മഹേശന്റെ മരണം: വെള്ളാപ്പള്ളിയും കൂട്ടരും അപവാദം പ്രചരിപ്പിച്ചു, ഭർത്താവ് തെറ്റുകാരനല്ലെന്ന് തെളിയണം- ഉഷാദേവി
text_fieldsആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിന് ഉത്തരവാദി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണെന്നും ഇക്കാര്യം ഉറപ്പുണ്ടെന്നും മഹേശന്റെ ഭാര്യ പി. ഉഷാദേവി. മഹേശൻ കള്ളനും തട്ടിപ്പുകാരനുമാണെന്നും സ്ത്രീലമ്പടനാണെന്നുംവരെ അപവാദ പ്രചാരണം നടത്തുകയാണ് വെള്ളാപ്പള്ളി. ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. നീതി കിട്ടുംവരെ പോരാട്ടം തുടരും. വെള്ളാപ്പള്ളിയെ തൂക്കിക്കൊല്ലാനല്ല തന്റെ പോരാട്ടമെന്നും ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കുകയാണ് ലക്ഷ്യമെന്നും അവർ 'മാധ്യമ'ത്തോട് വ്യക്തമാക്കി.
മൈക്രോ ഫിനാൻസ് കണക്കുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മഹേശൻ 32 പേജുള്ള കത്ത് നൽകിയതോടെയാണ് വെള്ളാപ്പള്ളിക്ക് അദ്ദേഹം ശത്രുവായത്. മഹേശൻ ജീവിച്ചിരുന്നാൽ ക്രമക്കേട് പുറത്തുവരുമെന്ന് മനസ്സിലാക്കി പൊലീസിനെ ഉപയോഗിച്ചും മറ്റും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടിലെ ക്രമക്കേട് അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെക്കുമെന്നും ഭീഷണി മുഴക്കി.
മരണദിവസംവരെ കൈയിലുണ്ടായിരുന്ന കറുത്ത ഡയറിയും പത്തനംതിട്ടയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കത്തും അദ്ദേഹത്തിന്റെ ഫോൺ പോലും കൈവശപ്പെടുത്തിവെച്ചിരിക്കുകയാണ്. മരിക്കുന്നതിന് തൊട്ടുമുമ്പ് മഹേശൻ വെള്ളാപ്പള്ളിയുടെ വീട്ടിൽ ചെന്നിരുന്നു. ഫോൺ പൊലീസിന്റെ കൈവശമോ വെള്ളാപ്പള്ളിയുടെ കൈകളിലോ എന്ന് വ്യക്തമല്ല.
വെള്ളാപ്പള്ളിയുടെ സമ്പത്തും രാഷ്ട്രീയ സ്വാധീനവുമില്ലാത്ത സാധാരണക്കാരായി പോയതാണ് പൊലീസിൽനിന്ന് നീതികിട്ടാതെ പോകാൻ കാരണം. പ്രത്യേക അന്വേഷണസംഘ തലവനായ ഐ.ജി ഹര്ഷിത അട്ടല്ലൂരി ഒരു തവണ പോലും പരാതിക്കാരിയായ തന്നെ കാണുകയോ മൊഴിയെടുക്കുകയോ ഉണ്ടായിട്ടില്ല. പലപ്പോഴായി ഉദ്യോഗസ്ഥരെ വിട്ട് മൊഴി രേഖപ്പെടുത്തുകയായിരുന്നു. അവർ സ്വാധീനത്തിന് വഴിപ്പെട്ടോയെന്ന് സര്ക്കാര് അന്വേഷിക്കണം.
മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് മഹേശൻ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇക്കാലമത്രയും വെള്ളാപ്പള്ളി ആരോപിച്ചിരുന്നത്. കേസിൽ പ്രതിയായതിന് പിന്നാലെ ഇത് വിഴുങ്ങിയ വെള്ളാപ്പള്ളി, വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത് കണിച്ചുകുളങ്ങര ക്ഷേത്രത്തിലും നിയമനങ്ങളിലും മറ്റുമായി 40 ലക്ഷം തട്ടിയെന്നാണ്. പഴയ നിലപാടിൽ സത്യമില്ലെന്ന് ബോധ്യപ്പെട്ട് മാറ്റിപ്പറച്ചിലാണിത്.
തന്റെ കൂടെ പതിനായിരം രൂപ ശമ്പളത്തിൽ വന്ന മഹേശന് ഈ കാണുന്ന സ്വത്ത് എവിടെ നിന്നുണ്ടായെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. സാധാരണക്കാരായ തങ്ങൾക്ക് എന്ത് സ്വത്താണുള്ളതെന്ന് ആർക്കും അന്വേഷിക്കാം. അനധികൃതമായി ഉണ്ടാക്കിയതായാലും അല്ലെങ്കിലും ഒളിച്ചുവെക്കാനാവില്ല. കോടതിയിൽ പ്രതീക്ഷയുണ്ടെന്നും ശരിയായ അന്വേഷണം നടന്നാൽ ഭർത്താവിന്റെ നിരപരാധിത്വം തെളിയുമെന്ന് വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ചാരമംഗലം എസ്.എൻ.വി എൽ.പി സ്കൂൾ അധ്യാപികയാണ് ഉഷ ദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.