ട്രാൻസ് വനിതകൾക്ക് വാതിൽ തുറന്ന് മഹിള അസോസിയേഷൻ
text_fieldsതിരുവനന്തപുരം: ട്രാന്‍സ്വനിതകൾക്കുമുന്നിൽ വാതിൽ തുറന്ന് ഇടത് വനിതാ സംഘടന ജനാധിപത്യ മഹിള അസോസിയേഷൻ. ട്രാന്‍സ് വനിതകള്‍ക്കും ഇനി സംഘടനയിൽ അംഗത്വമെടുക്കാം. ഇതുസംബന്ധിച്ച ഭരണഘടന ഭേദഗതിക്ക് 13ാം ദേശീയ സമ്മേളനം അംഗീകാരം നൽകി.
ട്രാന്‍സ്വനിതകളുള്‍പ്പെടെ 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രീക്കും പ്രസ്ഥാന ലക്ഷ്യങ്ങളോട് ഐക്യപ്പെടുകയാണെങ്കിൽ അംഗത്വത്തിന് അർഹതയുണ്ടെന്നാണ് ഭേദഗതി. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നേരത്തേ തന്നെ ട്രാൻസ് വിഭാഗത്തിൽപെട്ടവരെ അംഗങ്ങളായി സ്വീകരിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം ട്രാൻസ് വനിതയാണ്.
ലിംഗപദവി നീതി ഉയർത്തിപ്പിടിക്കുന്നതിന്‍റെ ഭാഗമായാണ് ഭരണഘടന ഭേദഗതിയെന്ന് മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് യു. വാസുകി പറഞ്ഞു. ട്രാൻസ് വനിതകളുടെ പ്രശ്നങ്ങളുമായി മഹിള അസോസിയേഷൻ നേരത്തേ തന്നെ ഇടപെട്ടിട്ടുണ്ട്. അവരുടെ കൂട്ടായ്മകളുടെ വിവിധ സംസ്ഥാനങ്ങളിൽ മഹിള അസോസിയേഷന് അടുത്ത ബന്ധമുണ്ട്.
രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം കൊണ്ടുവന്നത് കേരളമാണ്. അതിനുപിന്നിലുള്ള ചർച്ചകളിൽ മഹിള അസോസിയേഷനും പങ്കാളിയാണ്. ട്രാൻസ്വനിതകൾ സംഘടനക്കുള്ളിലേക്ക് വരുന്നതോടെ അവരുടെ പ്രശ്‌നങ്ങൾ അടുത്തറിയാനും ഇടപെടാനും കഴിയുമെന്ന് വാസുകി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് ആറു റിപ്പോർട്ടുകൾ സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. ഇതനുസരിച്ചുള്ള പ്രക്ഷോഭ, കർമപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡന്‍റ് മാലിനി ഭട്ടാചാര്യ പറഞ്ഞു. ഹിന്ദുരാഷ്ട്രം അടിച്ചേല്‍പിക്കുന്നതിനെതിരെ എല്ലാ വിഭാഗം സ്ത്രീകളെയും ഒരുമിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം തിങ്കളാഴ്ച സമാപിക്കും. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും തിങ്കളാഴ്ചയുണ്ടാകും. പി.കെ. ശ്രീമതി ദേശീയ പ്രസിഡന്‍റാകുമെന്നാണ് സൂചന. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കെ. ശ്രീമതി നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്‍റാണ്. സമാപന സമ്മേളനം വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.