കെൽട്രോണിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ വൻക്രമക്കേട്
text_fieldsകോട്ടയം: കെൽട്രോണിലെ 296 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭ തീരുമാനം നിയമവിരുദ്ധം. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്നാണ് നിയമനം.തുടർച്ചയായി 10 വർഷമോ അതിൽ കൂടുതലോ 'ദിവസ വേതന അടിസ്ഥാനത്തിൽ' ജോലി ചെയ്യുന്ന താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താമെന്ന നിയമത്തിെൻറ മറവിലാണ് അനധികൃത സ്ഥിരപ്പെടുത്തൽ. സ്ഥിരപ്പെടുത്താനുള്ള ലിസ്റ്റിൽ ഉൾപ്പെട്ട 296 പേരിൽ ഒരാൾപോലും തുടർച്ചയായി 10 വർഷം സേവനം പൂർത്തിയാക്കിയവരല്ലെന്ന് നിയമനത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
കരാർ ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്ന ദിവസം 100 രൂപയുടെ രണ്ട് മുദ്രപ്പത്രത്തിൽ കെൽട്രോണിെൻറ നിയമവ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരാറിൽ ഒപ്പിടുകയാണ് ചെയ്യുന്നത്. ഇൗ കാലാവധി കഴിയുമ്പോൾ ഇവർ പിരിയും. പിന്നീട്, ഏതാനും ദിവസങ്ങൾക്കുശേഷം പുതിയ കരാർ ഒപ്പിട്ടാണ് നിയമനം. 2014, 2015, 2020 വർഷങ്ങളിൽ കെൽട്രോണിലെ വിവിധ തസ്തികകളിലായി 300ലേറെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു.
2014ലെ അപേക്ഷകരിൽ ഏതാനും പേർക്ക് നിയമനം നൽകിയശേഷം നടപടികൾ അവസാനിപ്പിച്ചു. വർഷങ്ങളായി നൂറുകണക്കിന് ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് പരിശോധനവരെ പൂർത്തിയാക്കി ജോലി പ്രതീക്ഷിച്ച് നിൽക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ പ്യൂൺ, ടൈപിസ്റ്റ്, േഡറ്റ എൻട്രി ഓപറേറ്റർ, ക്ലർക്ക് മുതലായ തസ്തികകളിലെ നിയമനം പി.എസ്.സിക്ക് വിട്ടതാണ്.
കെൽട്രോണിൽ ഈ ഒഴിവുകളിൽപോലും അനധികൃത നിയമനം നടത്തുന്നതോടെ കമ്പനി, കോർപറേഷൻ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതീക്ഷയുമാണ് അവസാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്തുേമ്പാൾ പാലിക്കേണ്ട സംവരണക്രമവും പിൻവാതിൽ നിയമനത്തിൽ അട്ടിമറിക്കപ്പെടുകയാണ്.
ഭരണകക്ഷിയുമായി ബന്ധമുള്ളവർ, കെൽട്രോണിലെ ഉന്നതരുടെ സ്വന്തക്കാർ തുടങ്ങിയവർക്ക് ജോലി നൽകാനാണ് നിയമവിരുദ്ധമാർഗം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. വ്യവസായവകുപ്പുമായി ബന്ധമുള്ള ഉന്നത നേതാവാണ് പിന്നിലെന്നും സ്ഥിരനിയമനം ലഭിക്കുന്നവർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന കരാറിലാണ് ഇടനിലക്കാരനായതെന്നും നിയമനത്തെ എതിർക്കുന്നവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.