അഗ്നിപഥിനെതിരെ മേജർ രവി: 'തീവ്രവാദികൾ ട്രെയിനിങ് നേടാൻ സാധ്യത; ബിഹാറിലെ സംഘർഷത്തിന് പിന്നിൽ മാഫിയ'
text_fieldsകൊച്ചി: കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ സംവിധായകൻ മേജർ രവി. ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൈന്യത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും മേജർ രവി സ്വകാര്യ ചാനലിനോട് പറഞ്ഞു.
കുറഞ്ഞ കാലം കൊണ്ട് ടെക്നിക്കൽ മികവ് ഉണ്ടാക്കിക്കൊടുക്കാൻ പറ്റില്ല. നാലു വർഷത്തേക്ക് സൈന്യത്തിൽ ആരൊക്കെ വരുമെന്നതും ചോദ്യമാണ്. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഇതിലേക്ക് വന്ന് നാല് വർഷത്തെ ട്രെയിനിങ് കഴിഞ്ഞ് പുറത്തേക്ക് പോയാൽ അപകടമാവും. പെൻഷൻ കൊടുക്കേണ്ട എന്നതാണ് മെച്ചമായി കാണുന്നതെങ്കിൽ നാല് വർഷത്തെ വേതനവും തിരിച്ചു വരുമ്പോൾ നൽകുന്ന തുകയും കൂട്ടിയാൽ 33 ലക്ഷം രൂപ ഒരു സൈനികന് ചെലവ് വരുമെന്ന് മേജർ രവി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെ പിന്തുണക്കുന്നയാളാണെങ്കിലും അഗ്നിപഥിൽ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നതെന്നും മേജർ രവി അഭിപ്രായപ്പെട്ടു. ഇതിനകത്ത് ഗൗരവമായ ചർച്ച നടത്തേണ്ടത് വിരമിച്ച ആർമി ചീഫുകളും വൈസ് ചീഫുകളുമാണ്. ഇവരൊക്കെ പ്ലാനിങ്ങിൽ അഗ്ര ഗണ്യരാണ്. അവർ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും മറ്റും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേർ സിയാച്ചിനിലോ ഗൽവാൻ മേഖലയിലോ പോയിട്ടുണ്ട്. എല്ലാ ദീപാവലിക്കും അവിടെ പോയിട്ടും പ്രധാനമന്ത്രിക്കിത് മനസിലായില്ലേ. ഒരു പേപ്പർ സമർപ്പിച്ച് ഗുണകരമാണെന്ന് പറഞ്ഞാൽ ഗുണമല്ല ഇതിൽ ദേശീയ സുരക്ഷ ഉൾപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയാൻ ചങ്കൂറ്റമുള്ള സ്റ്റാഫുകൾ കൂടെ വേണമെന്നും മേജർ രവി പറഞ്ഞു.
നാല് വർഷത്തേക്ക് വരുന്നവരിൽ ചിലർക്ക് രണ്ട് മാസം കഴിയുമ്പോൾ മനസ്സിലാവും ഞാനിവിടെ ഫിറ്റാവില്ലെന്ന്. അപ്പോൾ അത്തരക്കാർ ശമ്പളത്തിന് വേണ്ടി മാത്രം അവിടെ ജോലി ചെയ്തേക്കും. ഈ സമയത്ത് ഒരു യുദ്ധം വന്നാൽ എന്ത് ചെയ്യും. മികച്ച യുദ്ധ സമാഗ്രികൾ വേണമെന്നത് ആവശ്യം തന്നെയാണ്. പക്ഷെ ഈ സാമഗ്രികൾ ഉപയോഗിക്കാനുള്ള വൈദഗ്ധ്യം നാല് വർഷത്തക്ക് വരുന്നവർക്ക് ഉണ്ടാവുമോ. ഒരു മിസൈൽ ട്രെയിനിങ്ങിനൊക്കെ ഒരുപാട് സമയമെടുക്കുമെന്നും മേജർ രവി ചൂണ്ടിക്കാട്ടി.
എന്നാൽ പദ്ധതിയോടുള്ള എതിർപ്പിന്റെ പേരിൽ നടക്കുന്ന കലാപ ശ്രമങ്ങളെ അംഗീകരിക്കാൻ പറ്റില്ലെന്നും ബിഹാറിൽ നടക്കുന്ന സംഘർഷത്തിന് പിന്നിൽ അവിടത്തെ പ്രീ റിക്രൂട്ട്മെന്റ് ഏജൻസികളുടെ മാഫിയയാണെന്നും മേജർ രവി പറഞ്ഞു. കലാപം ഉണ്ടാക്കുന്നവരെ ഒരിക്കലും വിടാൻ പറ്റില്ല. നമ്മൾ നികുതി കൊടുക്കുന്ന പൊതുമുതൽ നശിപ്പിക്കുന്നത് ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ പറ്റില്ലെന്നും മേജർ രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.