മഹിള പ്രധാൻ ഏജൻറുമാർ തപാൽ വകുപ്പിലേക്ക്
text_fieldsതൃശൂർ: സംസ്ഥാനത്തെ മഹിള പ്രധാൻ ഏജൻറുമാർ വഴിയുള്ള ലഘുനിേക്ഷപ പദ്ധതികൾ പൂർണമായും പോസ്റ്റ് ഓഫിസുകൾക്ക് കീഴിലാക്കാൻ കേന്ദ്ര ധനമന്ത്രാലയം.
ദേശീയ സമ്പാദ്യപദ്ധതി വഴിയുള്ള ലഘുനിക്ഷേപ സമാഹരണം ഏറ്റെടുത്താലുള്ള നേട്ടവും കോട്ടവും ജൂലൈ പത്തിന് മുമ്പ് വിശദമാക്കാൻ കേന്ദ്ര ധനമന്ത്രാലയം തപാൽ വകുപ്പിനോട് നിർദേശിച്ചു.
സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന മഹിള പ്രധാൻ ഏജൻറുമാരെയും എസ്.എ.എസ് (സ്റ്റാൻഡേർഡൈസ്ഡ് ഏജൻസി സിസ്റ്റം) ഏജൻറുമാരെയും പ്രതികൂലമായി ബാധിക്കുന്നതാണ് നീക്കം.
നിലവിൽ നിക്ഷേപങ്ങളുടെ കമീഷൻ തുകയായി നാല് ശതമാനവും മറ്റ് സേവനങ്ങളുടെ അധിക ആനുകൂല്യമായി സംസ്ഥാന സർക്കാർ നൽകുന്ന അഞ്ചേകാൽ ശതമാനവുമാണ് ഏജൻറുമാർക്ക് ലഭിക്കുന്നത്. സർക്കാറിന് കീഴിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
ഏജൻറുമാർ പോസ്റ്റ് ഓഫിസുകൾക്ക് കീഴിലാകുന്നതോടെ സംസ്ഥാനം നൽകുന്ന ആനുകൂല്യങ്ങളില്ലാതാകുമെന്നാണ് ആശങ്ക. ലഘുനിക്ഷേപ പദ്ധതി പരിഷ്കാരങ്ങൾക്കായി രൂപവത്കരിച്ച ശ്യാമള ഗോപിനാഥൻ കമ്മിറ്റി, മഹിള പ്രധാൻ ഏജൻറുമാരെ പോസ്റ്റ് ഓഫിസുകൾക്ക് കീഴിലാക്കണമെന്നും സേവിങ്സ് ബാങ്ക് എന്ന പ്രത്യേക കമ്പനി രൂപവത്കരിക്കണമെന്നും കേന്ദ്ര ധനമന്ത്രാലയത്തോട് നിർദേശിച്ചിരുന്നു.
എന്നാൽ, പ്രതിഷേധങ്ങളെത്തുടർന്ന് നടപ്പാക്കൽ മരവിപ്പിച്ചിരുന്നു. മഹിള പ്രധാൻ ഏജൻറുമാരെ നിയമിക്കുന്നതും ക്ഷേമപദ്ധതികൾ, ചികിത്സ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ നൽകുന്നതും സംസ്ഥാന സർക്കാറാണ്.
70 വയസ്സുവരെ മഹിള പ്രധാൻ ഏജൻറുമാർക്ക് ആനുകൂല്യത്തോടെ ജോലി ചെയ്യാൻ അവസരമുണ്ട്. അത് കഴിഞ്ഞാൽ കമീഷൻ വ്യവസ്ഥയിൽ ജോലിചെയ്യാം. പോസ്റ്റ് ഓഫിസിന് കീഴിലാകുന്നതോടെ കേന്ദ്ര മാനദണ്ഡമനുസരിച്ച് 60 ൽ വിരമിക്കേണ്ടിവരും.
ഇത് നടപ്പാകുകയാണെങ്കിൽ നിലവിലെ 40 ശതമാനം ഏജൻറുമാർക്ക് ജോലി നഷ്ടപ്പെടുമെന്ന് നാഷനൽ സേവിങ്സ് ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി എസ്. സുരേഷ്കുമാർ പറഞ്ഞു.
2012നുശേഷം പുതിയ ഏജൻറുമാരെ നിയമിച്ചിട്ടില്ല. നല്ല ശതമാനം പേരും പ്രായപരിധിക്ക് പുറത്താവും. നടപടിക്കെതിരെ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.പി. പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.