അറ്റകുറ്റപ്പണി; കോട്ടയം റൂട്ടില്‍ ട്രെയിൻ ഗതാഗതം തകരാറിലായി
text_fieldsകോട്ടയം: ചിങ്ങവനം യാര്‍ഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കോട്ടയം റൂട്ടില്‍ ട്രെയിൻ ഗതാഗതം അവതാളത്തിലായി. ദീർഘദൂര ട്രെയിനുകളടക്കം അഞ്ചുമണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടത്. രാവിലെ ജോലിക്കാരും വിദ്യാർഥികളുമടക്കമുള്ളവർ ഏറെ നേരം ട്രെയിനുകളിൽ കുടുങ്ങി. ഉച്ചയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
ചൊവ്വാഴ്ച പുലർച്ച 2.40 മുതൽ രാവിലെ 6.40 വരെ നാലുമണിക്കൂർ കോട്ടയം പാതയിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതായതോടെയാണ് തിരക്കേറിയ രാവിലെ സമയത്ത് ഓടുന്ന വന്ദേഭാരതും മറ്റ് എക്സ്പ്രസ് ട്രെയിനുകളും വൈകുന്ന സാഹചര്യമുണ്ടായത്. പുണെ -കന്യാകുമാരി ജയന്തി ഏറ്റുമാനൂർ മെയിൻ ലൈനിൽ പിടിച്ചിട്ട ശേഷം ചെന്നൈ -തിരുവനന്തപുരം മെയിൽ ലൂപ്പ് ലൈൻ വഴി കയറ്റി വിടുകയായിരുന്നു. വന്ദേഭാരത് സിഗ്നൽ കാത്ത് ചിങ്ങവനം സ്റ്റേഷനിൽ ഏറെനേരം കിടന്നു. തിരുവനന്തപുരത്തേക്കുള്ള മലബാര്‍, വഞ്ചിനാട് എക്സ്പ്രസുകളും വൈകി. രാവിലെ 6.25ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട വഞ്ചിനാട് 7.15നാണ് പോയത്. 7.55നു പോകേണ്ട ചെന്നൈ മെയിൽ 8.48നാണ് പുറപ്പെട്ടത്. 8.38ന് പുറപ്പെടേണ്ട കന്യാകുമാരി 10.41നും. എന്നാൽ പണികൾ തീരാത്തത് സംബന്ധിച്ച അറിയിപ്പ് നല്‍കിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ശനിയാഴ്ച രാത്രിയും യാർഡിൽ അറ്റകുറ്റപ്പണിയുണ്ട്. രാത്രി 8.45മുതൽ 12.45 വരെയാണ് നിലവിൽ സമയം നിശ്ചയിച്ചിട്ടുള്ളത്. ട്രെയിനുകൾ വൈകിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ദീർഘദൂര ട്രെയിനുകളിലുള്ളവരാണ് ശരിക്കും പെട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.