മകരവിളക്ക്: ഒരുക്കങ്ങളായി
text_fieldsശബരിമല: മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കം പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തെക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഇടുക്കി ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. 1400ഓളം പൊലീസുകാരെയാണ് വിവിധ പോയന്റുകളിൽ നിയോഗിക്കുക.
വള്ളക്കടവിൽനിന്ന് പുല്ലുമേട് ടോപ് വരെ ഓരോ രണ്ടു കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ.സി.യു ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്നത് ജല അതോറിറ്റി പൂർത്തിയാക്കി.
കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും സ്ഥാപിക്കും. ആറ് പോയന്റുകളിൽ അഗ്നിരക്ഷാസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ചസംവിധാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.