മഹിജയും ശ്രീജിത്തും ആരോഗ്യനില വീണ്ടെടുക്കുന്നു
text_fieldsതിരുവനന്തപുരം: നിരാഹാരം അവസാനിപ്പിച്ച് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെയും അമ്മാവൻ ശ്രീജിത്തിെൻറയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. രണ്ടുദിവസം കൂടി ചികിത്സ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്തശേഷം മാത്രമായിരിക്കും ഇവരെ ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്യുക.
കാലിനുള്ള വേദനയും ചെറിയ തലചുറ്റലും ഒഴിച്ചാൽ ശ്രീജിത്തിെൻറ ആരോഗ്യനില മെച്ചെപ്പട്ടിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലായിട്ടുണ്ട്. അതിനാൽ മിക്കവാറും ചൊവ്വാഴ്ചത്തെ പരിശോധനക്കു ശേഷം ആശുപത്രിയിൽ തുടരണോയെന്നതിൽ തീരുമാനമെടുക്കും. മഹിജ രണ്ട് ദിവസംകൂടി തീവ്രപരിചരണവിഭാഗത്തിൽ കഴിയേണ്ടിവരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷർമദ് പറഞ്ഞു. മൂന്നുമാസമായി ദ്രവരൂപത്തിലുള്ള ആഹാരം മാത്രം കഴിക്കുന്നതിെൻറ പ്രശ്നങ്ങളും ഉണ്ട്. കഞ്ഞിയും മറ്റ് ലഘുഭക്ഷണങ്ങളും നൽകി ശാരീരികാവസ്ഥ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഖരരൂപത്തിലെ ആഹാരം പെട്ടെന്നു കഴിച്ചുതുടങ്ങുന്നത് ആന്തരികരക്തസ്രാവത്തിന് കാരണമായേക്കാം.
മരുന്നും ഡ്രിപ്പും ഒഴിവാക്കി നിരാഹാരം നടത്തിയതിനെത്തുടർന്ന് മഹിജക്ക് സംഭവിച്ച മൂത്രോൽപാദനം ഭാഗികമായി നിലക്കുന്ന ‘കീറ്റോഅസിഡോസിസ്’ അവസ്ഥ മാറിയിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാവുന്നുണ്ട്. ഇ.സി.ജി, രക്തസമ്മർദം എന്നിവ സാധാരണനിലയിലാണ്. ക്രിയാറ്റിൻ, സോഡിയം എന്നിവയുടെ അളവിലുള്ള വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളത്. സർക്കാറിെൻറ ഉറപ്പുകളെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ജിഷ്ണുവിെൻറ ബന്ധുക്കൾ നിരാഹാരസമരം അവസാനിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവർ ആശുപത്രിയിൽ ഇവരെ സന്ദർശിച്ചു. കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചു.
മകൻ ജിഷ്ണുവിെൻറ മരണത്തിനിടയാക്കിയ മറ്റു പ്രതികളെക്കൂടി ഉടൻ പിടികൂടണമെന്നും സമരത്തിൽ തങ്ങൾക്കൊപ്പം നിന്നവരെ പുറത്തുവിടണമെന്നും മഹിജ നേതാക്കളോട് അഭ്യർഥിച്ചു. സർക്കാർ മഹിജയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി ശൈലജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.