മുന്നേറ്റത്തിനിടയിലും ലീഗിന് കല്ലുകടിയായി ഭൂരിപക്ഷം
text_fieldsമലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായൻ രണ്ടുതവണ 38000ത്തിൽപരം വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ കെ.എൻ.എ. ഖാദറിനെ പോരിനിറക്കുേമ്പാൾ അതേ ഭൂരിപക്ഷം നിലനിർത്താനാവുമെന്ന് മുസ്ലിം ലീഗ് പോലും പ്രതീക്ഷിച്ചിരുന്നില്ല. അന്തിമ വിശകലനത്തിൽ 30,000 വോട്ട് ഭൂരിപക്ഷമാണ് കണക്കുകൂട്ടിയത്. എന്നാൽ, ഖാദറിെൻറ ലീഡ് 23,310ൽ ഒതുങ്ങിയത് തിരിച്ചടിയായി.
റോഡ്ഷോയും മറ്റുമായി കുഞ്ഞാലിക്കുട്ടി മുന്നിൽനിന്ന് തേർ തെളിയിച്ചിട്ടും ഉമ്മൻ ചാണ്ടി ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഭൂരിപക്ഷം ഇത്ര കുറഞ്ഞത് തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നു. കുഞ്ഞാലിക്കുട്ടിയല്ല ഖാദർ എന്ന് എല്ലാവരും സമ്മതിക്കും. എന്നാൽ, ഭൂരിപക്ഷത്തിലെ ഇടിവ് ലീഗ് നേതൃത്വത്തിന് അപ്രതീക്ഷിതമാണ്. സ്ഥാനാർഥി പട്ടികയിൽ അവസാന ഘട്ടത്തിൽ മുന്നിലുണ്ടായിരുന്ന യു.എ. ലത്തീഫിനെ മറികടന്ന് കെ.എൻ.എ. ഖാദർ ടിക്കറ്റ് സ്വന്തമാക്കിയേപ്പാൾതന്നെ ഭൂരിപക്ഷം കുറയുമെന്ന് ലീഗ് നേതൃത്വം കണക്കു കൂട്ടിയിരുന്നു. ഇത് മറികടക്കാനാണ് കുഞ്ഞാലിക്കുട്ടിതന്നെ രംഗത്തെത്തിയത്.
മണ്ഡലത്തിലെ എ.ആർ നഗർ, ഉൗരകം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, കണ്ണമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിൽ അഞ്ചും ഭരിക്കുന്നത് ലീഗാണ്. പറപ്പൂരിൽ മാത്രമാണ് പ്രതിപക്ഷത്ത്. എന്നിട്ടും ഇടതുപാളയത്തിലേക്ക് വോട്ട് ചോർന്നു. ആറു ഗ്രാമപഞ്ചായത്തുകളിലും ലീഡിൽ കുറവുണ്ടായി. സംസ്ഥാന പൊലീസ് ചില വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളും ഭരണവിരുദ്ധ പ്രചാരണങ്ങളും തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി ഭയന്നിരുന്നു. എന്നാൽ, അത്തരം ആശങ്കകളെല്ലാം അസ്ഥാനത്തായി. കഴിഞ്ഞ വർഷത്തേക്കാൾ എൽ.ഡി.എഫിന് 7793 വോട്ട് കൂടി. എല്ലാ പഞ്ചായത്തുകളിലും വോട്ട് നില വർധിപ്പിക്കാനായി. ലീഗിെൻറ ഉറച്ച കോട്ടകളിലൊന്നായ മണ്ഡലത്തിൽ ഇടതു മുന്നേറ്റത്തിന് തിളക്കമേറെയാണ്.
എസ്.ഡി.പി.െഎയുടെ മുന്നേറ്റം വൻ തിരിച്ചടിയാണ് ലീഗിന്. വരുംനാളുകളിൽ അവരുടെ ഉറക്കം കെടുത്തുന്നതും ഇതാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,049 വോട്ടുലഭിച്ച പാർട്ടി 8,648 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയാണ് എതിരാളികളെ ഞെട്ടിച്ചത്. ഹാദിയ വിഷയമടക്കം ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഇടത്, വലത് മുന്നണികൾ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ചും സംഘ്പരിവാർ ഭീതി ചൂണ്ടിക്കാണിച്ചുമാണ് എസ്.ഡി.പി.െഎ പ്രചാരണം നടത്തിയത്. വിഷയങ്ങൾ മണ്ഡലത്തിൽ സ്വാധീനിച്ചതിെൻറ തെളിവാണ് വോട്ടുകളെന്നാണ് അവരുടെ വിലയിരുത്തൽ.
ഹിന്ദു വോട്ടുകളുടെ സമാഹരണം എന്ന അജണ്ടയുമായി രംഗത്തുണ്ടായിരുന്ന ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഫലം. കേന്ദ്ര മന്ത്രിമാരുൾപ്പെടെ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. മുൻ നിശ്ചയത്തിൽനിന്ന് മാറി കുമ്മനത്തിെൻറ ജനരക്ഷായാത്ര വേങ്ങര വഴിയാക്കി. മുൻനിര നേതാക്കളെല്ലാം മണ്ഡലത്തിലെത്തി. കേന്ദ്ര ഭരണ പകിട്ടും ഉണ്ടായിരുന്നു. 2016ൽ 7055 വോട്ടുണ്ടായിരുന്ന പാർട്ടി 5728 വോട്ടിലേക്ക് ചുരുങ്ങി നാലാം സ്ഥാനത്തായത് പാർട്ടിക്ക് ചില്ലറ മാനക്കേടല്ല ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.