മുതലപ്പൊഴിയിൽ പ്രതിഷേധിച്ചത് മഹിള കോൺഗ്രസ് നേതാക്കൾ; മന്ത്രിമാർ സമയോചിമായി ഇടപെട്ടെന്ന് ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിൽ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്നും മഹിള കോൺഗ്രസ് ജില്ല അധ്യക്ഷ ഉൾപ്പെടെ നാലു സ്ത്രീകളാണ് പ്രതിഷേധിച്ചതെന്നും മന്ത്രി ആന്‍റണി രാജു. പ്രതിഷേധിച്ചവർ നാട്ടിലുള്ളവരോ മരണപ്പെട്ടവരുടെ ബന്ധുക്കളോ അല്ല. മന്ത്രിമാർ സമയോചിമായ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിൽ കോൺഗ്രസുകാരും മത്സ്യത്തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടാകുമായിരുന്നു. തീരപ്രദേശത്ത് സംഘർഷം ഉണ്ടാക്കാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നും ആന്‍റണി രാജു ആരോപിച്ചു.
മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്ത സംഭവത്തിലാണ് മുതലപ്പൊഴിയിൽ സംഘർഷമുണ്ടായത്. സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞത് സംഘർഷാവസ്ഥക്കും ഇടയാക്കി. വികാരി ജനറൽ ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിലാണ് സംഘർഷമുണ്ടാക്കാൻ ശ്രമം നടന്നതെന്ന് മന്ത്രി ശിവൻകുട്ടി തുറന്നടിച്ചു. എന്നാൽ, ഫാദർ യൂജിൻ പെരേര നിഷേധിച്ചു.
ഉച്ചക്ക് ഒരു മണിയോടെയാണ് ബോട്ടപകടം ഉണ്ടായ സ്ഥലത്തേക്ക് പോകാനായി മന്ത്രിമാർ എത്തിയത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്തുവെച്ച് മൂന്ന് മന്ത്രിമാർക്ക് നേരെയും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമുണ്ടായി. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ ‘ഷോ വേണ്ടെ’ന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകട പ്രദേശത്തേക്ക് പോകാതെ മന്ത്രിമാർ മടങ്ങി.
മത്സ്യബന്ധന വള്ളം മറിഞ്ഞ് പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ (40) ആണ് മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ ബിജു, മാൻറസ്, ബിജു എന്നിവരെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആൻറണി ലോപ്പസിന്‍റെ ഉടമസ്ഥതയിലുള്ള ‘പരലോകമാതാ’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.