എന്റെ ഭൂരിപക്ഷം 20,000 കടന്നാൽ അത്രയും വോട്ടുകൾ ബി.ജെ.പി അറിഞ്ഞ് തന്നതായിരിക്കും -പി. സരിൻ
text_fieldsപാലക്കാട്: തന്റെ ഭൂരിപക്ഷം 20000ന് മുകളിലാണെങ്കിൽ അത്രയും വോട്ടുകൾ ബി.ജെ.പി അറിഞ്ഞ് തന്നതായിരിക്കുമെന്ന് പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. കുറച്ച് വോട്ട് ഇടതുമുന്നണിക്ക് കൊടുത്തേക്കാമെന്ന് കെ. സുരേന്ദ്രനോ കെ. കൃഷ്ണകുമാറോ തന്നെ നേരിട്ട് നിർദേശം കൊടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘റിസൾട്ട് വരുമ്പോൾ രണ്ടാമതും മൂന്നാമതും ആര് എന്നത് ജനത്തിന് വിഷയമല്ല. രണ്ട് കൂട്ടരായാലും ഒരു കുഴപ്പവുമില്ല. ജയിപ്പിക്കേണ്ടയാളെ എന്തിന് ജയിപ്പിക്കണമെന്നും എന്ത് കൊണ്ട് ജയിപ്പിക്കണമെന്നും ജനം തീരുമാനിച്ച് നടപ്പാക്കിയിട്ടുണ്ട്. ബി.ജെ.പി ഒന്നാം സ്ഥാനത്തും സരിൻ രണ്ടാം സ്ഥാനത്തും എത്തുമെന്ന കെ. സുരേന്ദ്രന്റെ അവകാശവാദം വളരെ നല്ലകാര്യമാണ്. വളരെ പോസറ്റീവ് ആയി നമ്മളെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നത് വളരെ നല്ല കാര്യമാണ്. അതിലും വായിച്ചെടുക്കേണ്ട ഒരു കാര്യമുണ്ട്. കോൺഗ്രസ് തോൽക്കണമെന്ന് ബി.ജെ.പി തീരുമനിച്ചിട്ടുണ്ടെങ്കിൽ തങ്ങളുടെ രാഷ്ട്രീയവോട്ടുകൾ കൊണ്ട് വിജയിക്കാൻ സാധിക്കില്ല എന്ന് ബി.ജെ.പിക്കറിയാം. അത് കൊണ്ട് കുറച്ച് വോട്ട് എൽ.ഡി.എഫിന് കൊടുത്തേക്കാമെന്ന് കെ. സുരേന്ദ്രനോ കെ. കൃഷ്ണകുമാറോ തന്നെ നേരിട്ട് നിർദേശം കൊടുത്തിട്ടുണ്ടോ എന്നറിയില്ല. റിസൾട്ട് വരുമ്പോൾ എനിക്ക് 20,000ന് മുകളിൽ ഭൂരിപക്ഷമുണ്ടെങ്കിൽ അത്രയും വോട്ടുകൾ ബി.ജെ.പി അറിഞ്ഞ് തന്നതായിരിക്കും. അവർക്ക് ഇത്ര ഉറപ്പാണല്ലോ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്ന്. രാഷ്ട്രീയമായി അറിഞ്ഞ് വോട്ടുചെയ്യുന്ന മനുഷ്യർ 20,000ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തെ ജയിപ്പിക്കും. അതിന് മുകളിൽ പോയാൽ ഇവരുടെ (ബി.ജെ.പി) ഈ കണക്കുകൂട്ടലും കൂടി കൂട്ടി വായിച്ചാൽ മനസിലാകും’ -സരിൻ പറഞ്ഞു.
പാലക്കാട്ട് യു.ഡി.എഫും ബി.ജെപിയും എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്നും സരിന്‍ അവകാശപ്പെട്ടു. അഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ തനിക്ക് പിന്തുണ നല്‍കി. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അറിയിച്ചെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിൻറെ 40,000 രാഷ്ട്രീയ വോട്ടുകൾ പോൾ ചെയ്തുവെന്നും 50000 വോട്ടുകൾ അനായാസം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടെയായിരുന്നു ഈ പ്രതികരണം. പാലക്കാട് ഇത്തവണ 70.51 % ആണ് രേഖപ്പെടുത്തിയ പോളിംഗ് ശതമാനം. 2021 ൽ 73.71 ശതമാനമായിരുന്നു പോളിങ്. അതേസമയം, തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയിൽ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
വിജയിച്ച് കഴിഞ്ഞാല്‍ താൻ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്നും സരിൻ പറഞ്ഞു. ‘പാലക്കാട്ടെ ഈ മുൻ എംഎൽഎയിൽ നിന്നാണല്ലോ ഞാൻ ഈ പുതിയ നിയോഗത്തിലേക്ക് എത്തിയത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെയും പോകും. ഏറ്റവും പ്രധാനപ്പെട്ട നന്ദി പറയാൻ തിരുവനന്തപുരത്തേക്കും പോകണം. ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തുടരുന്നുണ്ടെങ്കില്‍ കന്റോൺമെന്റ് ഹൗസിലേക്കും പോകുമെന്നും സരിൻ പറഞ്ഞു’ -സരിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.