മാഹിക്ക് പ്രതീക്ഷയായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി; ഹൃദയാരോഗ്യ കേന്ദ്രം പരിഗണനയിൽ
text_fieldsമാഹി: മാഹി ഗവ. ജനറൽ ആശുപത്രിയിൽ ട്രോമാ കെയർ യൂനിറ്റിന് വേണ്ടി 2007 ൽ ടെൻഡർ ക്ഷണിച്ച് നിർമിച്ച ആറുനില കെട്ടിടം ഇനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാവും. പുതുച്ചേരി ആരോഗ്യ വകുപ്പ് സെക്രട്ടറി പങ്കജ് കുമാർ ഝായുടെ മാഹി സന്ദർശനത്തോടെ ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. 5.33 കോടി രൂപയുടെ പദ്ധതിയാണ് സർക്കാറിലേക്ക് സമർപ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. 2007 സെപ്റ്റംബറിൽ 5.75 കോടി രൂപക്കാണ് ടെൻഡർ ഉണ്ടാക്കിയതെങ്കിലും മദ്രാസ് ഹൈകോടതിയിൽ തുക വർധിപ്പിക്കാൻ ഹരജി നൽകിയതിനെ തുടർന്ന് ടെൻഡർ എക്സ്റ്റൻഷനടക്കം 7.76 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വീണ്ടും പ്രവൃത്തി നീണ്ടുപോയി. തുടർന്ന് 2017ൽ 70 ശതമാനത്തോളം പണി പൂർത്തിയായ നിർദിഷ്ട ട്രോമാ കെയർ സെന്ററിന്റെ താഴത്തെ നിലയിൽ കോവിഡ് കാലത്ത് ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിച്ചിരുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമായാൽ ഒരു നില ഹൃദയാരോഗ്യ വിഭാഗമായി പ്രവർത്തിക്കും.
സ്വകാര്യ മേഖലയുമായി കൈകോർത്താണ് ഇവിടെ ഹൃദയ ശസ്ത്രക്രിയയുൾപ്പെടെയുള്ള നൂതന ചികിത്സകൾ തുടങ്ങുക. ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാരെയുൾപ്പെടെ നിയമിക്കാനുള്ള കൂടിക്കാഴ്ച ഇതിനകം പൂർത്തിയായിട്ടുണ്ട്. 10 ദിവസത്തിനകം ഇവരുടെ നിയമന നടപടികൾ ആരംഭിക്കും.
ഓൺലൈൻ ഒ.പി ബുക്കിങ് രീതി ആശുപത്രിയിൽ ഉടൻ നടപ്പിൽ വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധിപ്പിച്ച് ഇ- ഫാർമസി നിലവിലുണ്ട്. തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രി ഇ. ഹോസ്പിറ്റൽ സമ്പ്രദായത്തിലേക്ക് കുതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.