മുഖ്യധാരാ മാധ്യമങ്ങൾ ഫാഷിസത്തിന്റെ ആർമി, കേരളത്തെ തകർക്കാൻ ചിലർ വരുന്നുണ്ട് -അരുന്ധതി റോയി
text_fieldsദ്വാരക (വയനാട്): മുഖ്യധാരാ മാധ്യമങ്ങൾ ഫാഷിസത്തിന്റെ ആർമിയായി മാറിയതായും ഇതിനെ പ്രതിരോധിക്കാൻ ബദൽ മാധ്യമങ്ങളുടെ സാധ്യത തേടണമെന്നും പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. മാനന്തവാടി ദ്വാരകയിൽ ആരംഭിച്ച പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിൽ 'പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും' എന്ന തലക്കെട്ടിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസുമായി സംഭാഷണം നടത്തുകയായിരുന്നു അവർ.
‘ഇത്തരം ഒരു സാഹചര്യത്തിന് കാരണം മാധ്യമങ്ങളും ഭരണകൂടവും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചതിനാലാണ്. രാജ്യം നടത്തുന്നത് നാലു പേരാണ്. രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നു എന്നാണ് ഇതേക്കുറിച്ച് പറയാനുള്ളത്. സമൂഹമാധ്യമങ്ങളുടെ സമ്പൂർണ നിയന്ത്രണവും ഭരണകൂടം ഏറ്റെടുത്തു കഴിഞ്ഞു.
നമ്മൾ അപകടകരമായ സാഹചര്യത്തിലുള്ളതിന് കാരണം മുഖ്യധാരാ മാധ്യമങ്ങളാണ്. ഇതിൽ നിന്ന് കരകയറാൻ മാധ്യമങ്ങളുടെ സഹായം ലഭിക്കില്ല. ഡൽഹിയിൽ നിന്ന് ഫാഷിസത്തെ പ്രതിരോധിക്കുമ്പോൾ അവിടെയുണ്ടാകുന്ന ഭയം വളരെ വലുതാണ്. ഒരുമിച്ച് ഉണ്ടായിരുന്നവരിൽ പലരും ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഡൽഹി ഉൾപ്പെട്ട വടക്കേയിന്ത്യയിൽ എപ്പോൾ വേണമെങ്കിലും ആരു വേണമെങ്കിലും കൊല്ലപ്പെടുകയോ ആൾകൂട്ട ആക്രമണത്തിന് വിധേയമാവുകയോ ചെയ്യാം.
കേരളം ഇതുവരെ ഫാഷിസത്തെ പ്രതിരോധിച്ചു എന്നതിൽ സന്തോഷമുണ്ട്. എന്നാൽ നമ്മൾ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഫാഷിസത്തെ ഇതുവരെ പ്രതിരോധിച്ച കേരളത്തെ തകർക്കാൻ ചിലർ വരുന്നുണ്ട്. അവർ ഏതുവിധേനയും തകർക്കാൻ ശ്രമിക്കും. അതിനാൽ അതിനെ പ്രതിരോധിക്കാൻ നമ്മൾ ഒരുങ്ങി നിൽക്കണം.
ഞാൻ കരുതുന്നത് കേരളം ഇപ്പോഴും സുരക്ഷിതമാണെന്നാണ്. തെരഞ്ഞെടുപ്പു സംവിധാനങ്ങളെയും മാധ്യമങ്ങളെയും ഭരണകൂടം അവരുടെ താത്പര്യത്തിനനനുസരിച്ച് ഉപയോഗിക്കുകയാണ്. ബി.ജെ.പിയെ പിന്തുണക്കുന്ന 'ക്രിസംഘി'കൾ ഇവിടെയുണ്ടാകും. സിറിയൻ ക്രിസ്ത്യൻ ബിഷപ്പാണ് ലൗ ജിഹാദ് എന്ന വാക്കുപയോഗിച്ചത്. ഇവരൊക്കെ ഒരു കാര്യമോർക്കണം, ഒരു വർഷത്തിനിടെ ഉത്തരേന്ത്യയിൽ മുന്നൂറിലധികം ക്രിസ്ത്യൻ പള്ളികൾക്ക് നേരെയാണ് ആക്രമണമണമുണ്ടായത്. നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലും സൂക്ഷ്മത പുലർത്തണം’ - അരുന്ധതി റോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.