ലോക്ക്ഡൗൺ ലംഘനം: കേസെടുത്തത് ഗൂഡാലോചന -എം.എൽ.എ
text_fieldsമാഹി: ലോക്ക്ഡൗണിനിടെ സർക്കാർ സംവിധാനം ഉപയോഗിച്ച് നടത്തിയ കിറ്റ് വിതരണം കോൺഗ്രസ് തടഞ്ഞതും നിയമ ലംഘനം ആരോപിച്ച് കേസെടുത്തതും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ. തനിക്കെതിരെ കേസെടുത്ത കാര്യം പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ല. മാധ്യമ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.
ആഴ്ചകളോളമായി ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സർക്കാർ ആനുകൂല്യം ലഭിക്കാതായപ്പോഴാണ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 2,000ഓളം കിറ്റുകൾ സമാഹരിച്ച് വിതരണം നടത്തിയത്. സർക്കാർ നിയന്ത്രണത്തിലാണ് കിറ്റ് വിതരണം നടന്നത്. നോഡൽ ഓഫീസർ നിയോഗിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. കിറ്റ് വിതരണം തടഞ്ഞ സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിെൻറ ഉത്തരവാദിത്വം ഇതിനു മേൽനോട്ടം വഹിച്ചവരുടേതാണ് -എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.
മാഹി ബീച്ച് റോഡിൽ ലോക്ക്ഡൗൺ നിയമം ലംഘിച്ച് കൂട്ടംചേർന്നതിനാണ് എം.എൽ.എക്കും സി.പി.എം പ്രവർത്തകർക്കുമെതിരെ മാഹി പൊലീസ് കേസെടുത്തത്. ഐ.പി.സി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.