ജീവിതദുഃഖങ്ങളെ പാടിത്തോൽപിക്കാൻ മഹ്ഫൂസ്
text_fieldsകൊല്ലം: ജീവിതദു:ഖങ്ങളെ പാട്ടു പാടി തോൽപ്പിക്കുകയാണ് കോഴിക്കോട് ഫറോക്ക് ഗണപതി ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മഹ്ഫൂസ് റിയാൻ. ഏതു മൽസരത്തിൽ പങ്കെടുത്താലും ഒന്നാമതെത്തുന്ന ഈ 15കാരൻ ഹൈസ്കൂൾ വിഭാഗം മാപ്പിള പാട്ട് മൽസരത്തിലും എഗ്രേഡ് നേടി. കുടുംബ പ്രാരാബ്ദങ്ങളും പ്രയാസങ്ങളും മനസ്സിലൊതുക്കി സ്വന്തം വീടെന്ന സ്വപ്നവുമായാണ് ഈ കൊച്ചു മിടുക്കൻ വേദികളിൽ പാടുന്നത്.
സംസ്ഥാന കലോൽസവത്തിൽ കഴിഞ്ഞ തവണയും എ ഗ്രേഡ് ലഭിച്ചിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ഉഹ്ദ് കിസയിലെ ‘അടലിടയിൽ എമ്പിയനേ, അർഷരണിൽ തന്ത സെയ്ഫ് അധികമേ ഉശങ്കിയതുമായ്’ എന്ന പാട്ടാണ് പാടിയത്. കുഞ്ഞിലേ തന്നെയും സഹോദരനെയും മാതാവിനെയും പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ബന്ധുക്കളുടെ തണലിലായിരുന്നു വിദ്യാഭ്യാസം. അഞ്ചാം ക്ലാസ് മുതൽ മാപ്പിളപ്പാട്ടുകൾ പാടുമായിരുന്നു. യുട്യൂബിൽ പാടിയ പറുദീസയിലെ മുല്ലക്ക് 13 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചിരുന്നു. സഹോദരൻ സിനാനും സംസ്ഥാന കലോൽസവത്തിൽ ഗ്രേഡ് നേടിയിട്ടുണ്ട്. വാടക വീട്ടിൽ കഴിയുന്ന മഹ്ഫൂസ് റിഹാന് ഒറ്റ സ്വപ്നം മാത്രമാണുള്ളത്. പാട്ടിലൂടെ ഒരു വീട്.
പുതിയ തലമുറ എഴുത്തുകാരുടെമാപ്പിളപ്പാട്ടുകളായിരുന്നു മൽസരാർഥികളിൽ ഭൂരിഭാഗവും പാടിയത്. ബദറുദ്ദീൻ പാറന്നൂർ, ഹംസ നരേക്കാവ്, ഫസൽ കൊടുവള്ളി, ഒ. എം.കരുവാരക്കുണ്ട് എന്നിവരുടെ മാപ്പിള ഗാനങ്ങളായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചപ്പെട്ടതായതിനാൽ എല്ലാവരും നന്നായി പാടിയെന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.