തലശ്ശേരി ഇരട്ടക്കൊല കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsകണ്ണൂർ: തലശ്ശേരിയിൽ ലഹരി വിൽപന ചോദ്യം ചെയ്തതിന് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. പാറായിൽ ബാബുവിനെയാണ് ഇരിട്ടിയിൽ വെച്ച് അറസ്റ്റ് അറസ്റ്റ് ചെയ്തത്. പാറായി ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേരത്തേ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. തലശ്ശേരി നെട്ടൂർ സ്വദേശികളായ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബാബുവിനെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
കൊടുവള്ളി ദേശീയപാതക്കരികിൽ ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സി.പി.എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബ് (29) തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ബാബുവും ജാക്സണുമാണ് കുത്തിയതെന്നാണ് ഖാലിദിന്റെ മരണ മൊഴി.
ലഹരി വിൽപന ചോദ്യം ചെയ്തതിന്, കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത് ഒരു സംഘം മർദിച്ചിരുന്നു. ഷബീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് ലഹരി വിൽപന സംഘാംഗങ്ങൾ എത്തുകയും അനുരഞ്ജനത്തിനെന്ന വ്യാജേനെ വിളിച്ചിറക്കി ഇരുവരെയും ആക്രമിക്കുകയുമായിരുന്നു. ലഹരി വിൽപന ചോദ്യം ചെയ്തതും വാഹന വിൽപനയുമായി ബന്ധപ്പെട്ട തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.