പത്ത് വർഷത്തിനുള്ളിൽ പകുതിയും വനിതാ മുഖ്യമന്ത്രിമാരാകണം -രാഹുൽ ഗാന്ധി
text_fieldsകൊച്ചി: ആയിരക്കണക്കിന് ശുഭ്രവസ്ത്രധാരികളായ വനിതകളെ സാക്ഷിയാക്കി കൊച്ചി മറൈൻഡ്രൈവിൽ മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കൺവെൻഷൻ ‘ഉത്സാഹ്’ രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ 50 ശതമാനം മുഖ്യമന്ത്രിമാരും വനിതകളാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ഇതാവണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ തലങ്ങളിലും തുല്യ പങ്കാളിത്തമുണ്ടാവുകയെന്നതാണ് കോൺഗ്രസ് നയം.
നാടിന് ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകാൻ താഴെത്തട്ടിലുള്ള നിരവധി വനിതകൾകൂടി പ്രവർത്തിക്കേണ്ടതുണ്ട്. കോൺഗ്രസിനിപ്പോൾ ഒരു വനിതാ മുഖ്യമന്ത്രിയില്ല, എന്നാൽ അതാവാൻ യോഗ്യതയുള്ള ഒരുപാട് വനിതകളുണ്ട്.
അധികാരത്തിന്റെ എല്ലാ ഘടനകളിലും സ്ത്രീകൾ മുന്നിലുണ്ടാകണമെന്ന് കോൺഗ്രസിന് നിർബന്ധമുണ്ട്, എന്നാൽ ആർ.എസ്.എസ് ഇതിന് നേർവിപരീതമാണ്. അവരുടെ സംഘടനാതലത്തിൽ സ്ത്രീകളുണ്ടെങ്കിലും അധികാരം പങ്കുവെക്കുന്നതിൽ സ്ത്രീകളുണ്ടോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എം.പി അധ്യക്ഷത വഹിച്ചു.
എ.ഐ.സി.സി ജന. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, ജന. സെക്രട്ടറി ഷമീന ഷഫീഖ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാരായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളിൽ, ചാണ്ടി ഉമ്മൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.