
കോഴിക്കോട്: മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിെൻറ (41) പോസ്റ്റ്മോർട്ടം അനാവശ്യമായി വൈകിച്ചെന്ന ആരോപണവുമായി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ പ്രവർത്തകർ ഏറെ നേരം പ്രതിഷേധിച്ചു.
രാവിലെ പത്തരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും 11.45നാണ് പോസ്റ്റ്മോർട്ടം തുടങ്ങിയത്. സാധാരണഗതിയിൽ ഒന്നോ ഒന്നരയോ മണിക്കൂറാണ് പോസ്റ്റ്മോർട്ടത്തിന് എടുക്കാറുള്ളത്. അപൂർവ സാഹചര്യങ്ങളിൽ രണ്ടുമണിക്കൂർ വരെ നീളും. എന്നാൽ, ഷമേജിേൻറത് നാലേകാൽ മണിക്കൂറോളമെടുത്തു. വൈകീട്ട് നാലിനാണ് മൃതദേഹം വിട്ടുനൽകിയത്. ഇത് മനഃപൂർവമാണെന്നും ആഭ്യന്തര വകുപ്പിെൻറ കൃത്യമായ അജണ്ടയാണ് ഇതിനുപിന്നിലെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ഏറെനേരം കാത്തുനിന്ന പ്രവർത്തകർ പിന്നീട് മോർച്ചറിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നേതാക്കളും പൊലീസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻ കുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി മോർച്ചറിക്കുമുന്നിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മാഹിയിലേക്ക് കൊണ്ടുപോയി. ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, കണ്ണൂർ ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. മോർച്ചറിക്കുമുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.
കരയാൻപോലുമാകാതെ രണ്ടു കുടുംബങ്ങൾ
തലശ്ശേരി: രണ്ടു കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമായ യുവാക്കൾ ചേതനയറ്റ് വീട്ടുമുറ്റത്ത് കിടന്നപ്പോൾ കരയാൻപോലുമാകാതെ രണ്ടു കുടുംബങ്ങൾ. തിങ്കളാഴ്ച രാത്രി പ്രിയപ്പെട്ടവരുടെ മരണവാർത്തയറിഞ്ഞതുമുതൽ കരഞ്ഞു തളർന്നിരുന്നു അവർ. പള്ളൂരിൽ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബാബുവിെൻറയും ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിെൻറയും രാഷ്ട്രീയം രണ്ടാണെങ്കിലും കുടുംബത്തിെൻറ ദുഃഖവും വേദനയും ഒന്നായിരുന്നു. ബാബുവിെൻറ മക്കളായ അനാമികക്കും അനുപ്രിയക്കും അനുനന്ദിനും പ്രിയപ്പെട്ട അച്ഛനെ നഷ്ടമായപ്പോൾ ഷമേജിെൻറ മകൻ അഭിനവിനും ഇല്ലാതായത് അച്ഛൻതന്നെ. രാഷ്ട്രീയത്തിെൻറ പേരിൽ രണ്ടു കുടുംബത്തിനും ആശ്രയം നഷ്ടമായപ്പോൾ അവരും നിരാശ്രയകുടുംബത്തിലേക്ക് കണ്ണിചേർക്കപ്പെട്ടു.
മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ബാബുവിെൻറ ഭാര്യ അനിതയും ഷമേജിെൻറ ഭാര്യ ദീപയും ബന്ധുക്കളുടെ കരവലയത്തിലാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ വീട്ടുമുറ്റത്തിറങ്ങിയത്. കരഞ്ഞ് കണ്ണീർ വറ്റിയതായിരുന്നു അവരുടെ കണ്ണുകൾ. കൈപിടിച്ച് അച്ഛന് ഉമ്മനൽകുേമ്പാൾ കുട്ടികൾക്ക് മുന്നിലെ കാഴ്ചയുടെ ആഴം തിരിച്ചറിയാനാകുമായിരുന്നില്ല. ചുറ്റും കൂടിനിന്നവർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു മൃതദേഹങ്ങൾ കിടത്തിയ ഒാരോ വീട്ടിലെയും കരളലിയിപ്പിക്കുന്ന കാഴ്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.