കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി കിരൺ അറസ്റ്റിൽ
text_fieldsതൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിലെ ആസൂത്രകനും മുഖ്യപ്രതിയും ഇടനിലക്കാരനുമായ പെരിഞ്ഞനം പള്ളത്ത് കിരൺ (31) അറസ്റ്റില്‍. ബാങ്കില്‍ നടന്ന ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കിരണ്‍ ആണെന്നാണ് കണ്ടെത്തൽ. കിരണിെൻറ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് അവിടെ എത്തും മുമ്പ് ഇയാൾ ആന്ധ്രയിലേക്ക് രക്ഷപ്പെട്ടിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയതോടെ പല സംസ്ഥാനങ്ങള്‍ കടന്ന് ഒടുവിൽ ഡല്‍ഹി വരെയെത്തി.
രഹസ്യമായി കേരളത്തിൽ എത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് കൊല്ലങ്കോട്ടുനിന്നാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബാങ്കില്‍ അംഗത്വം പോലുമില്ലാത്ത കിരണ്‍ സ്വന്തം പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
കിരണിെൻറ അംഗത്വം തെളിയിക്കുന്ന രേഖകളൊന്നും ബാങ്കില്‍നിന്ന് കണ്ടെത്താനായിട്ടില്ല. കിരണിെൻറ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബിനാമി വായ്പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. 22.85 കോടിയുടെ ബാധ്യത കിരൺ മൂലം ബാങ്കിനുണ്ടായി. കിരണിെൻറ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണ് പല വായ്പകളും. ഇവക്കൊന്നും കൃത്യമായ ഈടു രേഖകളില്ല. ഓഡിറ്റിനിടെ പരിശോധന സംഘം കിരണിനോട് വിവരങ്ങൾ തേടിയിരുന്നെങ്കിലും ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ല.
എന്നാൽ, ഇയാളുടെ ഇതര ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് ദേശസാത്കൃത ബാങ്കുകളിൽനിന്ന് കോടികൾ വ്യാജ രേഖകൾ ഉപയോഗിച്ചും മറ്റ് പലരുടെ പേരുകളിലും വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
കിരൺ കൂടി പിടിയിലായതോടെ മുന്‍ ഭരണസമിതിയിലെ രണ്ട് വനിത അംഗങ്ങള്‍ ഒഴികെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇയാളെ പിടികൂടാനാവാത്തതിൽ പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.