മകരവിളക്ക് ഇന്ന്
text_fieldsശബരിമല: തീർഥാടകർക്ക് ആത്മനിർവൃതിയേകി ഞായറാഴ്ച മകരവിളക്ക്. മകരവിളക്കിന് മുന്നോടിയായുള്ള സംക്രമപൂജയും സംക്രമാഭിഷേകവും 1.47ന് നടക്കും. വൈകീട്ട് അഞ്ചിന് മകരവിളക്ക് പൂജക്കായി നടതുറക്കും. അഞ്ചരയോടെ ശരംകുത്തിയിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ എന്നിവർ ചേർന്ന് സന്നിധാനത്തേക്ക് സ്വീകരിക്കും. മാനത്ത് വട്ടമിട്ടുപറക്കുന്ന കൃഷ്ണപ്പരുന്തിെൻറ അകമ്പടിയോട സോപാനത്ത് എത്തുന്ന തിരുവാഭരണ പേടകങ്ങൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് തിരുവാഭരണങ്ങൾ അണിയിച്ച് 6.30ന് ദീപാരാധനക്കായി നടതുറക്കുന്ന വേളയിൽ കിഴക്കേ മാനത്ത് മകരസംക്രമനക്ഷത്രം തെളിയുന്നതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി മൂന്ന് വട്ടം തെളിയും.
അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് മകരവിളക്ക് ദർശനത്തിനായി ഇത്തവണയുമുള്ളത്. ശബരിമലയും പരിസരവും രണ്ടു ദിവസം മുമ്പ് തന്നെ ഭക്തജനസാഗരമായി മാറിക്കഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം മുതൽ മരക്കൂട്ടത്തുനിന്ന് ഭക്തരെ കയറ്റിവിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും മറ്റ് വ്യൂ പോയൻറുകളിലുമായി നാലുലക്ഷത്തോളം ഭക്തർ മകരജ്യോതിദർശനത്തിനായി തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ചാലക്കയം, ഹിൽടോപ്, ശബരീപീഠം, പാണ്ടിത്താവളം, മാളികപ്പുറം, പുല്ലുമേട്, പുതിയ അന്നദാനമണ്ഡപം, ഇൻസിനറേറ്റർ, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം, കെ.എസ്.ഇ.ബി--വനം വകുപ്പ് ഓഫിസ്, ശരംകുത്തി, ഹെലിപാഡ് എന്നിവിടങ്ങളെല്ലാം സുഗമമായ ജ്യോതിദർശനം സാധ്യമാണ്. സുഖദർശനത്തിനുള്ള എല്ലാ സംവിധാനവും ഒരുക്കിയതായി സംയുക്തസേന മേധാവികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.