കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിള കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
text_fieldsകോട്ടയം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച മഹിള കോൺഗ്രസ് കോട്ടയം ജില്ല സെക്രട്ടറി ഡോ. ജെസിമോൾ മാത്യുവിന് സസ്പെൻഷൻ. അഞ്ചുദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ചെന്ന് പറയുന്ന വ്യക്തിയെ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറാക്കിയതിനെതിരെ ജെസിമോൾ വാർത്തസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്‍റ് പി.വി. ജോയിക്കെതിരെയായിരുന്നു പ്രതികരണം. ഔദ്യോഗിക പദവിയിലിരിക്കെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ജോയിയെന്നായിരുന്നു ജെസിമോളുടെ ആരോപണം. ആരോപണവിധേയനെ മണ്ഡലം പ്രസിഡന്‍റാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ കടുംപിടിത്തം പിടിച്ചെന്നും പിന്നിലെ ദുരുദ്ദേശ്യത്തെക്കുറിച്ച് അറിയില്ലെന്നും അവർ ആരോപിച്ചിരുന്നു.
ജോയിക്കെതിരെ എ.ഐ.സി.സി പ്രസിഡന്‍റ്, എ.ഐ.സി.സി സെക്രട്ടറി താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിവർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജോയിയെ മണ്ഡലം പ്രസിഡന്‍റാക്കാനുള്ള നീക്കമുണ്ടായപ്പോള്‍ തന്നെ കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയെ നേരില്‍ കണ്ടിരുന്നു. എന്നാല്‍, കെ.പി.സി.സി തലത്തിലെ അച്ചടക്കലംഘനമാണ് തനിക്ക് നോക്കാനുള്ളതെന്നും ലോക്കല്‍ പരാതികള്‍ പറ്റില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചെന്നും ജെസിമോള്‍ മാത്യു ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.